കുടിവെള്ളം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ശക്തമായ നടപടി: ജില്ലാ വികസനസമിതി

കുടിവെള്ളം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ശക്തമായ നടപടി: ജില്ലാ  വികസനസമിതി

കൊച്ചി: കുടിവെള്ളം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ കളക്റ്ററേറ്റില്‍ നടന്ന ജില്ലാ വികസനസമിതിയോഗം തീരുമാനിച്ചു. കുടിവെള്ളക്ഷാമം രൂക്ഷമാവുന്ന സാഹചര്യത്തില്‍ വ്യക്തികളും സ്ഥാപനങ്ങളും വെള്ളം പാഴാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് തീരുമാനം. വ്യക്തികളോ സ്ഥാപനങ്ങളോ കുടിവെള്ളം ദുരുപയോഗം ചെയ്യുന്നതു കണ്ടാല്‍ അവരുടെ വാട്ടര്‍കണക്ഷന്‍ വിച്ഛേദിക്കും. കുടിവെളളപദ്ധതികള്‍ക്ക് മുന്‍തൂക്കം നല്കി കോര്‍പസ് ഫണ്ട് വിനിയോഗിക്കണമെന്ന് ജില്ലാ കളക്റ്റര്‍ കെ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. കോളനികള്‍ക്കായുള്ള ഫണ്ട് വിനിയോഗത്തില്‍ റോഡു നിര്‍മാണപദ്ധതികള്‍ക്ക് രണ്ടാം സ്ഥാനമാണുള്ളത്. വരാനിരിക്കുന്ന വരള്‍ച്ച മുന്നില്‍കണ്ട് കുടിവെള്ളമെത്തിക്കുന്ന പദ്ധതികള്‍ ജില്ലയില്‍ ഫലപ്രദമായി നടപ്പാക്കുമെന്നും കളക്റ്റര്‍ അറിയിച്ചു.

കുടിവെള്ള ക്ഷാമം നേരിടുന്ന ഇടങ്ങളില്‍ വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ നടപടിയെടുക്കും. വരള്‍ച്ചാ ദുരിതാശ്വാസഒരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ 10 പൈപ്പിടല്‍ പദ്ധതികള്‍ക്കായി റോഡ് പൊളിക്കാന്‍ മുന്‍കൂര്‍ അനുവാദം നല്കിയെന്നും ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. റോഡ് പൂര്‍വ്വസ്ഥിതിയിലാക്കാനാവശ്യമായ തുക വാട്ടര്‍ അതോറിറ്റി കെട്ടിവച്ചതിനുശേഷം മാത്രമേ സാധാരണ റോഡു വെട്ടിപ്പൊളിക്കാന്‍ അനുമതി നല്‍കാറുള്ളൂ. എന്നാല്‍ വരള്‍ച്ചാ സാധ്യത മുന്നില്‍ കണ്ട് പൈപ്പിടലിന്റെയും പൈപ്പുകള്‍ മാറ്റി സ്ഥാപിക്കേണ്ടതിന്റെയും അവശ്യകത മനസ്സിലാക്കിയാണ് ജില്ലാ കളക്റ്റര്‍ ദുരന്തനിവാരണനിയമപ്രകാരം റോഡു പൊളിക്കാന്‍ മുന്‍കൂര്‍ അനുമതി നല്കിയത്. എറണാകുളം നഗരത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4400 മീറ്റര്‍ പൈപ്പിടാന്‍ പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായി തേവര എസ്എച്ച് കോളേജിലും വാഴത്തോടും ഓവര്‍ഹെഡ് ടാങ്കുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ പദ്ധിയുടെ വിശദമായ പദ്ധതിരേഖ ഉടന്‍ സമര്‍പ്പിക്കണമെന്ന് ഹൈബി ഈഡന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ജനുവരി 15നകം പദ്ധതിരേഖ സമര്‍പ്പിക്കുമെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. ഇട്ട്യാര്‍മല കുടിവെള്ള പദ്ധതി എസ് സി കോര്‍പസ് ഫണ്ടുപയോഗിച്ച് ഉടന്‍ പൂര്‍ത്തിയാക്കാനുള്ള നടപടികളെടുക്കാനും യോഗം തീരുമാനിച്ചു. പിറവം നഗരസഭാ ചെയര്‍മാന്‍ സാബു കെ ജേക്കബാണ് വിഷയം യോഗത്തില്‍ അവതരിപ്പിച്ചത്.

പിറവത്ത് വെള്ളം തുറന്നു വിട്ടപ്പോള്‍ കനാലിന്റെ അരിക് രണ്ടടി ഇടിഞ്ഞു പോയെന്നും ഇത് ഉടന്‍ ശരിയാക്കി കനാല്‍ തുറന്നു വിടണമെന്നും നഗരസഭാ ചെയര്‍മാന്‍ ആവശ്യപ്പെട്ടു. പ്രശ്‌നം പരിശോധിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യോഗം ഡെപ്യൂട്ടി കളക്റ്ററെ (ലാന്റ് അക്വിസിഷന്‍) ചുമതലപ്പെടുത്തി. ചിത്തിരപ്പുഴയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന മോട്ടോര്‍ പ്രവര്‍ത്തനരഹിതമാകുന്നുണ്ടെന്നും ഇത് മാറ്റി സ്ഥാപിച്ച് തൃപ്പുണിത്തുറയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും നഗരസഭാ ചെയര്‍പേഴ്‌സണ്‍ ചന്ദ്രികാ ദേവി ആവശ്യപ്പെട്ടു. ചൂര്‍ണിക്കരയില്‍ നിര്‍മിച്ചിട്ടുള്ള താത്കാലിക തടയണ പൊളിച്ചു കളയുമെന്ന് ചില വ്യക്തികള്‍ ഭീഷണിപ്പെടുത്തുന്നതായും അവര്‍ യോഗത്തില്‍ അറിയിച്ചു. താത്കാലിക തടയണ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ യോഗം തീരുമാനിച്ചു. മുളംകുളംപിറവം ഭാഗത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നടപടികളെടുക്കണമെന്ന് അനൂപ് ജേക്കബ് എംഎല്‍എയുടെ പ്രതിനിധി ആവശ്യപ്പെട്ടു. തിരുമാറാടി കൂത്താട്ടുകുളം ഭാഗത്തെ കുടിവെള്ളലഭ്യതയ്ക്ക് ഇടയ്ക്കിടെ തടസ്സമുണ്ടാവുന്നു. ഇവ രണ്ടും ഉടന്‍ പരിഹരിക്കുമെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചോറ്റാനിക്കര പഞ്ചായത്തില്‍ ഹോട്ടലുകളില്‍ നിന്ന് കാനയിലേക്ക് മലിനജലം ഒഴുക്കിവിടുന്നുവെന്നും ഇത് കെട്ടിക്കിടന്ന് റോഡിലേക്ക് വ്യാപിക്കുന്നുവെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആശ സനില്‍ പറഞ്ഞു. പൊതു കാനയിലേക്ക് ഹോട്ടലുകളില്‍ നിന്നുള്ള ടോയിലറ്റ് മാലിന്യങ്ങള്‍ ഒഴുക്കി വിടുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്ന് ഡെപ്യൂട്ടി കളക്ടര്‍ (ദുരന്തനിവാരണം) അറിയിച്ചു. ഇതു സംബന്ധിച്ച പ്രശ്‌നം പരിഹരിക്കാന്‍ ഹോട്ടലുടമകളുടെയും നാട്ടുകാരുടെയും യോഗം വിളിച്ചു കൂട്ടും. ചോറ്റാനിക്കര പഞ്ചായത്തില്‍ മലിനജലസംസ്‌കരണ പല്‍ന്റ് തുടങ്ങാനും നടപടികളെടുക്കും.

പല പഞ്ചായത്തുകളിലും പൊതു കിണറുകള്‍ ചില വ്യക്തികള്‍ കയ്യേറിയിട്ടുണ്ടെന്നും ഇവ തിരിച്ച് പഞ്ചായത്തുകളുടെ ഉടമസ്ഥതയിലാക്കണമെന്നും കെ വി തോമസ് എംപിയുടെ പ്രതിനിധി ശിവദത്തന്‍ എംപി ആവശ്യപ്പെട്ടു. ഇതിനാവശ്യമായ നടപടികളെടുക്കാന്‍ യോഗം തീരുമാനിച്ചു. പെരുമ്പടപ്പ് ഇടക്കൊച്ചി ഭാഗങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ ഓട്ടോറിക്ഷകള്‍ കത്തിക്കുകയും മറ്റ് അക്രമസംഭവങ്ങളിലേര്‍പ്പെടുകയും ചെയ്യുന്നുണ്ടെന്ന് എം സ്വരാജ് എംഎല്‍എ പറഞ്ഞു. ഇവര്‍ക്കെതിരെ നടപടികളെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എറണാകുളം കച്ചേരിപ്പടിയിലുള്ള ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ ലിഫ്റ്റ് പ്രവര്‍ത്തനരഹിതമാണ്. ഇത് മൂലം രോഗികള്‍ക്ക് പ്രയാസമനുഭവപ്പെടുന്നുണ്ടെന്നും ലിഫ്റ്റ് നന്നാക്കാനുള്ള നടപടികള്‍ അടിയന്തിരമായി എടുക്കണമെന്നും ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു. സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി വൈദ്യുതകണക്ഷനുകള്‍ നല്‍കി വരികയാണെന്നും മാര്‍ച്ച് മാസത്തിനു മുമ്പ് ജില്ല മുഴുവന്‍ വൈദ്യുതകണക്ഷന്‍ നല്കുമെന്നും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. ഫണ്ട് വിനിയോഗത്തിന്റെ കാര്യത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ പിന്നിലാണെന്നും ഫണ്ട് വിനിയോഗത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും ജില്ലാ കളക്ടര്‍ യോഗത്തില്‍ നിര്‍ദേശം നല്കി. ഹരിതകേരളത്തിന്റെ ഭാഗമായി ജനുവരി 25ന് മുമ്പ് പഞ്ചായത്തുകളിലെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജനുവരി 25ന് മുമ്പ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഇവേസ്റ്റ് ഒഴിവാക്കാനും എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും സ്വാപ് ഷോപ്പുകള്‍ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്റ്റര്‍ യോഗത്തില്‍ അറിയിച്ചു. അസിസ്റ്റന്റ് കളക്റ്റര്‍ രേണുരാജ്, ജില്ലാ പല്‍നിംഗ് ഓഫിസര്‍ സാലി ജോസഫ്, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു

Comments

comments

Categories: Business & Economy