സാങ്കേതിക, ഊര്‍ജ്ജ മേഖലകളിലെ കുതിപ്പ് തുടരും

സാങ്കേതിക, ഊര്‍ജ്ജ മേഖലകളിലെ കുതിപ്പ് തുടരും

ന്യൂഡെല്‍ഹി : 2017 ല്‍ രാജ്യം വിവിധ മേഖലകളില്‍ സമഗ്രമാറ്റത്തിന് സാക്ഷ്യം വഹിക്കും. പുനരുല്‍പ്പാദന ഊര്‍ജശേഷി കൂട്ടുന്നത് മുതല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ വര്‍ധന വരെയുള്ള മേഖലകളില്‍ പുരോഗതി പ്രകടമാകുമെന്ന് ഇന്ത്യാസ്‌പെന്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുനരുല്‍പ്പാദന ഊര്‍ജ്ജം, സാങ്കേതിക പുരോഗതി, ഗ്രാമീണ മേഖലകളിലെ വൈദ്യുതി ലഭ്യത, ആധാര്‍ ഉപയോഗത്തിന്റെ വ്യാപനം, ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ വര്‍ധന തുടങ്ങിയ മേഖലകളിലെ രാജ്യത്തിന്റെ വളര്‍ച്ചയാണ് ഇന്ത്യാസ്‌പെന്‍ഡ് വ്യക്തമാക്കുന്നത്.

2022 ഓടെ പുനരുപയോഗിക്കാവുന്ന മേഖലയിലെ ഊര്‍ജോല്‍പ്പാദനം 175 ജിഗാവാട്ടായി ഉയര്‍ത്തുന്നതിനാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. ഈ വര്‍ഷം 16 ജിഗാവാട്ട് പുനരുല്‍പ്പാദന ഊര്‍ജശേഷി കൈവരിക്കാനാണ് ശ്രമം. 2016 നവംബര്‍ 30 വരെ രാജ്യത്തിന് മൊത്തം 309 ജിഗാവാട്ട് വൈദ്യുതോല്‍പ്പാദന ശേഷിയാണ് ഉള്ളത്. ഇതില്‍ 15 ശതമാനം മാത്രമാണ് പുനരുല്‍പ്പാദന ഊര്‍ജ മേഖലയുടെ സംഭാവന. 2015 സെപ്റ്റംബര്‍ മുതല്‍ 2016 സെപ്റ്റംബര്‍ വരെ ഇന്ത്യ 8.5 ജിഗാവാട്ടിന്റെ പുനരുല്‍പ്പാദന ഊര്‍ജ ശേഷി കൈവരിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ കാറ്റില്‍നിന്നുള്ള ഊര്‍ജ ശേഷി 15.2 ശതമാനം വര്‍ധിച്ച് 3.7 ജിഗാവാട്ടായി മാറിയപ്പോള്‍ സൗരോര്‍ജ്ജശേഷി 96 ശതമാനം ഉയര്‍ന്ന് 4.2 ജിഗാവാട്ടായി വര്‍ധിച്ചു. കാറ്റില്‍നിന്നുള്ള ഊര്‍ജ്ജശേഷിയുടെ കാര്യത്തില്‍ വളര്‍ച്ചയുടെ വേഗം കുറവാണെങ്കിലും ചൈന, അമേരിക്ക, ജര്‍മനി എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഇന്ത്യ നാലാം സ്ഥാനത്താണ്. കാറ്റില്‍നിന്നും സൂര്യനില്‍നിന്നുമുള്ള ഊര്‍ജ്ജോല്‍പ്പാദന ലക്ഷ്യം കൈവരിക്കുന്നതിന് സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.

750 ജിഗാവാട്ട് സൗരോര്‍ജം ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷി നിലവില്‍ രാജ്യത്തിനുണ്ട് (താപോര്‍ജ്ജത്തേക്കാള്‍ മൂന്നര മടങ്ങ് കൂടുതല്‍ ശേഷി. നിലവില്‍ രാജ്യത്ത് ആകെ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 70 ശതമാനവും താപോര്‍ജ്ജമാണ്). സൗരോര്‍ജ്ജത്തിന്റെ കാര്യമെടുത്താല്‍ രാജ്യത്ത് വര്‍ഷത്തില്‍ 300 ദിവസവും സൗരവികിരണം ലഭ്യവുമാണ്. 2022 ഓടെ 100 ജിഗാവാട്ട് സൗരോര്‍ജ്ജശേഷി കൈവരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയാറാക്കിയിട്ടുള്ളത്. അടുത്ത രണ്ട് വര്‍ഷത്തോടെ പുതുതായി 42.6 ജിഗാവാട്ട് പുനരുല്‍പ്പാദന ഊര്‍ജ്ജശേഷി സ്വായത്തമാക്കാന്‍ പുനരുല്‍പ്പാദന ഊര്‍ജ്ജ മന്ത്രാലയം പരിശ്രമിക്കുന്നു. ഇതുവരെയുള്ള ആകെ പുനരുല്‍പ്പാദന ഊര്‍ജ്ജശേഷിക്ക് തുല്യമായി വരുമിത്.

2016 ജൂണിലെ കണക്കനുസരിച്ച് രാജ്യത്ത് ആകെയുള്ള ഗ്രാമങ്ങളില്‍ 98.1 ശതമാനത്തിലും വൈദ്യുതിയെത്തിക്കാനായിട്ടുണ്ട്. 2015ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വൈദ്യുതീകരിക്കാത്ത എല്ലാ ഗ്രാമങ്ങളിലും (18,452) ആയിരം ദിവസത്തിനുള്ളില്‍, അതായത് 2018 മെയ് 1 നുള്ളില്‍, വൈദ്യുതിയെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഊര്‍ജ്ജ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇതുവരെ 11,429 ഗ്രാമങ്ങള്‍ വൈദ്യുതീകരിച്ചിട്ടുണ്ട്. ബാക്കിയുള്ള 7,023 ഗ്രാമങ്ങളില്‍ 698 ഗ്രാമങ്ങള്‍ ജനവാസമില്ലാത്തതും 3,775 ഗ്രാമങ്ങള്‍ ഗ്രിഡ് ഇലക്ട്രിഫിക്കേഷന്‍ നടത്താനുള്ളതും 2,502 ഗ്രാമങ്ങള്‍ ഭൂമിശാസ്ത്രപരമായ പ്രശ്‌നങ്ങള്‍ കാരണം ഓഫ് ഗ്രിഡ് ഇലക്ട്രിഫിക്കേഷന്‍ നടത്തേണ്ടതുമാണ്. 48 ഗ്രാമങ്ങളില്‍ വൈദ്യുതീകരണത്തിന്റെ ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്ന് ഊര്‍ജ്ജ മന്ത്രാലയം വ്യക്തമാക്കുന്നു.

2015 ജൂലൈയില്‍ തുടങ്ങിയ ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമജ്യോതി യോജന പ്രകാരം ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള 4.2 കോടി ഗ്രാമീണകുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സൗജന്യ വൈദ്യുതി കണക്ഷന്‍ നല്‍കും. 2016 മാര്‍ച്ച് 31 വരെ 2.32 കോടി (അമ്പത് ശതമാനത്തിലധികം) ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന്‍ നല്‍കിക്കഴിഞ്ഞു. 2018 അവസാനത്തോടെ ഗ്രിഡ് വൈദ്യുതീകരണവും പൂര്‍ത്തിയായേക്കും. എന്നാല്‍ ബിഹാര്‍, ആസ്സാം, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ അറുപത് ശതമാനത്തോളം ഗ്രാമീണ കുടുംബങ്ങളില്‍ ഇനിയും വൈദ്യുതി എത്തേണ്ടതുണ്ട്.

2016 ഏപ്രിലില്‍ ആധാര്‍ എന്റോള്‍മെന്റ് നൂറ് കോടി കടന്നിരുന്നു. ഇക്കഴിഞ്ഞ ഡിസംബറില്‍ ഇത് 109.5 കോടിയായി. ആധാര്‍ ഉടമകളില്‍ 73.4 ശതമാനം പേരും 18 വയസ്സിന് മുകളിലുള്ളവരാണെങ്കില്‍ 22.75 ശതമാനം പേര്‍ അഞ്ച് വയസ്സിനും 18 വയസിനും ഇടയിലുള്ളവരാണ്. ബിഹാര്‍, മണിപ്പൂര്‍, ജമ്മുകശ്മീര്‍, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മിസോറം, മേഘാലയ, ആസ്സാം എന്നിവിടങ്ങളില്‍ 75 ശതമാനത്തോളം പേര്‍ക്ക് ആധാര്‍ കാര്‍ഡ് ഇല്ല. 2017ല്‍ ഈ മേഖലകളില്‍, പ്രത്യേകിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകും യുണീക് ഐഡന്റിറ്റി അതോറിറ്റി ഓഫ് ഇന്ത്യ തയാറാവുക. മേഘാലയയില്‍ ഒമ്പത് ശതമാനം പേര്‍ക്കും ആസ്സാമില്‍ ആറ് ശതമാനം പേര്‍ക്കും മാത്രമാണ് ആധാര്‍ കാര്‍ഡുള്ളത്.

ലോകത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. 2016 സ്‌പെ്റ്റംബറിലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 36.75 കോടി ജനങ്ങളാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. 2017ല്‍ ഇത് 50 കോടിയായി മാറിയേക്കും. 2017 ല്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോഗം ലോക ശരാശരിയേക്കാള്‍ മൂന്ന് മടങ്ങ് വേഗത്തില്‍ വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനിടെ പുതുതായി നാല്‍പ്പത് കോടി ഇന്ത്യന്‍ ജനത ഇന്റര്‍നെറ്റ് ഉപയോഗിച്ചുതുടങ്ങുമെന്ന് നാസ്‌കോം കണക്കുകൂട്ടുന്നു. ചെറുഗ്രാമങ്ങളില്‍വരെ ഇന്റര്‍നെറ്റ് ചെന്നുകേറുന്നത് എല്ലാവര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ സമ്മാനിക്കുമെന്ന് നാസ്‌കോം പ്രസിഡന്റ് ആര്‍ ചന്ദ്രശേഖര്‍ പറഞ്ഞു. ഗ്രാമപ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് വ്യാപിക്കുന്നതോടെ ഓണ്‍ലൈനിലെ പ്രാദേശികഭാഷാ സേവനങ്ങളില്‍ വളര്‍ച്ച പ്രകടമാകും. കാരണം പുതുതായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ 75 ശതമാനം പേരും പ്രാദേശികഭാഷ സംസാരിക്കുന്നവരാണ്.

Comments

comments

Categories: Trending