അടുത്ത ടെസ്റ്റില്‍ കളിച്ചേക്കില്ലെന്ന് മിസ്ബ ഉള്‍ ഹഖ്

അടുത്ത ടെസ്റ്റില്‍ കളിച്ചേക്കില്ലെന്ന് മിസ്ബ ഉള്‍ ഹഖ്

 

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരത്തില്‍ താനിറങ്ങുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖ്. ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ തനിക്ക് കാര്യമായൊന്നും സംഭാവന ചെയ്യാന്‍ സാധിക്കുന്നില്ലെന്നും അതിനാല്‍ സിഡ്‌നിയില്‍ നടക്കുന്ന അടുത്ത മത്സരത്തിറങ്ങണമോയെന്നതില്‍ പുനര്‍ചിന്ത ആവശ്യമാമെന്നുമായിരുന്നു മിസ്ബ ഉള്‍ ഹഖ് പറഞ്ഞത്.

രണ്ടാം ടെസ്റ്റ് മത്സരത്തില്‍ അപ്രതീക്ഷിത പരാജയം വഴങ്ങിയതിന് ശേഷമായിരുന്നു പാക്കിസ്ഥാന്‍ നായകന്റെ പ്രതികരണം. ടീമിലെ മുതിര്‍ന്ന താരമെന്ന നിലയില്‍ തന്റെ ഉത്തരവാദിത്വങ്ങള്‍ വലുതാണെന്നും അതിനാല്‍ തന്നെ ബാറ്റിംഗിലെ തന്റെ മോശം പ്രകടനം സ്വയം ചിന്തിപ്പിക്കുന്നുവെന്നും മിസ്ബ ഉള്‍ ഹഖ് വ്യക്തമാക്കി.

ഓരോ തവണ പരാജയപ്പെടുമ്പോഴും സ്വന്തം പ്രതീക്ഷകള്‍ക്കും ആരാധകരുടെ ആഗ്രഹങ്ങള്‍ക്കുമൊപ്പവും ഉയരാതെ പോവുകയാണ് പാക്കിസ്ഥാന്‍ ടീം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പരാജയങ്ങള്‍ക്ക് വേണ്ടിയല്ല കളിക്കുന്നതെന്നും എന്നാല്‍ താരങ്ങള്‍ അവസരത്തിനൊത്തുയരാത്തത് ആരാധകര്‍ക്ക് നിരാശയുണ്ടാകുന്നതിന് കാരണമാകുന്നുവെന്നും പാക്കിസ്ഥാന്‍ ടീം ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ചും മിസ്ബ ഉള്‍ ഹഖ് ഗൗരവമായി ചിന്തിച്ചുതുടങ്ങിയതായാണ് സൂചന. കഴിഞ്ഞ നാല് ടെസ്റ്റ് ഇന്നിംഗ്‌സുകളില്‍ നിന്നുമായി ഇരുപത് റണ്‍സ് മാത്രമാണ് പാക്കിസ്ഥാന്‍ ടീം നായകന്‍ നേടിയത്.

Comments

comments

Categories: Sports