വില്‍പ്പനയില്‍ മിന്ദ്രയ്ക്ക് മാന്ദ്യം

വില്‍പ്പനയില്‍ മിന്ദ്രയ്ക്ക് മാന്ദ്യം

ബെംഗളൂരു: ഇ-കൊമേഴ്‌സ് കമ്പനി ഫ്‌ളിപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ ഫാഷന്‍ സംരംഭം മിന്ദ്രയുടെ വില്‍പ്പന കഴിഞ്ഞ സാമ്പത്തിക വര്‍ഷം മന്ദഗതിയിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷം മിന്ദ്രയുടെ മാതൃസ്ഥാപനമായ മിന്ദ്ര ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് 1,069 കോടി രൂപയുടെ വരുമാനമാണ് നേടിയത്. മുന്‍ വര്‍ഷമിത് 773 കോടി രൂപയായിരുന്നു. അതേ സമയം മുന്‍ വര്‍ഷം 741 കോടി രൂപയായിരുന്ന നഷ്ടം വര്‍ധിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 816 കോടിയായിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 38 ശതമാനമായിരുന്നു മിന്ദ്രയുടെ വില്‍പ്പന വളര്‍ച്ച.

രണ്ടു വര്‍ഷമായി കമ്പനിയുടെ വില്‍പ്പന മന്ദഗതിയിലുള്ള വളര്‍ച്ചയാണ് കാണിക്കുന്നത്. ആപ്ലിക്കേഷന്‍ അധിഷ്ഠിത പ്ലാറ്റ്‌ഫോം മാത്രമാക്കിയ നടപടി ഉപഭോക്താക്കളെ അകറ്റാന്‍ കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്. മൊബീല്‍ ആപ്പ് കൊമേഴ്‌സില്‍ ആധിപത്യം നേടുകയെന്ന ലക്ഷ്യത്തോടെ 2015 മെയ്യിലാണ് മിന്ദ്ര ഡെസ്‌ക്ടോപ്പ് വെബ്‌സൈറ്റ് നിര്‍ത്തലാക്കിയത്. കഴിഞ്ഞ ഫെബ്രുവരിയിലെ മൊബീല്‍ സൈറ്റിന്റെ പുനര്‍ അവതരണത്തിനുശേഷം ജൂണില്‍ ഡെസ്‌ക്‌ടോപ്പ് സൈറ്റ് വീണ്ടും കമ്പനി ആരംഭിച്ചിരുന്നു. ഈ സാമ്പത്തികവര്‍ഷം 5,000 കോടിയുടെ മൊത്തം വില്‍പ്പനയാണ് മിന്ദ്ര ലക്ഷ്യമിടുന്നതെന്ന് ആനന്ദ് നാരായണന്‍ പറഞ്ഞു.

നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങള്‍ ഈ ലക്ഷ്യം കൈവരിക്കാന്‍ സഹായകമാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ഡിസംബറില്‍ വിപണിയിലെ എതിരാളികളായ ജബോങിനെ മിന്ദ്ര ഏറ്റെടുത്തിരുന്നു. 2017-18 സാമ്പത്തികവര്‍ഷം അവസാനത്തോടെ രണ്ടു ബില്ല്യണ്‍ ഡോളറിന്റെ വാര്‍ഷിക വരുമാനം നേടി ലാഭകരമായി പ്രവര്‍ത്തിക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം.

കഴിഞ്ഞ മാര്‍ച്ചില്‍ ഇ-കൊേഴ്‌സ് മേഖലയില്‍ സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന സാഹചര്യത്തില്‍ മിന്ദ്ര ബിസിനസ് പുനക്രമീകരിക്കുകയും പുതിയ വില്‍പ്പനക്കാരുമായി സഹകരണം ഉണ്ടാക്കുകയും ചെയ്തിരുന്നു.

Comments

comments

Categories: Branding