ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മിക്കുന്നതിന് നികുതി ആനുകൂല്യം തേടി ആപ്പിള്‍

ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മിക്കുന്നതിന് നികുതി ആനുകൂല്യം തേടി ആപ്പിള്‍

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണം ആരംഭിക്കാന്‍ പദ്ധതിയിടുന്നതിന്റെ ഭാഗമായി ആപ്പിള്‍ കമ്പനി നികുതിയിളവ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറക്കുമതി, നിര്‍മാണ ചുങ്കങ്ങള്‍ കുറയ്ക്കണമെന്നാവശ്യവുമായി നവംബറില്‍ ആപ്പിള്‍ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. എല്ലാ നികുതികളും ഉള്‍പ്പെടുത്തികൊണ്ട് ഏകീകൃത ചരക്ക് സേവന നികുതി നയം നടപ്പിലാക്കാനിരിക്കുന്ന സാഹര്യത്തിലാണ് വീണ്ടും നികുതി ആനുകൂല്യം ആവശ്യപ്പെട്ട് ആപ്പിള്‍ രംഗത്തെത്തിയിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഫോണ്‍ വിപണിയായ ഇന്ത്യയില്‍ വളരേ വേഗം നിര്‍മാണം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് ആപ്പിള്‍. ഇന്ത്യന്‍ വിപണിയിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനു വേണ്ടി കുറഞ്ഞ നിരക്കില്‍ ഹാന്‍ഡ്‌സെറ്റുകള്‍ അവതരിപ്പിച്ച് ഈ രംഗത്തെ എതിരാളികളുമായുള്ള മത്സരം ശക്തമാക്കാനാണ് കമ്പനിയുടെ ശ്രമം. ഇന്ത്യയില്‍ തങ്ങളുടെ റീട്ടെയ്ല്‍ സ്റ്റോറുകള്‍ വിപുലീകരിക്കുന്നതിലൂടെ കൂടുതല്‍ വന്‍കിട ഉപഭോക്താക്കളെ കണ്ടെത്താനും ആപ്പിള്‍ പദ്ധതിയിടുന്നു.
ഇന്ത്യയില്‍ നിന്നുള്ള വരുമാനത്തിനു മേല്‍ ഉണ്ടായേക്കാവുന്ന നികുതി ഭാരവുമായി ബന്ധപ്പെട്ട് കേന്ദ്ര ആദായ നികുതി വകുപ്പുമായി കമ്പനി ചര്‍ച്ച ആരംഭിക്കുമെന്നാണ് ഔദ്യോഗിക വിവരം. അതോസമയം ഇന്ത്യന്‍ ഫോണ്‍ വില്‍പ്പനയില്‍ വലിയ പങ്കാളിത്തം നേടുന്നത് ആപ്പിളിന് അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തല്‍. വിദേശ കമ്പനി ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ഔട്ട്‌ലെറ്റുകള്‍ വഴി വില്‍പ്പന ആരംഭിക്കുന്നതിനു മുന്‍പ് 30 ശതമാനം വിഭവ സമാഹരണം പ്രാദേശികമായി നടത്തേണ്ടതുണ്ട്. നേരത്തേ ഈ നിബന്ധനയില്‍ ഇളവു നേടാനുള്ള ആപ്പിളിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു.
നിലവില്‍ ആപ്പിളിന്റെ മിക്ക ഉല്‍പ്പന്നങ്ങളുടെയും നിര്‍മാണം നടക്കുന്നത് ചൈനയിലാണ്. മേക്ക് ഇന്‍ പദ്ധതിയുടെ ഭാഗമായി ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മാണം ആരംഭിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി താല്‍പ്പര്യപ്പെടുന്നത്. ഇതിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാമെന്നും കണക്കുകൂട്ടുന്നു.

Comments

comments

Categories: Slider, Top Stories