രഹസ്യരേഖകള്‍ കൈമാറണം; ടാറ്റ സണ്‍സ് മിസ്ട്രിക്ക് നോട്ടീസയച്ചു

രഹസ്യരേഖകള്‍ കൈമാറണം; ടാറ്റ സണ്‍സ് മിസ്ട്രിക്ക് നോട്ടീസയച്ചു

മുംബൈ: കമ്പനിയുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ടാറ്റ സണ്‍സ് സൈറസ് മിസ്ട്രിക്ക് വക്കീല്‍ നോട്ടിസയച്ചു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ അദ്ദേഹത്തിന്റെ ശപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് കമ്പനികള്‍ക്ക് കൈമാറിയിട്ടില്ലെന്ന് സ്ഥിരീകരിക്കുന്ന പ്രസ്താവനയും ഇതോടൊപ്പം സമര്‍പ്പിക്കണമെന്നും ടാറ്റ സണ്‍സ് നോട്ടീസില്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്വകാര്യ വിവരങ്ങള്‍ സൂക്ഷിക്കുമെന്ന വ്യവസ്ഥ മിസ്ട്രി ലംഘിച്ചുവെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് രഹസ്യ ഡോക്യുമെന്റുകള്‍ കൈമാറാന്‍ കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്.

കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ ഡോക്യുമെന്റുകളും തിരികെ നല്‍കിയെന്നും, ഇതില്‍ യാതൊന്നും അദ്ദേഹത്തിന്റെ അനുബന്ധ സ്ഥാപനങ്ങള്‍ക്കോ ബന്ധുക്കള്‍ക്കോ കൈമാറിയിട്ടില്ലെന്നും സ്ഥിരീകരിക്കുന്ന എഴുതി തയാറാക്കിയ രേഖ രണ്ട് ദിവസത്തിനുള്ളില്‍സമര്‍പ്പിക്കാനാണ് നോട്ടീസില്‍ ആവശ്യപ്പട്ടിരിക്കുന്നത്. മിസ്ട്രി കമ്പനിയുടെ അനുവാദമില്ലാതെ സ്വകാര്യ വിവരങ്ങള്‍ തെറ്റായരീതിയില്‍ ചോര്‍ത്തിയതു സംബന്ധിച്ച് വിശ്വസനീയമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും, ഇത്തരം അനധികൃത പ്രവൃത്തികള്‍് നിയമപരമായി ശിക്ഷ അര്‍ഹിക്കുന്നതാണെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.

ഈ ആഴ്ച്ച സൈറസ് മിസ്ട്രി ഗ്രൂപ്പില്‍ നിന്നും കൈപ്പറ്റുന്ന രണ്ടാമത്തെ വക്കീല്‍ നോട്ടീസാണിത്. രഹസ്യ രേഖകളുടെ കോപ്പികള്‍ കൈവശം വെക്കരുതെന്ന നിര്‍ദേശവും നോട്ടീസിലുണ്ട്. ഡയറക്റ്റര്‍ എന്ന നിലയില്‍ നിയമപരമായ കടമകള്‍ നിറവേറ്റുന്നതില്‍ നിന്നും മിസ്ട്രി വ്യതിചലിച്ചു, ടാറ്റ സണ്‍സിന് നഷ്ടം വരുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ മിസ്ട്രി ഏര്‍പ്പെട്ടു തുടങ്ങിയ ആരോപണങ്ങളും നോട്ടീസില്‍ ഉന്നയിച്ചിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories