ഡിജിറ്റല്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കണം: ചന്ദ്രബാബു നായിഡു

ഡിജിറ്റല്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കണം: ചന്ദ്രബാബു നായിഡു

ഹൈദരാബാദ്: അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകളുടെ വിനിമയം വര്‍ധിക്കാന്‍ തുടങ്ങിയത് നോട്ട് അസാധുവാക്കലിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിക്ക് അയവുവരുത്തിയിട്ടുണ്ടെന്ന് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയും ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രം രൂപീകരിച്ച മന്ത്രിതലസമിതിയുടെ തലവനുമായ ചന്ദ്രബാബു നായിഡു.

ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു. ആദ്യഘട്ടത്തില്‍ നോട്ട് അസാധുവാക്കല്‍ നീക്കത്തില്‍ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ചിരുന്നെങ്കിലും പിന്നീട് എതിര്‍ത്തും ചന്ദ്രബാബു നായിഡു രംഗത്തെത്തിയിരുന്നു.

ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയതോടെ ആന്ധ്രാപ്രദേശില്‍ മൊബീല്‍ കറന്‍സി ഉപയോഗത്തില്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നും അടുത്ത വര്‍ഷത്തോടെ ഒരു മില്യണ്‍ ബയോമെട്രിക് ഡിവൈസുകള്‍ സര്‍ക്കാര്‍ അവതരിപ്പിക്കുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനും സര്‍ക്കാര്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നോട്ട് ക്ഷാമവും ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള മാറ്റത്തിന് ജനം തയാറെടുത്തിരുന്നില്ല എന്നതും സാമ്പത്തിക പരിഷ്‌കരണത്തിന്റെ ആദ്യ ഘട്ടത്തില്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ഇന്ന്, പുതിയ നോട്ടുകളുടെ വിനിമയം വര്‍ധിക്കുന്നതിനനുസരിച്ച് ഓരോ ദിവസവും പ്രതിസന്ധി കുഞ്ഞുവരുന്നുണ്ടെന്നും, സാഹചര്യങ്ങള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ തങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രമാനുസൃതമായി മൊബീല്‍ കറന്‍സിയുടെ ഉപയോഗം വര്‍ധിപ്പിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും സാങ്കേതിക വിദഗ്ധരുമായും ചന്ദ്രബാബു നായിഡു ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും മൊബീല്‍ കറന്‍സി പ്രോത്സാഹിപ്പിക്കുന്നതിന് മൂന്ന് വഴികള്‍ കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി. ആധാര്‍ പേ സംവിധാനത്തിലൂടെ മൈക്രോ എടിഎം എന്ന നിലയില്‍ ഇടപാട് നടത്താനാകുമെന്നും, യുഎസ്എസ്ഡി അല്ലെങ്കില്‍ യുപിഐ സംവിധാനമുപയോഗിച്ചും, സൈ്വപ്പിംഗ് മെഷീന്‍ വഴിയും ഡിജിറ്റല്‍ സംവിധാനങ്ങള്‍ വിപുലീകരിക്കാന്‍ സാധിക്കുമെന്നും നായിഡു വിശദീകരിച്ചു.

നോട്ട് അസാധുവാക്കല്‍ നീക്കം ഡിസംബര്‍, നവംബര്‍ മാസത്തെ വരുമാനത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്, ജനുവരിയിലും ഇതിന്റെ പരിണിതഫലം പ്രകടമായേക്കും. മൊബീല്‍ കറന്‍സി ഉപയോഗത്തിലേക്ക് എങ്ങനെ മാറാന്‍ സാധിക്കുമെന്നതിനാണ് ഇവിടെ പ്രാധാന്യം നല്‍കേണ്ടതെന്നും നായിഡു പറയുന്നു. ഉല്‍പ്പാദനവും ഉപഭോഗവും ചെലവിടലും നടക്കുന്നില്ലെങ്കില്‍ പ്രശ്‌നങ്ങളുണ്ടാകുമെന്നും ആന്ധ്രാപ്രദേശില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ 25 ശതമാനം മൊബീല്‍ കറന്‍സി ഉപയോഗം വര്‍ധിപ്പിക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ചരിത്ര നീക്കം രാജ്യത്തിന് ഗുണം ചെയ്യും. നമുക്ക് അഴിമതിയും കള്ളപ്പണവും തടയാനാകും. സാമ്പത്തികമായ ഉള്‍ച്ചേര്‍ക്കലിലൂടെ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ സാധരണക്കാരനെ സഹായിക്കുമെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനു കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Slider, Top Stories