ഇസ്താന്‍ബുള്ളില്‍ വെടിവെപ്പ്: കൊല്ലപ്പെട്ടവരില്‍ രണ്ട് ഇന്ത്യക്കാര്‍

ഇസ്താന്‍ബുള്ളില്‍ വെടിവെപ്പ്: കൊല്ലപ്പെട്ടവരില്‍ രണ്ട് ഇന്ത്യക്കാര്‍

ഇസ്താന്‍ബുള്‍(തുര്‍ക്കി): ദുരന്തവാര്‍ത്ത കേട്ടുകൊണ്ടാണു പുതുവര്‍ഷദിനത്തെ തുര്‍ക്കി വരവേറ്റത്. ഞായറാഴ്ച പുലര്‍ച്ചെ തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താന്‍ബുള്ളിലെ നിശാക്ലബ്ബിലുണ്ടായ വെടിവെപ്പില്‍ ഇന്ത്യന്‍ നിര്‍മ്മാതാവ് ഉള്‍പ്പെടെ 39 പേര്‍ കൊല്ലപ്പെട്ടു. 69 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സിനിമാ നിര്‍മ്മാതാവും രാജ്യസഭാ മുന്‍ അംഗം അഖ്തര്‍ ഹസന്‍ റിസ്‌വിയുടെ മകനുമായ അബിസ് റിസ് വിയാണ് കൊല്ലപ്പെട്ട ഒരാള്‍. ഗുജറാത്ത് സ്വദേശി ഖുഷി ഷായാണ് കൊല്ലപ്പെട്ട മറ്റൊരു ഇന്ത്യക്കാരന്‍. റോര്‍ ദ് ടൈഗേഴ്‌സ് ഓഫ് സുന്ദര്‍ബാന്‍സ് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ് അബിസ്. ഇരുവരുടെയും മരണവിവരം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇസ്താന്‍ബുള്ളിലെ റെയ്‌ന നിശാക്ലബ്ബില്‍ പ്രാദേശിക സമയം ഞായറാഴ്ച പുലര്‍ച്ചെ 1.30നാണ് വെടിവെപ്പുണ്ടായത്. തോക്കുധാരിയായ അക്രമിയാണു നിറയൊഴിച്ചത്. അക്രമിയെ ഇതുവരെ തിരിച്ചറിയാനോ പിടികൂടാനോ സാധിച്ചിട്ടില്ല. അക്രമി ഒറ്റയ്ക്കായിരുന്നു കൃത്യം നിര്‍വഹിച്ചതെന്നാണു പൊലീസ് നിഗമനം. ഇയാള്‍ സാന്റ ക്ലോസ് വേഷധാരിയായിരുന്നെന്നും സംശയിക്കുന്നുണ്ട്. കൊല്ലപ്പെട്ടവരില്‍ 15 പേര്‍ വിദേശികളാണ്. ഏകദേശം 700 പേര്‍ നിശാ ക്ലബ്ബില്‍ പുതുവര്‍ഷം ആഘോഷിക്കാനെത്തിയിരുന്നതായിട്ടാണു കണക്കാക്കുന്നത്.
ഇസ്താന്‍ബുള്ളിലെ ഓര്‍ട്ടാകോയ് പ്രദേശത്ത് ബോസ്പറസ് കടലിടുക്കിന്റെ തീരത്താണ് ദുരന്തം നടന്ന റെയ്‌ന നിശാ ക്ലബ്ബ്.വെടിവെപ്പ് നടന്ന സമയത്ത് ചിലര്‍ കടലിടുക്കിലേക്ക് ചാടിയതായി റിപ്പോര്‍ട്ടുണ്ട്. ക്ലബ്ബിലേക്ക് അക്രമി പ്രവേശിക്കുന്നതിനു മുന്‍പ് ഒരു പൊലീസുകാരനെയും ഒരു സിവിലിയനെയും വെടിവെച്ചു കൊലപ്പെടുത്തുകയും ചെയ്തിരുന്നു.
സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിനു മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണു വിലക്കേര്‍പ്പെടുത്തിയത്. സമീപകാലത്ത് ഐഎസ്, കുര്‍ദ് വിമതര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന തീവ്രവാദി ആക്രമണത്തെ തുടര്‍ന്നു ഇസ്താന്‍ബുള്‍ കനത്ത സുരക്ഷാ വലയത്തിലായിരുന്നു. 17,000 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി ഇസ്താന്‍ബുള്‍ നഗരത്തില്‍ വിന്യസിച്ചിരുന്നതുമാണ്.

ഇസ്താന്‍ബുള്‍ ആക്രമണത്തെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ അപലപിച്ചു.

Comments

comments

Categories: Trending, World