കോര്‍പ്പറേറ്റ് നികുതി കുറയ്ക്കാന്‍ വഴിതെളിഞ്ഞു: സിഐഐ

കോര്‍പ്പറേറ്റ് നികുതി കുറയ്ക്കാന്‍ വഴിതെളിഞ്ഞു: സിഐഐ

 

ന്യൂഡല്‍ഹി: ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേറ്റ് ആദായ നികുതി കുറച്ചേക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ പ്രതീക്ഷ. നോട്ട് അസാധുവാക്കല്‍ നടപടി ഇതിന് അവസരമൊരുക്കുന്ന സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് സി ഐ ഐ വിലയിരുത്തുന്നത്. സമ്പദ് വ്യവസ്ഥയുടെ വലിയൊരു ഭാഗം നികുതിപരിധിയിലായതോടെ സര്‍ക്കാരിന് കോര്‍പ്പറേറ്റ് ആദായ നികുതി നിരക്കുകള്‍ ലഘൂകരിക്കാന്‍ വലിയ സാധ്യതയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്ന് സിഐഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

എല്ലാ സര്‍ച്ചാര്‍ജുകളും സെസ്സുമുള്‍പ്പെടെ കോര്‍പ്പറേറ്റ് ആദായ നികുതി നിരക്ക് 18 ശതമാനമായി കുറയ്ക്കണമെന്നും എല്ലാ നികുതി ഇളവുകളും എടുത്തുകളയാമെന്നുമാണ് ബജറ്റ് ചര്‍ച്ചകളുടെ ഭാഗമായി സിഐഐ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് ഡയറക്റ്റര്‍ ജനറല്‍ ചന്ദ്രജിത് ബാനര്‍ജി പറഞ്ഞു.
കുറഞ്ഞ നികുതി നിരക്കാണ് ഏറ്റവും കാര്യക്ഷമമായിട്ടുള്ളതെന്നാണ് വിവിധ അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ തന്നെ നികുതി നിരക്ക് കുറയ്ക്കുന്നത് സര്‍ക്കാരിന്റൈ നികുതി വരുമാനത്തില്‍ കുറവു വരുത്താനിടയില്ലെന്നും ചന്ദ്രജിത് ബാനര്‍ജി ചൂണ്ടിക്കാണിക്കുന്നു.
നിലവില്‍ 32 ഓളം ആനുകൂല്യങ്ങള്‍ നികുതി ചുമത്തുന്നതിനു മുമ്പായി കോര്‍പ്പറേറ്റുകള്‍ക്കു ലഭിക്കുന്നുണ്ടെന്നാണ് സിഐഐ നിരീക്ഷിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ചുമത്തപ്പെടുന്ന നികുതി നിലവില്‍ 19.8 ശതമാനം മാത്രമാണ്.
നാലു പ്രധാന മാര്‍ഗങ്ങളിലൂടെയുള്ള നടപടികളാണ് ബജറ്റ് ചര്‍ച്ചകളില്‍ സിഐഐ നിര്‍ദേശിച്ചിട്ടുള്ളതെന്നും വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു. കോര്‍പ്പറേറ്റ് ആദായ നികുതി കുറയ്ക്കുക, നിക്ഷേപങ്ങളെ നവീകരിക്കുക, സംഘടിത മേഖലയില്‍ കൂടുതല്‍ ഗുണനിലവാരമുള്ള തൊഴില്‍ സൃഷ്ടിക്കുക, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണങ്ങള്‍ക്കായുള്ള പൊതു ചെലവിടല്‍ പത്തുമടങ്ങ് വര്‍ധിപ്പിച്ചുകൊണ്ട് ഒരു ദേശീയ സാങ്കേതികവിദ്യാ നയം പ്രഖ്യാപിക്കുക എന്നിവയാണ് സിഐഐ പ്രധാനമായും ഉന്നയിച്ചിട്ടുള്ളത്.
10,000 കോടി രൂപ പ്രാരംഭ മൂലധനത്തോടെ നാഷണല്‍ ഇന്നൊവേഷന്‍ ഫണ്ട് പ്രഖ്യാപിക്കണമെന്നും ഇതില്‍ 8000 കോടി രൂപ സാങ്കേതിക വിദ്യയുടെ ഇറക്കുമതിക്ക് ചുമത്തുന്ന സെസിലൂടെ നേടാമെന്നും സിഐഐ നിര്‍ദേശിച്ചിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories