ഉപഭോക്താക്കളുടെ മനസറിഞ്ഞ് ബിസ്മി

ഉപഭോക്താക്കളുടെ  മനസറിഞ്ഞ് ബിസ്മി

കേരളത്തിലെ വീട്ടമ്മമാര്‍ക്കിടയില്‍ ബിസ്മി എന്ന പേര് പ്രിയങ്കരമായി മാറിയിട്ട് നാളുകള്‍ ഏറെയായി. 1974 മുതല്‍ ആ പേര് കേരളം ഏറ്റെടുക്കുകയായിരുന്നു. റീട്ടെയ്ല്‍ രംഗത്ത് ഇന്ന് ഏറെ ശ്രദ്ധേയമായ സാന്നിധ്യമാണ് ബിസ്മി. സ്വന്തമായുണ്ടായിരുന്ന നല്ല ജോലി ഉപേക്ഷിച്ച് സംരംഭകത്വത്തിലേക്ക് കടന്നുവരാന്‍ വി എ യൂസഫ് എന്ന ചെറുപ്പക്കാരന്‍ കാണിച്ച ധൈര്യമാണ് ബിസ്മി ഗ്രൂപ്പിന്റെ ആണിക്കല്ലായത്. അതേ ചങ്കുറപ്പുതന്നെയാണ് പടിപടിയായുള്ള വളര്‍ച്ചയില്‍ ബിസ്മിക്ക് കൈത്താങ്ങായതും. ചെയര്‍മാനായ വിഎ യൂസഫും, മാനേജിംഗ് ഡയറക്ടറായ വിഎ അജ്മലും ചേര്‍ന്ന് കേരളത്തിനു മുന്നില്‍ ബിസ്മിയെ വളര്‍ത്തിയത് വേറിട്ട ബിസിനസ് മാതൃക കാട്ടിയാണ്.

ഗ്യാസ് വിതരണത്തിലൂടെയാണ് ബിസ്മി റീട്ടെയ്ല്‍ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. 1984-ലാണ് ബിസ്മി ഗ്യാസ് എന്ന സംരംഭത്തിന് തുടക്കമിടുന്നത്. സുതാര്യതയും മികച്ച സേവനങ്ങളും ഉപഭോക്താക്കള്‍ക്കിടയില്‍ ബിസ്മിയെ വളര്‍ത്തി. ഇത് കൂടുതല്‍ നൂതന ആശയങ്ങളിലേക്കും വൈവിധ്യവത്കരണത്തിലേക്കും ബിസ്മിയെ നയിച്ചു. മാനേജിംഗ് ഡയറക്ടറായ അജ്മലിന്റെ പ്രവര്‍ത്തനങ്ങള്‍ കമ്പനിയെ വളര്‍ച്ചയിലേക്ക് എത്തിച്ചു. ഗൃഹോപകരണ വിതരണ രംഗത്തേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള നിര്‍ണായക തീരുമാനം 2003-ലാണ് അദ്ദേഹം കൈക്കൊള്ളുന്നത്. ഇത് പുതിയൊരു വഴിത്തിരിവ് തന്നെയായിരുന്നു. ഉപഭോക്താക്കളുടെ പള്‍സ് അറിഞ്ഞു തന്നെയായിരുന്നു അജ്മലിന്റെ ഓരോ നീക്കവും.

”റീട്ടെയ്ല്‍ രംഗം കേന്ദ്രീകരിച്ചാണ് ബിസ്മി പ്രവര്‍ത്തിക്കുന്നത്. കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളും കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങളും ഞങ്ങള്‍ ഉപഭോക്താക്കളിലേക്കെത്തിക്കുന്നു. രണ്ടുവിഭാഗങ്ങളായാണ് ഞങ്ങളുടെ പ്രവര്‍ത്തനം. ഒന്ന് ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍. ഇതിനായി കേരളത്തിലുടനീളമായി 11 സ്‌റ്റോറുകളുണ്ട്. രണ്ടാമത്തെ സെഗ്മെന്റ് എന്നത് ഹൈപ്പര്‍മാര്‍ക്കറ്റുകളാണ്. ഇത്തരം അഞ്ച് സ്റ്റോറുകളുണ്ട്. ഇനി അഞ്ചു സ്‌റ്റോറുകള്‍ കൂടി വരാനിരിക്കുന്നു,” ബിസ്മി ഗ്രൂപ്പിനെക്കുറിച്ച് അജ്മല്‍ സംസാരിച്ചു തുടങ്ങുന്നു.

bismi-applianceshyper-mart-thrissurവളര്‍ന്ന് വളര്‍ന്ന്
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 11 ശാഖകളുള്ള ബിസ്മി ഹോം അപ്ലയന്‍സസ് അജ്മല്‍ എന്ന ചെറുപ്പക്കാരന്റെ മനസില്‍ ഉദിച്ച ആശയമാണ്. ഇത്രയും കിടമത്സരമുള്ള രംഗത്തേക്ക് പ്രവേശിച്ച് വിജയം നേടാന്‍ കഴിഞ്ഞുവെന്നത് ഒരിക്കലും ചെറിയ കാര്യമല്ല. പിന്നീടങ്ങോട്ട് ഹൈപ്പര്‍മാര്‍ട്ട് എന്ന ആശയം അവതരിപ്പിച്ചതും അദ്ദേഹം തന്നെയാണ്. അതിന് ചെയര്‍മാന്‍ വിഎ യൂസഫിന്റെ പിന്തുണയും ലഭിച്ചു. 2015-ല്‍ ആലപ്പുഴയിലാണ് ബിസ്മിയുടെ ആദ്യ ഹൈപ്പര്‍മാര്‍ട്ട് തുടങ്ങുന്നത്. പിന്നീട് തൃശൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളിലേക്കുകൂടി വ്യാപിച്ചു.

”മത്സരം എല്ലാ മേഖലകളിലുമുണ്ട്. എന്നാല്‍ ഓരോ രംഗത്തും ഇത് വ്യത്യസ്തമാണെന്നു മാത്രം. ഏത് ഉല്‍പ്പന്നം എടുത്താലും ഏതുമേഖലകള്‍ എടുത്താലും മത്സരങ്ങള്‍ കാണാം. ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ നല്‍കുക, സേവനങ്ങള്‍ ഉറപ്പുവരുത്തുക, ജീവനക്കാര്‍ക്ക് മികച്ച പരിശീലനം നല്‍കി അവരെ പാകപ്പെടുത്തിയെടുക്കുക, സ്ഥാപനം അവരുടേത് കൂടിയാണെന്ന തരത്തിലുള്ള ചിന്ത ഉണ്ടാക്കിയെടുക്കുക. ഇതൊക്കെയാണ് ബിസ്മിയുടെ വിജയത്തിനു പിന്നിലുള്ള മുഖ്യ ഘടകങ്ങള്‍,” അജ്മല്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ വളരണമെന്നുണ്ടെങ്കില്‍ നല്ലൊരു ബാക്ക് എന്റ് സോഫ്റ്റുവെയര്‍ പിന്തുണ കൂടി വേണമെന്നും അദ്ദേഹം പറയുന്നു. വലിയ രീതിയില്‍ വ്യാപിക്കണമെങ്കില്‍ മികച്ച ഐടി ടീം കൂടി വേണമെന്നും അദ്ദേഹം നി
ര്‍ദ്ദേശിക്കുന്നു. നല്ലൊരു എച്ച് ആര്‍ ടീമിനെക്കൂടി വളര്‍ത്തിയെടുക്കേണ്ടത് അഭികാമ്യമാണെന്നും അദ്ദേഹം പറയുന്നു. ബിസ്മിയെ മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതും ഇതുതന്നെയാണ്. സ്റ്റാഫില്‍ മികച്ച നിക്ഷേപം നടത്തുന്നത് തങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുന്നുണ്ടെന്നും അജ്മല്‍ വ്യക്തമാക്കുന്നു. മികച്ച രീതിയിലാണ് ഇതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കമ്പനി നടത്തുന്നത്.

മുന്‍പു സൂചിപ്പിച്ചത് പോലെ ബിസ്മിയുടെ തുടക്കം റീട്ടെയ്ല്‍ ഗ്യാസ് വിതരണ രംഗത്തായിരുന്നു. മികച്ച സേവനങ്ങള്‍ ഉറപ്പുവരുത്തി വ്യക്തമായ ഒരു ഐഡന്റിറ്റി നേടിയെടുക്കാന്‍ സ്ഥാപനത്തിന് കഴിഞ്ഞിരുന്നു. 2000-ത്തില്‍ റീട്ടെയ്ല്‍ രംഗത്തേക്ക് കടന്നപ്പോള്‍ അതിന്റെ ഗുണഫലം തങ്ങള്‍ക്ക് ലഭിച്ചതായും അജ്മല്‍ ഓര്‍മിക്കുന്നു. ഹൈപ്പര്‍മാര്‍ട്ടിലേക്ക് കടന്നപ്പോള്‍ അതിന്റെ റിസ്‌ക് പലരും ചൂണ്ടിക്കാട്ടിയിരുന്നതായും അദ്ദേഹം പറയുന്നു. തന്നെ സംബന്ധിച്ചിടത്തോളം ബിസിനസ് ഒരു പാഷനായിരുന്നുവെന്നും അതുകൊണ്ടുതന്നെ ഇത് നിരാകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

വേറിട്ട ബിസിനസ്
സങ്കല്‍പ്പങ്ങള്‍
കൃത്യമായ ആസൂത്രണത്തോടെ മുന്നോട്ടുപോയാല്‍ വിജയം കൈവരിക്കാനാവുമെന്നതാണ് ബിസ്മി സംരംഭകര്‍ക്ക് നല്‍കുന്ന സന്ദേശം. അമിതമായ ലാഭം ലക്ഷ്യംവയ്ക്കാതെ കൃത്യമായ ആസൂത്രണത്തോടെ ബിസിനസിനെ സമീപിക്കുക. കുറച്ചുവിറ്റ് കൂടുതല്‍ ലാഭമുണ്ടാക്കണമെന്ന് ചിന്തിക്കാതിരിക്കുകയാണ് വേണ്ടതെന്നും അജ്മല്‍ പറയുന്നു. അതിനുപകരം കൂടുതല്‍ വിറ്റ് സന്തുലിതമായ രീതിയില്‍ ലാഭം ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. പെട്ടെന്നു തന്നെ ഉപഭോക്താക്കള്‍ക്കിടയില്‍ സംസാര വിഷയമായി മാറാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ”മാര്‍ക്കറ്റിംഗിന് വേണ്ടിയുള്ളതാണ് ഏറ്റവും വലിയ ചെലവ്. എന്നും പത്രത്തില്‍ പരസ്യം നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കാനാവില്ല. അതിന് ഒരു പരിധിയുണ്ട്. നാം നല്‍കുന്ന സേവനങ്ങള്‍ മാത്രമേ അവര്‍ ഓര്‍മിക്കുകയുള്ളൂ. അത് മാത്രമേ അവര്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കൂ. ഇത്തരം മൗത്ത് പബ്ലിസിറ്റി നേടിയെടുക്കണമെങ്കില്‍ നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ കൃത്യമായ വിലയില്‍ മികച്ച സേവനങ്ങളോടെ ഉപഭോക്താക്കളിലേക്കെത്തിക്കണം. അതാണ് ഞങ്ങളുടെ രീതി,” അജ്മല്‍ പറയുന്നു.

നൂതന ആശയങ്ങള്‍ എപ്പോഴും സംരംഭകത്വത്തിന് വളമാണെന്നും അജ്മല്‍ അഭിപ്രായപ്പെടുന്നു. ഹൈപ്പര്‍മാര്‍ട്ടില്‍ സ്വന്തം ബ്രാന്‍ഡിലുള്ള ഡയറി ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ് ബിസ്മി ഇപ്പോള്‍. 24 മണിക്കൂര്‍ മാത്രം ലൈഫുള്ള ശുദ്ധമായ പാല്‍ ആണ് ഇത്തരത്തില്‍ ലഭ്യമാക്കുക. ഫാംലി എന്നാണ് ഇതിന്റെ പേര്. ഫാമില്‍ നിന്ന് നേരിട്ട് ഫാമിലിക്കായി എന്നതാണ് ആശയം. വില അല്‍പ്പം കൂടുതലാകുമെങ്കില്‍ പോലും ഗുണമേന്മയുള്ള ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ സ്വീകരിക്കുമെന്നു തന്നെയാണ് ബിസ്മി പ്രതീക്ഷിക്കുന്നത്. മാര്‍ച്ച് ആവുമ്പോഴേക്കും ഇത് തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ. ബിസ്മിയുടെ ഔട്ട്‌ലെറ്റുകള്‍ വഴി തന്നെയായിരിക്കും വിതരണവും. ഡയറി ഉല്‍പ്പന്നങ്ങള്‍ക്ക് പുറമേ സേഫ് ടു ഈറ്റ് പച്ചക്കറികള്‍, മുട്ട തുടങ്ങിയ ഉല്‍പ്പന്നങ്ങളും വിപണിയെത്തിക്കാന്‍ ഇവര്‍ പദ്ധതിയിടുന്നുണ്ട്. മികച്ച ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ താങ്ങാനാവുന്ന വിലയ്ക്ക് ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുകയാണ് ബിസ്മി ഹൈപ്പര്‍മാര്‍ട്ടിലൂടെ.

നോട്ട് നിരോധനം
നല്ല നടപടി
നോട്ട് നിരോധനത്തെ നല്ല നീക്കമായാണ് ബിസ്മി വിലയിരുത്തുന്നത്. ഗൃഹോപകരണമേഖലയെ ഇത് ബാധിച്ചിട്ടുണ്ടെന്നത് വളരെ ശരിയാണെന്നും ഫുഡ് റീട്ടെയ്ല്‍ രംഗത്തെ ഇത് കാര്യമായി ബാധിച്ചിട്ടില്ലെന്നും അജ്മല്‍ പറയുന്നു. അതുകൊണ്ടുതന്നെ ബിസ്മി മികച്ച ഭാവികാണുന്നതും ഭക്ഷ്യ റീട്ടെയ്ല്‍ രംഗത്താണ്. ഭക്ഷ്യ റീട്ടെയ്ല്‍ രംഗത്തിന് ഏറെ വളമാകുന്നത് നമ്മുടെ ജനസംഖ്യ തന്നെയാണ്. ഇത്രയധികം ആളുകള്‍ ഉള്ളതുകൊണ്ടുതന്നെ അവരുടെ ഡിമാന്‍ഡിനനുസരിച്ച് ഉല്‍പ്പന്നങ്ങള്‍ ഉണ്ടായേ പറ്റൂ. ഇതുതന്നെയാണ് അതിന്റെ സാധ്യതയും.

”അവശ്യവസ്തുക്കളുടെ വിപണിയെ നോട്ടുപിന്‍വലിക്കല്‍ കാര്യമായി ബാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ പ്രത്യേകിച്ച് പ്രശ്‌നമൊന്നും ഉണ്ടായില്ല. എന്നാല്‍ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ വിഭാഗത്തെ ഇത് കാര്യമായി ബാധിച്ചു. ഇത് അഞ്ചുമാസത്തേക്കുകൂടി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകഴിഞ്ഞാല്‍ വിപണി വീണ്ടും സാധാരണനിലയിലാകും. ഇതൊരു നല്ല നീക്കമായാണ് ഞാന്‍ വിലയിരുത്തുന്നത്. പില്‍ക്കാലത്ത് ഇത് ഏറെ ഗുണം ചെയ്യുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്, ” അദ്ദേഹം പറയുന്നു.
”ഞങ്ങളെപ്പോലുള്ള റീട്ടെയ്‌ലര്‍മാരെ സംബന്ധിച്ചിടത്തോളം ഇത് മറ്റൊരു തരത്തിലാണ് ബാധിക്കുക. മുന്‍പ് 90 ശതമാനം ബിസിനസും പണം ഉപയോഗിച്ചാണ് നടന്നിരുന്നത്. 10 ശതമാനം മാത്രമാണ് കാര്‍ഡ് അല്ലെങ്കില്‍ പ്ലാസ്റ്റിക് മണി ഉപയോഗിച്ച് വിനിമയം ചെയ്യപ്പെട്ടിരുന്നത്. എന്നാലിപ്പോള്‍ ഇതുനേരെ തിരിച്ചായി. ഇപ്പോള്‍ 90 ശതമാനം പ്ലാസ്റ്റിക് മണിയാണ് ആളുകള്‍ പേയ്‌മെന്റിനായി ഉപയോഗിക്കുന്നത്. ഈ പ്ലാസ്റ്റിക് മണിക്ക് ഞങ്ങള്‍ ചാര്‍ജ് നല്‍കേണ്ടി വരുന്നുണ്ട്. ഇത് വലിയ ചെലവ് തന്നെയായി മാറുകയാണ്. ഈ മാസത്തെ കാര്യം പരിഗണിച്ചാല്‍ 15 ലക്ഷം രൂപ വരെയാണ് ഇത്തരത്തില്‍ അധിക ചാര്‍ജ് വന്നിട്ടുള്ളത്,” ഇത് കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചാല്‍ നന്നായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ ഒരു ശതമാനം കാര്‍ഡ് ചാര്‍ജ് ഉപഭോക്താക്കളില്‍ നിന്നീടാക്കാനുള്ള സാഹചര്യവുമില്ല. ഇതില്‍ എന്തെങ്കിലും ഇളവുകള്‍ ബാങ്കുകളോ സര്‍ക്കാരുകളോ ചെയ്ത് നല്‍കുന്നത് സംരംഭകര്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കും. ഇത് ഇങ്ങനെ തന്നെ രണ്ടു മൂന്ന് മാസക്കാലം തുടരുകയാണെങ്കില്‍ അതിനനുസരിച്ച് ഉല്‍പ്പന്നങ്ങള്‍ക്ക് വിലകൂട്ടാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. നോട്ട് അസാധുവാക്കല്‍ നയത്തില്‍ പോലും അവസരങ്ങളാണ് അജ്മല്‍ കണ്ടെത്തുന്നത്. 30 ശതമാനം ഇടിവാണ് ഇലക്ട്രോണിക് രംഗത്തെ ബിസിനസിനുണ്ടായത്. ഈ ഇടിവില്‍ നിന്ന് കരകയറി ബിസിനസിനെ എങ്ങനെ ലാഭത്തിലേക്ക് കൊണ്ടുവരാമെന്നാണ് താന്‍ ചിന്തിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ഇപ്പോള്‍ 650 കോടിയുടെ വിറ്റുവരവാണ് ബിസ്മി ഗ്രൂപ്പിനുള്ളത്. 2020 ആകുമ്പോഴേക്കും ഇത് 1200 മുതല്‍ 1250 കോടി വരെയാക്കി വര്‍ധിപ്പിക്കാനാണ് സ്ഥാപനം ലക്ഷ്യമിടുന്നത്. കേരളത്തില്‍ മാത്രം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. തല്‍ക്കാലം കേരളത്തിന് പുറത്തുള്ള ബിസിനസ് ലക്ഷ്യമിടുന്നില്ലെന്നും അജ്മല്‍ പറയുന്നു. ഇപ്പോള്‍ അഞ്ച് ഹൈപ്പര്‍മാര്‍ട്ടുകളാണ് ബിസ്മിക്കുള്ളത്. ഇത് 20 എണ്ണമാക്കാനും പദ്ധതിയുണ്ട്. പാലക്കാട്, പെരിന്തല്‍മണ്ണ, മഞ്ചേരി, പെരുമ്പാവൂര്‍ എന്നീ നാലിടങ്ങളില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

കേരളത്തിലെ ബിസിനസ് അന്തരീക്ഷം
കേരളത്തില്‍ ബിസിനസ് ചെയ്യാന്‍ എളുപ്പമാണ്. പഴയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ ഒന്നുമില്ല. എല്ലായിടത്തും എല്ലാവരും പറയുന്ന പ്രശ്‌നം ട്രേഡ് യൂണിയനെ സംബന്ധിച്ചുള്ളതാണ്. അവിടെയും നമുക്ക് ഇത്രയേ തരാന്‍ സാധിക്കുകയുള്ളു, അല്ലെങ്കില്‍ അതുകൊണ്ടു മാത്രമേ മുന്നോട്ട് പോകാനാവൂ എന്നുപറഞ്ഞാല്‍ അവര്‍ അംഗീകരിക്കുന്നുണ്ട്. എനിക്കിപ്പോള്‍ 16 സ്‌റ്റോറുകളുണ്ട്. എല്ലായിടത്തും യൂണിയന്‍കാര്‍ തന്നെയാണ് ലോഡുകള്‍ ഇറക്കുന്നത്. ഇതുവരെ പ്രശ്‌നമൊന്നും ഉണ്ടായിട്ടില്ല. വിട്ടുവീഴ്ചാ മനോഭാവം അങ്ങോട്ടും ഇങ്ങോട്ടുമുണ്ടാകണം.

മോറല്‍ ഫിലോസഫി
എല്ലാ കാര്യങ്ങളിലും സത്യസന്ധത പുലര്‍ത്തുകയെന്നതു തന്നെയാണ് ഞാന്‍ കൊണ്ടു നടക്കുന്ന മോറല്‍ ഫിലോസഫി. വാക്കുപാലിച്ചാല്‍ ബിസിനസ് നിങ്ങളെ തേടിയെത്തും. ഉപഭോക്താക്കള്‍ക്ക് നല്ല ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുക, നല്ലസേവനങ്ങള്‍ ഉറപ്പു നല്‍കുക. നമ്മളുണ്ടാക്കുന്ന പണത്തിന്റെ മൂല്യം നമ്മുടെ ജീവനക്കാര്‍ക്ക് കൂടി മനസിലാക്കിക്കൊടുക്കുക. എന്നെ സംബന്ധിച്ചിടത്തോളം ബിസിനസ് ഒരു പാഷനാണ്. അതുകൊണ്ടുതന്നെയാണ് ഇത്രയും റിസ്‌കുള്ള സമയത്തുപോലും ഇതിലേക്കിറങ്ങുന്നത്. റിസ്‌കെടുക്കാന്‍ തയാറുള്ളവര്‍ക്ക് മാത്രമേ വിജയിക്കാനാവൂ.

യുവസംരംഭകരോട് പറയാനുള്ളത്
വ്യക്തമായ പഠനത്തിനു ശേഷമേ ഏതു ബിസിനസിലേക്കായാലും കാലെടുത്തുവയ്ക്കാവൂ. നമ്മുടെ മുന്‍പില്‍ എപ്പോഴും ഒരു പ്രൊജ്ക്ട് റിപ്പോര്‍ട്ടുണ്ടാവണം. സംരംഭത്തിന്റെ ഭാവിയെക്കുറിച്ചും വിപണന തന്ത്രങ്ങളെക്കുറിച്ചും നല്ല ഗ്രാഹ്യമുണ്ടാകണം. വിപണിയുടെ പള്‍സ് എന്താണെന്ന് മനസിലാക്കുകയും വേണം. കുറച്ച് സമയമെടുത്തിട്ടാണെങ്കില്‍പോലും നല്ലപോലെ ഗ്രാഹ്യം നേടിയ ശേഷമേ മേഖലയിലേക്ക് ഇറങ്ങാവൂ. പെട്ടെന്നുള്ള ലാഭത്തിനു വേണ്ടി വൈവിധ്യവത്കരണവും അരുത്. ബിസിനസ് ചെയ്യാന്‍ ഫണ്ട് ഫ്‌ളോ എപ്പോഴും വേണമെന്നു ചിന്തിക്കണം.

റിട്ടയര്‍മെന്റിനു
ശേഷം
കൃഷിയാണ് താല്‍പര്യം. കര്‍ഷകന്‍ ആവാനാണ് ആഗ്രഹം. അതുകൊണ്ടുതന്നെ ഒരു റിട്ടയര്‍മെന്റുണ്ടെങ്കില്‍ ആ രംഗത്തേക്കുതന്നെ തിരിയും.

വിഷന്‍ 2020
2020 ആവുമ്പോഴേക്കും 1250 കോടി ടേണോവറില്‍ എത്തിച്ചേരുകയെന്നതാണ് ലക്ഷ്യം.

Comments

comments

Categories: FK Special