സന്തോഷ് ട്രോഫി: കോഴിക്കോട് സ്‌റ്റേഡിയത്തിന്റെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍

സന്തോഷ് ട്രോഫി:  കോഴിക്കോട് സ്‌റ്റേഡിയത്തിന്റെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍

 

കോഴിക്കോട്: സന്തോഷ് ട്രോഫി ഫൂട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഒരുക്കങ്ങള്‍ കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്നു. ഗ്യാലറിയിലെ മിനുക്കു പണികള്‍, വിഐപി പവലിയന്‍ നവീകരണം, ഗ്രൗണ്ടിന് സമീപം വൃത്തിയാക്കല്‍ തുടങ്ങിയ പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. ഗ്രൗണ്ട് ഒരുക്കുന്ന ജോലികളും ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്.

സന്തോഷ് ട്രോഫിയുടെ പ്രാഥമിക റൗണ്ടിലെ പന്ത്രണ്ട് മത്സരങ്ങള്‍ക്കാണ് കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയം വേദിയാകുന്നത്. സേഠ് നാഗ്ജി ഇന്റര്‍നാഷണല്‍ ഫൂട്‌ബോളിന് ശേഷം വലിയൊരു ടൂര്‍ണമെന്റിന് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയം വേദിയാകാനൊരുങ്ങുന്നതും ഇതാദ്യമായാണ്. സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് ഭാരവാഹികളും അറിയിച്ചു.

സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്കെത്തുന്ന ടീമുകള്‍ക്ക് പരിശീലനം നടത്തുന്നതിനായി മെഡിക്കല്‍ കോളേജ് ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയം, ദേവഗിരി കോളേജ് ഗ്രൗണ്ട്, ഫറോക്ക് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളും സജ്ജമാക്കിയിട്ടുണ്ട്. മത്സരം കാണുന്നതിനായി ആരാധകര്‍ക്ക് സൗജന്യ പ്രവേശനമാണ് അനുവദിച്ചിരിക്കുന്നത്.

കേരള ടീം മുന്നേറുകയാണെങ്കില്‍ പ്രധാന മത്സരങ്ങള്‍ക്കും കോഴിക്കോട് വേദിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2005 നവംബര്‍ മാസത്തിലായിരുന്നു ഇതിന് മുമ്പ് സന്തോഷ് ട്രോഫി മത്സരങ്ങള്‍ കോഴിക്കോട് നടന്നത്.

Comments

comments

Categories: Sports