റഷ്യയ്‌ക്കെതിരേ നിലപാട് കടുപ്പിക്കുന്നു; ട്രംപിനെ കാത്തിരിക്കുന്നത് വെല്ലുവിളികള്‍

റഷ്യയ്‌ക്കെതിരേ നിലപാട് കടുപ്പിക്കുന്നു; ട്രംപിനെ കാത്തിരിക്കുന്നത് വെല്ലുവിളികള്‍

 

സൈബര്‍ ആക്രമണത്തിനെതിരേ ഒബാമ ഭരണകൂടം സ്വീകരിച്ച കടുത്ത ശിക്ഷാ നടപടി ഉത്തരകൊറിയയ്‌ക്കെതിരേയായിരുന്നു. 2015-ല്‍ സോണി പിക്‌ച്ചേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ് ഹാക്ക് ചെയ്തതിനെത്തുടര്‍ന്നായിരുന്നു അത്. എന്നാല്‍ ഇപ്പോള്‍ സൈബര്‍ ആക്രമണത്തിന്റെ പേരില്‍ റഷ്യയ്‌ക്കെതിരേ ഒബാമ ഭരണകൂടം സ്വീകരിച്ച നടപടി സമീപകാലത്തെ ഏറ്റവും വലിയ ശിക്ഷാ നടപടികളിലൊന്നായിട്ടാണ് നയതന്ത്ര ലോകം വിലയിരുത്തുന്നത്.
യുഎസ് പ്രസിഡന്റായി അടുത്തമാസം 20നു ചുമതലയേല്‍ക്കുന്ന ഡൊണാള്‍ഡ് ട്രംപിനെ കാത്തിരിക്കുന്നതു കടുത്ത വെല്ലുവിളികളാണ്. നവംബറില്‍ നടന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഹാക്കര്‍മാര്‍ നടത്തിയെന്നു പറയപ്പെടുന്ന ഇടപെടലിനെതിരേ ഡിസംബര്‍ 29ാം തീയതി വ്യാഴാഴ്ച ഒബാമ ശക്തമായ നടപടികളാണു സ്വീകരിച്ചത്. റഷ്യയുടെ രണ്ട് രഹസ്വാന്വേഷണ ഏജന്‍സികള്‍(gru, fsb), വ്യക്തകള്‍, കമ്പനികള്‍ തുടങ്ങിയവര്‍ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനു പുറമേ യുഎസിലുള്ള 35 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരോടു 72 മണിക്കൂറിനുള്ളില്‍ രാജ്യം വിട്ടുപോകാന്‍ നിര്‍ദേശിച്ചിട്ടുമുണ്ട്. സാന്‍ഫ്രാന്‍സിസ്‌കോയിലെ റഷ്യന്‍ കോണ്‍സുലേറ്റ്, വാഷിംഗ്ടണിലെ റഷ്യന്‍ എംബസി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് ഇവര്‍. റഷ്യയുമായി ബിസിനസ് ചെയ്യുന്നതില്‍ നിന്നും അമേരിക്കന്‍ കമ്പനികളെയും വ്യക്തികളെയും വിലക്കുന്നതാണ് ഒബാമയുടെ നടപടികളിലൊന്ന്. അതോടൊപ്പം യുഎസില്‍ റഷ്യ സ്വന്തമാക്കിയിരിക്കുന്ന സ്വത്തുക്കള്‍ മരിവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
2014ല്‍ റഷ്യ, ക്രീമിയയില്‍ അധിനിവേശം നടത്തിയപ്പോള്‍ ഒബാമ ഭരണകൂടം റഷ്യയ്ക്കു മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഈ ഉപരോധം നിലനില്‍ക്കേവയാണ് ഇപ്പോള്‍ ഒബാമ റഷ്യയ്‌ക്കെതിരേ വീണ്ടും ഉപരോധം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. വ്യാഴാഴ്ചത്തെ നടപടി ഒബാമ ഭരണകൂടം സമീപകാലത്ത്, സൈബര്‍ ആക്രമണത്തിനെതിരേ എടുത്ത ശക്തമായ നടപടി കൂടിയാണ്. 2015-ല്‍ സോണി പിക്‌ച്ചേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ് ഹാക്ക് ചെയ്തതിനെ തുടര്‍ന്നു ഉത്തര കൊറിയയ്‌ക്കെതിരേ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
റഷ്യ, യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ അന്യായമായി ഇടപെടല്‍ നടത്തിയെന്നു തെളിയിക്കുന്ന രേഖകള്‍ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ വ്യാഴാഴ്ച ഒബാമ ഭരണകൂടത്തിനു സമര്‍പ്പിച്ചിരുന്നു. യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ഇടപെടല്‍ നടത്തിയില്ലെന്ന് റഷ്യ ആവര്‍ത്തിക്കുന്നതിനിടെയാണ് എഫ്ബിഐ തെളിവുകള്‍ സമര്‍പ്പിച്ചത്. ഇത് റഷ്യയെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയും ചെയ്തിട്ടുണ്ട്.
അമേരിക്കന്‍ സ്ഥാപനങ്ങള്‍ക്കു നേരെയുള്ള വിദേശ രാജ്യങ്ങളുടെ സൈബര്‍ ആക്രമണം തടയേണ്ടതു തന്നെയാണ്. അത് തെറ്റാണ്. അത്തരം പ്രവര്‍ത്തികളെ ഒരിക്കലും പിന്തുണയ്ക്കാനാവില്ലെന്ന് ട്രംപ് നിയമിച്ച വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റെയ്ന്‍സ് പ്രീബ്‌സ് അഭിപ്രായപ്പെട്ടു.
അതേസമയം ഒബാമയുടെ റഷ്യയ്‌ക്കെതിരേയുള്ള നടപടിയെ രാഷ്ട്രീയ പ്രേരിതമെന്നാണ് റഷ്യ വിശേഷിപ്പിച്ചത്. റഷ്യന്‍-അമേരിക്കന്‍ ബന്ധത്തെ തകര്‍ക്കാനും ട്രംപിന്റെ വിദേശനയങ്ങളെ ദുര്‍ബലമാക്കുവാനുമാണ് ഒബാമ ശ്രമിക്കുന്നതെന്നു ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.
യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിലും അതിനു മുന്‍പ് പ്രചാരണ ഘട്ടത്തിലും റഷ്യന്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറ്റം നടത്തിയിരുന്നതായി യുഎസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ നേരത്തേ തന്നെ ഒബാമ ഭരണകൂടത്തിനു തെളിവു നല്‍കിയിരുന്നു. ഇതിനു പുറമേ ഡിസംബര്‍ 29ാം തീയതി വ്യാഴാഴ്ച എഫ്ബിഐയും ആഭ്യന്തരസുരക്ഷ വിഭാഗവും സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍, റഷ്യന്‍ ഹാക്കര്‍മാര്‍ ഉപയോഗിച്ച തന്ത്രത്തെക്കുറിച്ചും മാല്‍വെയറുകളെപ്പറ്റിയും വിശദമാക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒബാമ എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ റഷ്യന്‍ നയതന്ത്രജ്ഞരെ വ്യാഴാഴ്ച പുറത്താക്കിയതും മറ്റ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതും. ഒബാമയുടെ നീക്കത്തിന് അമേരിക്കന്‍ കോണ്‍ഗ്രസിലെ ചില റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ പിന്തുണയും ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഉരുത്തിരിഞ്ഞു വന്നിരിക്കുന്ന സാഹചര്യം ട്രംപിനു സമ്മാനിച്ചിരിക്കുന്നത് വെല്ലുവിളി നിറഞ്ഞ അവസ്ഥയാണ്. റഷ്യയുമായി സഹകരിച്ചു മുന്നേറുമെന്ന് പ്രഖ്യാപിച്ചിരുന്ന ട്രംപിന് ഒബാമയുടെ നടപടി നിയമപരമായിട്ടല്ലെങ്കിലും, രാഷ്ട്രീയപരമായി കനത്ത തിരിച്ചടി തന്നെയാണ്.
കാരണം ഭരണത്തിലേറി ആദ്യ ദിവസം തന്നെ റഷ്യന്‍ ഹാക്കിംഗുമായി ബന്ധപ്പെട്ട എഫ്ബിഐയുടെയും സിഐഎയുടെയും കണ്ടെത്തലുകള്‍ തെറ്റാണെന്ന് പറയുക ട്രംപ് ഭരണകൂടത്തെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യം തന്നെയായിരിക്കും. അമേരിക്കയിലെ ഭൂരിഭാഗം ജനങ്ങളും യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ റഷ്യ ഹാക്കിംഗ് നടത്തിയെന്ന് വിശ്വസിക്കുന്നവരാണ്. ഈ സാഹചര്യത്തില്‍ ട്രംപിന് ജനങ്ങളെ അവഗണിക്കാനോ രാജ്യത്തെ പ്രധാന അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യതയെയും കാര്യക്ഷമതയെയും ചോദ്യം ചെയ്യാനോ സാധിക്കില്ലെന്നതും വസ്തുതയാണ്. മറ്റൊരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഈ വിഷയത്തില്‍ റിപ്പബ്ലിക്കന്മാര്‍ ഒബാമയ്ക്കു നല്‍കിയ പിന്തുണയാണ്. റഷ്യയുമായി സൗഹൃദം സ്ഥാപിക്കാനൊരുങ്ങുന്ന ട്രംപ്, അധികാരത്തിലേറിയാല്‍ തീര്‍ച്ചയായും ഒബാമ ഏര്‍പ്പെടുത്തിയ ഉപരോധവും വിലക്കും അദ്ദേഹത്തിന്റെ എക്‌സിക്യൂട്ടീവ് അധികാരം ഉപയോഗിച്ചു നീക്കം ചെയ്യുമെന്ന കാര്യം ഉറപ്പാണ്. പക്ഷേ, ഇത്തരത്തില്‍ ട്രംപ് പ്രവര്‍ത്തിക്കാന്‍ ഒരുങ്ങിയാല്‍ അത് ചില റിപ്പബ്ലിക്കന്‍ അംഗങ്ങളെ പ്രകോപിപ്പിക്കുമെന്നും സൂചനയുണ്ട്. പ്രത്യേകിച്ച് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ ജോണ്‍ മക്കെയ്‌നും, ലിന്‍ഡ്‌സേ ഗ്രഹാമും റഷ്യയ്‌ക്കെതിരേ നടപടി വേണമെന്ന് വാദിക്കുന്നവരാണ്. ഇവരുടെ എതിര്‍പ്പിനെ മറികടന്ന് തീരുമാനമെടുക്കാന്‍ ട്രംപിനു സാധിക്കുമോ എന്നതും ചോദ്യമായി അവശേഷിക്കുന്നുണ്ട്. ഒബാമയുടെ നടപടി അമേരിക്കയില്‍ പരക്കേ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ ഈ നടപടിയിലൂടെ വൈറ്റ് ഹൗസ് ഉദ്ദേശിച്ച ലക്ഷ്യത്തിലെത്തുമോ എന്നത് സംശയമാണ്. റഷ്യന്‍ ചാരപ്രവര്‍ത്തനം അവസാനിപ്പിക്കുക എന്നതാണ് ഒബാമ, ശിക്ഷാ നടപടിയിലൂടെ ഉദ്ദേശിച്ചതെങ്കിലും ഇത്തരം നീക്കത്തിനു കാര്യമായ ചലനമുണ്ടാക്കാന്‍ സാധിക്കില്ലെന്നാണു വിദഗ്ധരുടെ അഭിപ്രായം.

Comments

comments

Categories: World