ഗതാഗതരംഗത്തെ സ്റ്റാര്‍ട്ടപ്പുകള്‍ ശ്രദ്ധേയമാകുന്നു

ഗതാഗതരംഗത്തെ സ്റ്റാര്‍ട്ടപ്പുകള്‍ ശ്രദ്ധേയമാകുന്നു

മുംബൈ: സ്വന്തമായി വാഹനങ്ങള്‍ ഉള്ളവര്‍ക്കു പോലും ഇന്ത്യന്‍ നഗരങ്ങളിലൂടെയുള്ള റോഡ് ഗതാഗതം മണിക്കൂറുകള്‍ സമയനഷ്ടമുണ്ടാക്കുന്നു. മുംബൈ, ബെംഗളൂരു, കൊച്ചി, ചെന്നൈ തുടങ്ങിയ നഗരങ്ങളുടെയെല്ലാം പ്രധാന പ്രശ്‌നമാണ് ട്രാഫിക് കുരുക്കുകള്‍. ഇന്ത്യന്‍ പൊതുഗതാഗത സംവിധാനത്തിന്റെ ഇത്തരം അപാകതകള്‍ ഈ മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് കൂടുതല്‍ സഹായകമാകുന്നു.

കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി രാജ്യത്തെ യാത്രാ ദുരിതങ്ങള്‍ക്ക് പരിഹാരവുമായി ഒരുകൂട്ടം സ്റ്റാര്‍ട്ടപ്പുകള്‍ രംഗത്തെത്തി. തുടക്കത്തിലെ ആവേശത്തിനുശേഷം പല നവസ്റ്റാര്‍ട്ടപ്പുകളും മുട്ടുമടക്കിയപ്പോഴും ഒല, യുബര്‍ തുടങ്ങിയ വമ്പന്‍മാര്‍ വിപണിയില്‍ മുന്നേറികൊണ്ടിരുന്നു. വിപണിയിലെ ശക്തമായ മത്സരത്തെ അതിജീവിച്ച് പിടിച്ചു നിന്ന നവസ്റ്റാര്‍ട്ടപ്പുകളും കുറവല്ല.

ദേശീയ തലസ്ഥാന മേഖലയിലുള്ള യാത്രക്കാര്‍ക്ക് പ്രത്യേകിച്ചും ഗുഡ്ഗാവില്‍ ജോലിക്കായി പോയിവരേണ്ടവര്‍ക്ക് ഷട്ടിലിന്റെ 300-ഓളം വരുന്ന വാനുകളും ബസുകളും വളരെ പ്രയോജനപ്രദമാണ്. രണ്ടുവര്‍ഷം മാത്രം പ്രായമുള്ള ഈ സ്റ്റാര്‍ട്ടപ്പ് വളരെ കുറഞ്ഞ തുകയ്ക്കാണ് സേവനം സാധ്യമാക്കുന്നത്. ദിവസേന 50 രൂപ ചെലവില്‍ ജോലിക്ക് പോയിവരാന്‍ കഴിയും. യാത്രക്കാര്‍ക്ക് അവരുടെ സീറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യുവാനുള്ള സൗകര്യവുമുണ്ട്. ഇതുമായി താരതമ്യം ചെയ്താല്‍ ടാക്‌സിക്കുള്ള ചെലവ് പത്തിരട്ടിയോളം കൂടുതലാണ്. എന്‍സിആര്‍ പ്രദേശത്ത് സാങ്കേതികവിദ്യ ഉപയോഗിച്ച് വിപുലീകരിക്കാനാവുന്ന ഒരു പൊതുഗതാഗത സംവിധാനം ആദ്യമായി കൊണ്ടുവരാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു-ഷട്ടിലിന്റെ സഹസ്ഥാപകനായ അമിത് സിംഗ് പറയുന്നു.

മുംബൈയില്‍ മുന്നേറാന്‍ നിഖില്‍ അഗര്‍വാള്‍, വികേഷ് അഗര്‍വാള്‍ എന്നീ സഹോദരന്‍മാര്‍ ചേര്‍ന്നാരംഭിച്ച റൈഡ് ഷെയറിംഗ് സ്റ്റാര്‍ട്ടപ്പായ ലിഫ്‌റ്റോയ്ക്ക് കഴിഞ്ഞു. സ്വകാര്യവാഹനങ്ങളുമായുള്ള സഹകരണം മേഖലയില്‍ ഒരു വിപ്ലവത്തിനുതന്നെ കാരണമാകുമെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. ഇത് റോഡുകളിലെ തിരക്ക് കുറയ്ക്കുകയും ഓഫീസ് യാത്രക്കാരുടെ ചെലവ് കുറയ്ക്കുകയും ചെയ്യും-നിഖില്‍ അഗര്‍വാള്‍ പറയുന്നു.

ബിസിനസ് ആരംഭിച്ച് 18 മാസത്തിനുള്ളില്‍ 30000 ഉപഭോക്താക്കളും 2000 കാര്‍ ഉടമകളും റൈഡ്‌ഷെയറിംഗിനായി കരാറില്‍ ഒപ്പിട്ടു. കിലോമീറ്ററിന് മൂന്നുരൂപാ നിരക്കില്‍ റൈഡ് ഷെയര്‍ചെയ്യാന്‍ വാഹന ഉടമകള്‍ തയാറായി.

നവ സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമല്ല ഇന്ത്യന്‍ ഗതാഗതമാറ്റങ്ങളില്‍ വിപ്ലവം സൃഷ്ടിക്കുവാന്‍ യുബര്‍, ഒല തുടങ്ങി മേഖലയിലെ വമ്പന്‍മാരും സജീവമായി രംഗത്തുണ്ട്. മാതൃവിപണിയായ യുഎസ് കഴിഞ്ഞാല്‍, യുബറിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റാണ് ഇന്ത്യ. ആഗോളതലത്തിലുള്ള ആകെ റൈഡുകളില്‍ 12 ശതമാനവും ഇന്ത്യയില്‍ നിന്നാണ്.

യുബറിന് നിലവില്‍ 4,00,000 ഡ്രൈവര്‍മാര്‍ ഇന്ത്യയിലുണ്ട്. അടുത്ത 12 മാസത്തിനുള്ളില്‍ ഒരു ദശലക്ഷം ഡ്രൈവര്‍മാരെ കൂടി കൂട്ടിചേര്‍ക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഡിസംബര്‍ പകുതിയോടെ ടുവീലര്‍ സര്‍വീസിനായി യുബര്‍മോട്ടോ സേവനവും കമ്പനി ആരംഭിച്ചിരുന്നു.

യുബറിന്റെ ഇന്ത്യയിലെ പ്രധാന എതിരാളിയായ ഒലയ്ക്ക് നിലവില്‍ 5,50,000 ഡ്രൈവര്‍മാര്‍ ഉണ്ട്. റൈഡ് ഷെയറിംഗ് മോഡലില്‍ അവതരിപ്പിച്ച ഒലഷെയറിംഗ് സേവനം 16 സിറ്റികളിലേക്ക് നിലവില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. ഇത് ഗതാഗതചെലവ് കുറയ്ക്കാന്‍ യാത്രകാര്‍ക്ക് സഹായകമാകും.

Comments

comments

Categories: Entrepreneurship