പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കൈകോര്‍ക്കാന്‍ ഫ്‌ളിപ്കാര്‍ട്ട്

പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കൈകോര്‍ക്കാന്‍ ഫ്‌ളിപ്കാര്‍ട്ട്

 
കൊച്ചി: ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ പ്രധാനിയായ ഫ്‌ളിപ്കാര്‍ട്ട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്(ഐഐഎസ്‌സി), ഏതാനും വിദേശ യൂണിവേഴ്‌സിറ്റികള്‍ എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. മെഷീന്‍ ലേണിംഗ്, വോയിസ് റെക്കഗനീഷന്‍, ഡ്രോണ്‍ ഡെലിവറി എന്നിവയ്ക്കുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുക്കുന്നതിനു വേണ്ടിയാണ് സഹകരണം.

വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ പഠിച്ചകാര്യങ്ങള്‍ കൂടുതല്‍ ക്രിയാത്മകമായി പ്രായോഗിക തലത്തില്‍ അവതരിപ്പിക്കാനും ഗവേഷണങ്ങള്‍ നടത്തുവാനും പുതിയ സഹകരണം സഹായകമാകും. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ വളരെ അപൂര്‍വമായി മാത്രമാണ് യൂണിവേഴ്‌സിറ്റികളുമായി ഗവേഷണ പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നത്. എന്നാല്‍ യുഎസ് സ്റ്റാര്‍ട്ടപ്പുകള്‍ പുതിയ ഇന്നൊവേഷനുകള്‍ക്കായി ഗവേഷണ വിദ്യാര്‍ത്ഥികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാറുണ്ട്. ഇന്ത്യയിലും ഇതിനുള്ള അവസരം ഒരുക്കാന്‍ ഈ സഹകരണത്തിലൂടെ കഴിയുമെന്ന് ഫ്‌ളിപ്കാര്‍ട്ട് അക്കാഡമിക് എന്‍ഗേജ്‌മെന്റ് വിഭാഗം തലവന്‍ മുത്തുസ്വാമി ചെല്ലയ്യാ പറഞ്ഞു. ബിസിനസിന്റെ പല മേഖലകളിലും സാങ്കേതിക വളര്‍ച്ചയ്ക്ക് ഈ കൂട്ടുകെട്ട് സഹായകമാകുമെന്നും കമ്പനി പ്രതീക്ഷ പ്രകടിപ്പിച്ചു.

ഓണ്‍ലൈന്‍ വിതരണം ശക്തിപ്പെടുത്തുന്നതിന് ഡ്രോണുകളെ ഉപയോഗപ്പെടുത്തിയുള്ള ഡെലിവറിയുടെ സാധ്യതകളെ കുറിച്ചും ഗവേഷണങ്ങള്‍ നടത്തും. ഫ്‌ളിപ്കാര്‍ട്ടിന്റെ മുഖ്യ എതിരാളിയായ ആമസോണ്‍ യുകെയിലെ കേംബ്രിഡ്ജില്‍ ചെറിയ സാധനങ്ങള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് വിതരണം നടത്തുന്നതിനുള്ള പരീക്ഷണം മുമ്പ് നടത്തിയിരുന്നു. ഇന്ത്യയില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഡ്രോണുകളെ ഉപയോഗിക്കുന്നതിന് നിയമപരമായ നിയന്ത്രണങ്ങള്‍ ഉണ്ട്.

Comments

comments

Categories: Education