യുഎസുമായുള്ള ബന്ധത്തില്‍ ഇസ്രയേലിന് പുതിയ തുടക്കം

യുഎസുമായുള്ള ബന്ധത്തില്‍ ഇസ്രയേലിന് പുതിയ തുടക്കം

ബി സ്‌ട്രോങ് ഇസ്രയേല്‍, ജനുവരി 20 വരെ കാത്തിരിക്കൂ-നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം നടത്തിയ ട്വീറ്റാണിത്. അമേരിക്കയും ഇസ്രയേലും തമ്മിലുള്ള ബന്ധം താഴ്ച്ചയുടെ പുതിയ തലങ്ങളിലെത്തുന്നതിനിടയിലാണ് ആശ്വാസമായി ട്രംപിന്റെ ട്വീറ്റ് എത്തിയിരിക്കുന്നത്. ചെളിവാരിയെറിയലുകളിലൂടെ ബന്ധം തീര്‍ത്തും വഷളാക്കുകയാണ് ഏറ്റവും നല്ല സുഹൃത്തുക്കളായിരുന്ന ഈ രണ്ട് രാഷ്ട്രങ്ങള്‍. മിഡില്‍ ഈസ്റ്റിലെ സമാധാന ശ്രമങ്ങളെ ചൊല്ലി അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോണ്‍ കെറിയും ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മിലെ വാഗ്വാദങ്ങള്‍ തീര്‍ത്തും വഷളായ സാഹചര്യമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. ഇതിനെത്തുടര്‍ന്നായിരുന്നു താന്‍ സ്ഥാനമേറ്റെടുക്കുന്ന ജനുവരി 20 വരെ കാത്തിരിക്കാന്‍ പറഞ്ഞുള്ള ട്രംപിന്റെ ട്വീറ്റ്.

ബുധനാഴ്ച്ച നടത്തിയ പ്രസംഗത്തില്‍ നെതന്യാഹുവിന്റെ നയങ്ങളെ കടന്നാക്രമിക്കുകയായിരുന്നു കെറി ചെയ്തത്. കിഴക്കന്‍ ജറുസലേമിലും വെസ്റ്റ് ബാങ്കിലുമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിലൂടെ പ്രശ്‌നത്തിന് രണ്ട് സ്വതന്ത്ര രാജ്യങ്ങള്‍ (പലസ്തീന്‍, ഇസ്രയേല്‍) എന്ന തരത്തില്‍ പരിഹാരം കാണാനുള്ള ശ്രമത്തെ നെതന്യാഹു ഇല്ലാതാക്കുകയാണെന്നായിരുന്നു കെറി പറഞ്ഞത്. ഒരു രാജ്യം മാത്രമാണ് പരിഹാരമെങ്കില്‍ ഇസ്രയേലിന് ഒന്നുകില്‍ ജൂതരാഷ്ട്രമായി നിലനില്‍ക്കാം അല്ലെങ്കില്‍ ജനാധിപത്യരാഷ്ട്രമായി നിലനില്‍ക്കാം. അല്ലാതെ രണ്ടുമായുള്ള ഒരു നിലനില്‍പ്പ് സാധ്യമല്ല. ഇസ്രയേലിന്റെ ചരിത്രത്തില്‍ ഇത്രയും വലതുപക്ഷ സ്വഭാവമുള്ള ഒരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ല-കെറി പറഞ്ഞു. അന്ധമായ ഇസ്രയേല്‍ വിരുദ്ധതയില്‍ നിന്നുടലെടുത്തതാണ് കെറിയുടെ വാക്കുകള്‍ എന്നായിരുന്നു നെതന്യാഹു പ്രതികരിച്ചത്. ഈ സംഘര്‍ഷം എന്നും എപ്പോഴും ഇസ്രയേലിന്റെ നിലനില്‍പ്പിനായുള്ള അവകാശത്തെ ചൊല്ലിയുള്ളതായിരുന്നു. നിങ്ങളുടെ നിലനില്‍പ്പ് ഒരിക്കലും അംഗീകരിക്കാത്ത കൂട്ടരുമായി സംസാരിച്ച് എങ്ങനെയാണ് നിങ്ങള്‍ സമാധാനമുണ്ടാക്കുക-ഇതായിരുന്നു നെതന്യാഹുവിന്റെ മറുചോദ്യം.

ഇനി കഷ്ടിച്ച് മൂന്നാഴ്ച്ച മാത്രമേ ഒബാമയുടെ ഭരണം തീരാന്‍ ബാക്കിയുള്ളൂ. അതിനിടെ തിടുക്കപ്പെട്ട് ഇസ്രയേല്‍-പലസ്തീന്‍ വിഷയം വഷളാക്കിയത് തീരെ ഉചിതമായില്ല. മാത്രമല്ല, ട്രംപും നെതന്യാഹുവും തമ്മിലുള്ള ബന്ധം മികച്ച രീതിയിലാകുമെന്ന സൂചനകള്‍ ഇതിനോടകം ലഭിച്ചും കഴിഞ്ഞു. അമേരിക്കയുടെ നയങ്ങളെക്കുറിച്ച് വലിയ തോതിലുള്ള അനിശ്ചിതത്വമാണ് ഇത് സൃഷ്ടിക്കുക. ഒബാമ പിന്നില്‍ നിന്ന് കളിച്ചാണ് ഐക്യരാഷ്ട്രസഭയില്‍ ഇപ്പോള്‍ പ്രമേയം കൊണ്ടുവന്നതെന്നും ഇതിനുള്ള തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നുമാണ് നെതന്യാഹു അവകാശപ്പെടുന്നത്. എന്തായാലും അമേരിക്കയുടെ വിദേശ നയത്തിന്റെ കാര്യത്തില്‍ ട്രംപും ഒബാമയും ഇരു ധ്രുവങ്ങളിലാണെന്ന കാര്യത്തില്‍ സംശയമില്ല. ഇത് എത്തരത്തിലാകും ഭാവിയിലെ ലോകക്രമത്തെ നിശ്ചയിക്കാന്‍ പോകുന്നതെന്ന് കണ്ടറിയണം.

Comments

comments

Categories: Editorial