ആറ് വര്‍ഷത്തിനുശേഷം ലാഭം രേഖപ്പെടുത്തി കണ്‍സ്യൂമര്‍ ഫെഡ്

ആറ് വര്‍ഷത്തിനുശേഷം ലാഭം രേഖപ്പെടുത്തി കണ്‍സ്യൂമര്‍ ഫെഡ്

കോഴിക്കോട്: ആറു വര്‍ഷത്തിനുശേഷം കേരള സ്‌റ്റേറ്റ് കോപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ (കണ്‍സ്യൂമര്‍ ഫെഡ്) ലാഭത്തില്‍. പുതിയ ഭരണസമിതി അധികാരമേറ്റതിനു ശേഷം കഴിഞ്ഞ നാലു മാസത്തില്‍ 23.48 കോടിയാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ ലാഭവിഹിതം. അഴിമതിയും ധൂര്‍ത്തും അവസാനിപ്പിച്ചതും സ്ഥാപനത്തിന്റെ ചെലവു കുറച്ചതും ബിസിനസ് വികസനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചതും ലാഭം നേടാന്‍ സഹായകമായതായി ഭരണസമിതി കണ്‍വീനറായ എം മെഹബൂബ് പറഞ്ഞു.

ഫെഡിന്റെ ഉപയോഗമില്ലാതെ കിടക്കുന്ന വാഹനങ്ങള്‍ ലേലം ചെയ്യാനും സംഭരണശാലകളില്‍ ഉപയോഗശൂന്യമായി കിടക്കുന്ന ഉല്‍പ്പന്നങ്ങള്‍ സംസ്‌കരിക്കാനും നടപടി സ്വീകരിച്ചിരുന്നു. നവീകരണത്തിന്റെ ഭാഗമായി ഓദ്യോഗിക അംഗീകാരമില്ലാതെ ജോലിയില്‍ പ്രവേശിച്ച 2,266 ദിവസവേതനക്കാരായ ജീവനക്കാരെ കണ്‍സ്യൂമര്‍ ഫെഡ് പിരിച്ചുവിട്ടു. കാര്യക്ഷമമായ ധനവിനിമയത്തിലൂടെ ഫെഡിന്റെ വായ്പകളുടെ പലിശ കുറയ്ക്കാന്‍ സാധിച്ചു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സ്ഥാപനം നഷ്ടത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഇക്കാലത്ത് കണ്‍സ്യൂമര്‍ ഫെഡിന്റെ ഉദ്യോഗസ്ഥര്‍ പലരും അഴിമതി കേസില്‍ ഉള്‍പ്പെടുകയും ചെയ്തിരുന്നു. നീതി, ത്രവേണി സ്റ്റോറുകളിലെ കേന്ദ്രീകൃത പര്‍ച്ചേസുകളും ഇ-ടെന്‍ഡര്‍ രീതി സ്വീകരിച്ചതും പര്‍ച്ചേസ് വിഭാഗത്തില്‍ സുതാര്യത ഉറപ്പുവരുത്താന്‍ സഹായിച്ചുവെന്ന് കണ്‍സ്യൂമര്‍ ഫെഡ് എംഡി എം രാമനുണ്ണി അഭിപ്രായപ്പെട്ടു. പ്രാഥമിക സഹകരണ സമൂഹങ്ങളെ ഉള്‍പ്പെടുത്തി പര്‍ച്ചേസ് കമ്മിറ്റി വികസിപ്പിക്കുകയും ഇന്റേണല്‍ ഓഡിറ്റിംഗ് സംവിധാനം നവീകരിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് ബിവറേജസ് വഴിയുള്ള വില്‍പ്പനയിലൂടെ 126.09 കോടിയുടെ വരുമാനമാണ് കണ്‍സ്യൂമര്‍ ഫെഡ് നേടിയത്. നീതി മെഡിക്കല്‍ സ്റ്റോറുകള്‍ ഉള്‍പ്പെടയുള്ള മറ്റ് സംരംഭങ്ങള്‍ വഴി 3.48 കോടിയും സ്ഥാപനം സമ്പാദിച്ചു. സര്‍ക്കാര്‍ സഹായമൊന്നും ഇല്ലാതെയാണ് കണ്‍സ്യൂമര്‍ ഫെഡ് ഈ നേട്ടം കൈവരിച്ചതെന്നും സബ്‌സിഡിയറി കൂടി അനുവദിച്ചു കിട്ടുന്നതോടെ ലാഭം ഇനിയും വര്‍ധിക്കുമെന്നും എം മെഹബൂബ് പറഞ്ഞു. നിലവില്‍ 419 കോടി രൂപയുടെ സഞ്ചിതനഷ്ടമാണ് കണ്‍സ്യൂമര്‍ഫെഡിനുള്ളത്.

Comments

comments

Categories: Slider, Top Stories