ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ ഇന്ത്യയിലെ ഐടി വ്യവസായത്തിന് ഊര്‍ജം പകരും: ഡോ. ബാജു ജോര്‍ജ്

ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ ഇന്ത്യയിലെ ഐടി വ്യവസായത്തിന് ഊര്‍ജം പകരും: ഡോ. ബാജു ജോര്‍ജ്

 

കൊച്ചി: ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ ഇന്ത്യയിലെ ഐടി വ്യവസായ മേഖലയ്ക്ക് ഊര്‍ജം പകരുമെന്ന് കൊച്ചി സ്മാര്‍ട്‌സിറ്റി സിഇഒ ഡോ. ബാജു ജോര്‍ജ് പറഞ്ഞു. കൊച്ചി സ്മാര്‍ട്‌സിറ്റിയില്‍ എന്‍ഡൈമെന്‍ഷന്‍സ് (NdimensionZ) എന്ന ഐടി കമ്പനിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇരുപത് വര്‍ഷം മുമ്പ് വൈ2കെ എന്ന പ്രശ്‌നം ആഗോള ഐടി രംഗത്ത് മികച്ച സ്ഥാനമുറപ്പിക്കാന്‍ ഇന്ത്യയ്ക്ക് സഹായകമായി. ഏതാണ്ട് 100 ദശലക്ഷം ഡോളര്‍ അക്കാലത്ത് ഇന്ത്യയിലേക്ക് ഒഴുകിയെത്തിയിട്ടുണ്ട്. സമാനമായ സാഹചര്യമാണ് ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നയം മൂലം ഉണ്ടായിട്ടുള്ളതെന്നും ബാജു ജോര്‍ജ് പറഞ്ഞു. എന്നാല്‍ പിഴവുകളില്ലാത്ത ഡിജിറ്റല്‍ ഇടപാടുകള്‍ ഉറപ്പാക്കാന്‍ സൈബര്‍ സുരക്ഷ, ഡാറ്റാ സെന്റര്‍ സ്ഥാപിക്കല്‍ തുടങ്ങി പല തടസ്സങ്ങളുണ്ട്. ഇത് ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക ബാങ്ക് റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ആഭ്യന്തര ഉല്‍പാദന വളര്‍ച്ച നിലവില്‍ 7.8% ആണ്. നിലവിലെ സാഹചര്യം ആഭ്യന്തര ഉല്‍പാദന നിരക്ക് 10% ആയി ഉയരാനിടയാക്കും. ഇത് ദാരിദ്ര്യനിര്‍മാര്‍ജനത്തിന് സഹായകമാകുമെന്നും ബാജു ജോര്‍ജ് പറഞ്ഞു.

ഡാറ്റാ സെന്റര്‍ മാനേജ്‌മെന്റ്, പിസിഐ കണ്‍സള്‍ട്ടിംഗ്, ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍, സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ്, അടുത്ത തലമുറ ക്ലൗഡ് സേവനങ്ങള്‍ തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എന്‍ഡൈമെന്‍ഷന്‍സ് സ്മാര്‍ട്‌സിറ്റിയിലെ ആദ്യ ഐടി മന്ദിരത്തിലെ 10,000 ച.അടി സ്ഥലമാണ് ഏറ്റെടുത്തിരിക്കുന്നത്. ആദ്യഘട്ടത്തില്‍് 100ലേറെ ഐടി വിദഗ്ധരാണ് ഇവിടെ ജോലി ചെയ്യുന്നത്. വൈകാതെ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഇതിനുള്ള നിയമനപ്രക്രിയ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. മൂന്ന് ഷിഫ്റ്റുകളിലായി 200 പേരെ ഉള്‍കൊള്ളാനാകുന്നതാണ് സ്മാര്‍ട്‌സിറ്റിയിലെ ഓഫീസ്.

എന്‍ഡൈമെന്‍ഷന്‍സ് സിഇഒയും സഹസ്ഥാപകനുമായ ജിതിന്‍ എം.വി, ഡയറക്ടര്‍മാരായ മുരളീധരന്‍ രാമസ്വാമി, സൂരജ് മോഹനന്‍, അനൂപ് അച്യുതന്‍, അനൂപ്കുമാര്‍, ഹേമന്ത്കുമാര്‍, നിശാന്ത് ഇ.വി തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.

അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനും തടസ്സമില്ലാത്ത വൈദ്യുതി വിതരണവും ഉള്‍പ്പെടെ മികച്ച അടിസ്ഥാനസൗകര്യം ലഭ്യമാക്കുന്നത് കാരണമാണ് സ്മാര്‍ട്‌സിറ്റിയില്‍ പുതിയ ഓഫീസ് തുറക്കാന്‍ തീരുമാനിച്ചതെന്ന് എന്‍ഡൈമെന്‍ഷന്‍സ് സിഇഒ ജിതിന്‍ എം വി പറഞ്ഞു. കൂടാതെ ഇവിടെ ജീവനക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനസാഹചര്യവും ലഭിക്കുന്നു. ഇത് ജീവനക്കാരുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാന്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

2007ല്‍ സ്ഥാപിതമായ എന്‍ഡൈമെന്‍ഷന്‍സിന്റെ ഇടപാടുകാരിലേറെയും യുഎസ്, യുകെ, യുഎഇ, സിംഗപ്പൂര്‍, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ്. കമ്പനിയുടെ ഉല്‍പന്നങ്ങള്‍ ആഗോളതലത്തില്‍ 100ലേറെ രാജ്യങ്ങളില്‍ വിറ്റഴിക്കപ്പെടുന്നുണ്ട്. അപഗ്രഥന ഉപകരണമായ നിര്‍ണയ, സര്‍വര്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള അപ്പാച്ചെ ബൂസ്റ്റര്‍, മാനവ വിഭവശേഷി കൈകാര്യം ചെയ്യുന്ന സംവിധാനമായ ഓഫീസ് കര്‍മ, രേഖകള്‍ കൈകാര്യം ചെയ്യാനുള്ള നൂതന സംവിധാനം ഡോക്‌ഷെല്‍ഫ് എന്നിവയാണ് എന്‍ഡൈമെന്‍ഷന്‍സിന്റെ ഉല്‍പന്നങ്ങളില്‍ ചിലത്.

 

Comments

comments

Categories: Business & Economy