സുപ്രീം കോടതി വിധി ക്രിക്കറ്റിന്റെ വിജയമെന്ന് ജസ്റ്റിസ് ആര്‍എം ലോധ

സുപ്രീം കോടതി വിധി  ക്രിക്കറ്റിന്റെ വിജയമെന്ന് ജസ്റ്റിസ് ആര്‍എം ലോധ

 

ന്യൂഡല്‍ഹി: ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂറിനെയും സെക്രട്ടറിയായ അജയ് ഷിര്‍ക്കെയെയും തല്‍സ്ഥാനത്ത് നിന്നും പുറത്താക്കിയ സുപ്രീം കോടതിയുടെ തീരുമാനം ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിജയമാണെന്ന് ജസ്റ്റിസ് ആര്‍എം ലോധ. കഴിഞ്ഞ വര്‍ഷം സുപ്രീം കോടതിയുടെ ഉത്തരവുണ്ടായിരുന്നിട്ടും ബിസിസിഐ പാലിക്കാന്‍ തയാറാകാതിരുന്ന കമ്മീഷന്‍ റിപ്പോര്‍ട്ട് തടസങ്ങളില്ലാതെ ഇനി ക്രിക്കറ്റില്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും ജസ്റ്റിസ് ആര്‍എം ലോധ പറഞ്ഞു.

സംഭവിക്കേണ്ടത് തന്നെയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് എന്ന് അറിയിച്ച ജസ്റ്റിസ് ആര്‍എം ലോധ സുപ്രീം കോടതി വിധി ക്രിക്കറ്റ് ബോര്‍ഡിന് മാത്രമല്ല നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന മറ്റ് കായിക സംഘടനകള്‍ക്ക് കൂടിയുള്ള മുന്നറിയിപ്പാണെന്നും വ്യക്തമാക്കി. ഏതെങ്കിലും വ്യക്തികള്‍ക്കെതിരായ റിപ്പോര്‍ട്ടല്ല ഇതെന്നും ജസ്റ്റിസ് ആര്‍എം ലോധ പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് നല്ല രീതിയില്‍ മുന്നോട്ട് പോകുന്നതിനുള്ള ഘടനാപരമായ മാറ്റമാണ് റിപ്പോര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ജസ്റ്റിസ് ആര്‍എം ലോധ അറിയിച്ചു.

അതേസമയം, ഇന്ത്യന്‍ കായിക മേഖലയിലെ ചരിത്ര പ്രധാനമായ വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ഇന്ത്യന്‍ ടീം മുന്‍ ക്യാപ്റ്റനായ ബിഷന്‍ സിംഗ് ബേദി പ്രതികരിച്ചു. വിധിയെ സ്വാഗതം ചെയ്യുന്നതായും ഇത് ഇന്ത്യന്‍ ക്രിക്കറ്റിന് ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രീം കോടതിയെ ധിക്കരിച്ചതിനുള്ള ശിക്ഷയാണ് അനുരാഗ് താക്കൂറിനും അജയ് ഷിര്‍ക്കെയ്ക്കും ലഭിച്ചിരിക്കുന്നതെന്ന് ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി മുകുള്‍ മുദ്ഗല്‍ അഭിപ്രായപ്പെട്ടു.

അനുരാഗ് താക്കൂറിനെയും അജയ് ഷിര്‍ക്കെയെയും പുറത്താക്കിയതിന് പുറമെ ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസും സുപ്രീം കോടതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജനുവരി 19ന് സുപ്രീം കോടതി വാദം കേള്‍ക്കും. അന്ന് ബിസിസിഐയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്‌തേക്കും. 2013ലെ ഐപിഎല്‍ വാതുവയ്പ് അഴിമതിയെ തുടര്‍ന്ന്, 2015 ജനുവരിയിലാണ് ബിസിസിഐയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി സുപ്രീം കോടതി നിര്‍ദ്ദേശിച്ച പ്രകാരം മുന്‍ ചീഫ് ജസ്റ്റിസ് ആര്‍എം ലോധയുടെ കീഴില്‍ കമ്മിറ്റി രൂപീകരിച്ചത്.

ലോധ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ തയാറാകാത്ത ബിസിസിഐയ്ക്ക് സുപ്രീം കോടതി പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2016 ഒക്ടോബറില്‍ ബിസിസിഐയുടെ ബാങ്ക് അക്കൗണ്ടുകള്‍ സുപ്രീം കോടതി മരവിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന്, ലോധ കമ്മിറ്റിയെ അനുസരിക്കുന്നതിന് കഴിഞ്ഞ മാസം മൂന്നാം തിയതി വരെ സുപ്രീം കോടതി ബിസിസിഐയ്ക്ക് സമയവും അനുവദിച്ചു. എന്നാല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന മുഴുവന്‍ നിര്‍ദ്ദേശങ്ങളും നടപ്പിലാക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു ബിസിസിഐ.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പതിനാറാം തിയതിയായിരുന്നു ലോധ കമ്മിറ്റി നിര്‍ദ്ദേശവുമായി ബന്ധപ്പെട്ട അവസാന വാദം കേള്‍ക്കല്‍ നടന്നത്. തുടര്‍ന്ന്, വിവിധ കരാറുകളുമായി ബന്ധപ്പെട്ട് ബിസിസിഐ നടത്തിയ പണമിടപാടുകള്‍ പരിശോധിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായ ജികെ പിള്ളയെ സുപ്രീം കോടതി നിയമിക്കുകയും ചെയ്തു. എന്നാല്‍, ഇതൊക്കെ അവഗണിച്ച ബിസിസിഐയുടെ നടപടിയാണ് പ്രസിഡന്റിനെയും സെക്രട്ടറിയെയും പുറത്താക്കിക്കൊണ്ടുള്ള കടുത്ത തീരുമാനങ്ങളെടുക്കാന്‍ സുപ്രീം കോടതിയെ പ്രേരിപ്പിച്ചത്.

Comments

comments

Categories: Trending