യുഎസ്-റഷ്യ ഭിന്നത: ട്രംപ് രഹസ്യാന്വേഷണ വിഭാഗവുമായി കൂടിക്കാഴ്ച നടത്തും

യുഎസ്-റഷ്യ ഭിന്നത: ട്രംപ് രഹസ്യാന്വേഷണ വിഭാഗവുമായി കൂടിക്കാഴ്ച നടത്തും

 

വാഷിംഗ്ടണ്‍: രഹസ്യാന്വേഷണ ഏജന്‍സികളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
രാജ്യത്തിന്റെയും ജനങ്ങളുടെയും താത്പര്യങ്ങള്‍ മുന്‍നിറുത്തി വലുതും മികച്ചതുമായ കാര്യങ്ങളിലേക്കു മുന്നേറാനുള്ള സമയമാണിത്. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അടുത്തയാഴ്ച ഇന്റലിജന്‍സ് സമൂഹവുമായി കൂടിക്കാഴ്ച നടത്തും-ട്രംപ് പറഞ്ഞു.
നവംബര്‍ എട്ടിന് നടന്ന യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഹാക്കര്‍മാരുടെ ഇടപെടലുണ്ടായെന്ന യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വ്യാഴാഴ്ച ഒബാമ ഭരണകൂടം കടുത്ത ശിക്ഷാ നടപടികളെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
റഷ്യയുടെ 35 നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയും രണ്ട് റഷ്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയുമാണ് യുഎസ് റഷ്യയ്‌ക്കെതിരേ നടപടിയെടുത്തത്.
ഈ വര്‍ഷം യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നാഷണല്‍ കമ്മിറ്റിയുടെയും ഹിലരി ക്ലിന്റന്റെ പ്രചരണ ചുമതലുണ്ടായിരുന്ന ജോണ്‍ പൊഡേസ്റ്റയുടെയും ഇ മെയ്‌ലുകള്‍ ഹാക്ക് ചെയ്ത സംഭവത്തെ തുടര്‍ന്നാണ് റഷ്യയുമായി അമേരിക്ക തര്‍ക്കം ആരംഭിച്ചത്. ഈ സംഭവത്തിനു പിന്നില്‍ റഷ്യന്‍ ഹാക്കര്‍മാരാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. എന്നാല്‍ അമേരിക്കയുടെ ആരോപണം റഷ്യ തള്ളുകയും ചെയ്തു. പക്ഷേ, ഡിസംബര്‍ 29ാം തീയതി വ്യാഴാഴ്ച അമേരിക്കയുടെ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ, യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിലെ റഷ്യന്‍ പങ്ക് തെളിയിക്കുന്ന രേഖകള്‍ ഒബാമ ഭരണകൂടത്തിനു സമര്‍പ്പിച്ചതോടെയാണ് റഷ്യയ്‌ക്കെതിരേ കടുത്ത നടപടി സ്വീകരിക്കാന്‍ ഒബാമ തീരുമാനിച്ചത്.

Comments

comments

Categories: World

Write a Comment

Your e-mail address will not be published.
Required fields are marked*