ഖനനാനുമതികളിലൂടെ കേന്ദ്ര സര്‍ക്കാരിന് 50,000 കോടി ലഭിക്കും

ഖനനാനുമതികളിലൂടെ കേന്ദ്ര സര്‍ക്കാരിന് 50,000 കോടി ലഭിക്കും

 

ന്യൂ ഡെല്‍ഹി: സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് വിവിധ ഖനനാനുമതി നല്‍കുന്നതിലൂടെ കേന്ദ്ര സര്‍ക്കാരിന് ലഭിക്കുക 50,000 കോടി രൂപയുടെ വരുമാനമെന്ന് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം മൈന്‍സ് ആന്‍ഡ് മിനറല്‍ (ഡെവലപ്‌മെന്റ് ആന്‍ഡ് റെഗുലേഷന്‍) നിയമം കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തിരുന്നു. ഈ നിയമമനുസരിച്ച് ധാതുഖനനത്തിന് പാട്ട വ്യവസ്ഥയില്‍ പുതിയ ലേല നടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പ് കേന്ദ്ര സര്‍ക്കാരിന് മുമ്പാകെ നിലവില്‍ ഖനനാനുമതി തേടിയുള്ള മുഴുവന്‍ അപേക്ഷകളിലും തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

ഇരുമ്പയിര്, ബോക്‌സൈറ്റ് തുടങ്ങിയ ധാതുക്കളുടെ ഖനനാനുമതിക്കായി കേന്ദ്ര സര്‍ക്കാര്‍ മുമ്പാകെയുള്ള അപേക്ഷകളുടെ തത്സ്ഥിതി സംബന്ധിച്ച് വിവിധ ഹൈക്കോടതികള്‍ പരസ്പരവിരുദ്ധമായ വിധികളാണ് പുറപ്പെടുവിച്ചത് വിഷയം സങ്കീര്‍ണ്ണമാക്കിയിരുന്നു.

ഒഡിഷയിലെ സമ്പല്‍പൂര്‍ ജില്ലയില്‍ ഇരുമ്പുരുക്ക് പ്ലാന്റ് സ്ഥാപിച്ച ഭൂഷണ്‍ പവര്‍ ആന്‍ഡ് സ്റ്റീല്‍ ലിമിറ്റഡ് സമീപപ്രദേശങ്ങളില്‍ ഇരുമ്പയിര് ഖനനത്തിന് പാട്ടവ്യവസ്ഥയില്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഭൂഷണ്‍ സ്റ്റീലിന് കേന്ദ്ര സര്‍ക്കാര്‍ ഇരുമ്പയിര് ഖനനാനുമതി നല്‍കാനാണ് സാധ്യത. രണ്ട് ബ്ലോക്കുകളില്‍ ഖനനാനുമതി അവശ്യപ്പെടുന്ന ഭൂഷണ്‍ സ്റ്റീലിന്റെ അപേക്ഷ പരിഗണിക്കുന്നതിന് കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യണമെന്ന് 2012ല്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനെ നിര്‍ദേശിച്ചിരുന്നു.
കമ്പനിയുമായി ധാരണാപത്രം ഒപ്പുവെച്ചശേഷം സംസ്ഥാന സര്‍ക്കാരിന് പിന്നോട്ടുപോകാന്‍ കഴിയില്ലെന്ന് ഭൂഷണ്‍ സ്റ്റീലിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, പി ചിദംബരം എന്നിവര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഖനനാനുമതിക്കായി പരാതിക്കാരനായ ഭൂഷണ്‍ സ്റ്റീലിന്റെ പേര് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നെങ്കില്‍ മൈന്‍സ് ആന്‍ഡ് മിനറല്‍ (ഡെവലപ്‌മെന്റ് ആന്‍ഡ് റെഗുലേഷന്‍) നിയമ ഭേദഗതിയുടെ പേരില്‍ കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നിരസിക്കാന്‍ കഴിയുമായിരുന്നില്ലെന്നും ഇരുവരും വാദിച്ചു. സുപ്രീംകോടതിയുടെ 2012ലെ ഉത്തരവനുസരിച്ച് പ്രവര്‍ത്തിക്കാതെ സംസ്ഥാന സര്‍ക്കാര്‍ കോടതിയലക്ഷ്യം കാണിച്ചുവെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ജസ്റ്റിസ് എകെ സിക്രി, ജസ്റ്റിസ് എഎം സാപ്‌റെ എന്നിവരുള്‍പ്പെട്ട ബെഞ്ചിനുമുമ്പാകെ നിയമഭേദഗതിയുടെ കാര്യമാണ് കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗ് നിരത്തിയത്. ഭൂഷണ്‍ സ്റ്റീലിന് ഇരുമ്പയിര് ഖനനാനുമതിക്കായി കേന്ദ്ര സര്‍ക്കാര്‍ മുമ്പാകെ ശുപാര്‍ശ നടത്താന്‍ മാത്രമാണ് ഒഡിഷ സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ളതെന്നും സംസ്ഥാന സര്‍ക്കാര്‍ അക്കാര്യം നിര്‍വഹിച്ചുവെന്നും മനീന്ദര്‍ സിംഗ് പറഞ്ഞു. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ കോടതിയലക്ഷ്യമില്ലെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. എന്നാല്‍ നിയമഭേദഗതിയുടെ പേരില്‍ ഭൂഷണ്‍ സ്റ്റീലിന്റെ അപേക്ഷ നിരസിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെന്ന് സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.

Comments

comments

Categories: Business & Economy