പ്രതാപം വീണ്ടെടുത്ത് മൈക്രോസോഫ്റ്റ്

പ്രതാപം വീണ്ടെടുത്ത് മൈക്രോസോഫ്റ്റ്

 

വാഷിംഗ്ടണ്‍: ഏറ്റെടുക്കലുകളും ലാഭവര്‍ധനയുമെല്ലാമായി 2016 ല്‍ സാങ്കേതികവിദ്യാ മേഖലയെ അടക്കിഭരിച്ച മൈക്രോസോഫ്റ്റിന് 2017 അത്ര എളുപ്പമായിരിക്കില്ല. വിന്‍ഡോസ് 10 ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വര്‍ധിച്ചതോടെ 2016 ല്‍ മൈക്രോസോഫ്റ്റ് കോടിക്കണക്കിന് ഡോളര്‍ വരുമാനമാണ് കരസ്ഥമാക്കിയത്. ലിങ്ക്ഡ്ഇന്നിനെ ഏറ്റെടുത്ത് സാമൂഹ്യ മാധ്യമ രംഗത്ത് സുപ്രധാനമായ ചുവടുവെപ്പും നടത്തി ബില്‍ ഗേറ്റ്‌സ് സ്ഥാപിച്ച കമ്പനി. ക്ലൗഡ് അധിഷ്ഠിത ടീം കൊളാബ്രേഷന്‍ സംരംഭമായ സ്ലാക്കിനെതിരെ ടീംസ് എന്ന ടൂള്‍ അവതരിപ്പിച്ചതും ഈ വര്‍ഷമാണ്.

സിഇഒ ആയി സത്യ നദെല്ല സ്ഥാനമേറ്റതിനുശേഷം ക്ലൗഡ് കംപ്യൂട്ടിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് മൈക്രോസോഫ്റ്റിന് വലിയ നേട്ടം കൈവരിക്കാന്‍ സഹായിച്ചു എന്നതാണ് പ്രധാനപ്പെട്ട കാര്യം. 2017 ലും ഇത് തുടരുമെന്നുതന്നെയാണ് കരുതേണ്ടത്. പ്രതാപം മങ്ങിപ്പോയ മൈക്രോസോഫ്റ്റ് ഓപ്പണ്‍ സോഴ്‌സിനെ അംഗീകരിക്കുന്നതിനും പുതിയ ഉല്‍പ്പന്നങ്ങളുമായി മുഖ്യധാരയില്‍ വീണ്ടും സജീവമാകുന്നതിനും 2016 സാക്ഷിയായി.

പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് 10 പുറത്തിറക്കിയതോടെയാണ് മൈക്രോസോഫ്റ്റിന് നഷ്ടപ്പെട്ട ജനകീയത തിരിച്ചുപിടിക്കാനായത്. കോര്‍ട്ടാന തുടങ്ങിയ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചതോടെ വിന്‍ഡോസ് 10 ന് പ്രിയമേറുന്ന കാഴ്ച്ചയാണ് കണ്ടത്. കൂടാതെ മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ച ക്രിയേറ്റേഴ്‌സ് അപ്‌ഡേറ്റ് 3 ഡൈമെന്‍ഷണല്‍ കണ്ടെന്റും മറ്റും വികസിപ്പിക്കുന്നതിന് യൂസര്‍മാരെ സഹായിക്കും. ജോലി സംബന്ധമായും ക്രിയാത്മകത പരിപോഷിപ്പിക്കുന്നതിനുമുള്ള ഉല്‍പ്പന്നങ്ങള്‍ ഒരുപോലെ പുറത്തിറക്കാന്‍ മൈക്രോസോഫ്റ്റിന് കഴിഞ്ഞു. മുന്‍ സിഇഒ സ്റ്റീവ് ബാള്‍മെര്‍ അര്‍ബുദമെന്ന് വിശേഷിപ്പിച്ച് ഏകദേശം 15 വര്‍ഷത്തിനുശേഷം ലിനക്‌സുമായി ചേര്‍ന്നുപ്രവര്‍ത്തിക്കാന്‍ മൈക്രോസോഫ്റ്റ് തീരുമാനിച്ചത് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. പതുക്കെ സത്യ നദെല്ലയുടെ കാഴ്ച്ചപ്പാടിലേക്ക് മാറിയ മൈക്രോസോഫ്റ്റ് വിഷ്വല്‍ സ്റ്റുഡിയോ കോഡ്, പവര്‍ഷെല്‍, മൈക്രോസോഫ്റ്റ് എഡ്ജിന്റെ ജാവ സ്‌ക്രിപ്റ്റ് എഞ്ചിന്‍ എന്നിവയെല്ലാം അടുത്തിടെ ഓപ്പണ്‍ സോഴ്‌സിലേക്ക് മാറ്റി.

ന്യൂ യോര്‍ക്കില്‍ നടന്ന സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാരുടെ കണക്റ്റ് കോണ്‍ഫെറന്‍സിലാണ് മൈക്രോസോഫ്റ്റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്‌കോട്ട് ഗത്രിയും ലിനക്‌സ് ഫൗണ്ടേഷന്‍ പ്രസിഡന്റ് ജിം സെംലിനും കൈകൊടുത്തത്. കംപ്യൂട്ടേഷണല്‍ നെറ്റ്‌വര്‍ക്‌സ് ടൂള്‍കിറ്റ്, സാമറിന്‍, പവര്‍ഷെല്‍, ചക്ര ജാവസ്‌ക്രിപ്റ്റ് എഞ്ചിന്‍ എന്നിവയെല്ലാം മൈക്രോസോഫ്റ്റിന്റെ ഓപ്പണ്‍സോഴ്‌സിന്റെ ഉദാഹരണങ്ങളായി മാറി.

ഒക്യുലസ് തുടങ്ങിയ കമ്പനികളെ വെല്ലുവിളിച്ച് പുതിയ വിആര്‍/എആര്‍ ടെക്‌നോളജിയി മേഖലയിലേക്കും പ്രവേശിക്കാനൊരുങ്ങുകയാണ് മൈക്രോസോഫ്റ്റ്. ആകര്‍ഷകമായ പുതിയ ഫീച്ചറുകളുമായി സര്‍ഫസ് സ്റ്റുഡിയോ അവതരിപ്പിക്കുന്നതിനും മൈക്രോസോഫ്റ്റിന് കഴിഞ്ഞു.

മൈക്രോസോഫ്റ്റ് ലിങ്ക്ഡ്ഇന്‍ ഏറ്റെടുത്തതില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയര്‍ന്നത്. ചിലര്‍ ഇത് തെറ്റായ തീരുമാനമാണെന്നുവരെ പറഞ്ഞു. എന്നാല്‍ ലിങ്ക്ഡ്ഇന്നിന്റെ ഡിസൈനും ഫീച്ചറുകളും പുനപരിശോധിക്കുന്നതിനും പുതിയ ടൂളുകള്‍ ചേര്‍ക്കാനുമാണ് മൈക്രോസോഫ്റ്റ് ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ഈ നിക്ഷേപം മൈക്രോസോഫ്റ്റിന് വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്.
കൂടാതെ യൂസര്‍ ഇന്റര്‍ഫേസ് മെച്ചപ്പെടുത്തുന്നതിനും മൊബീല്‍ ആപ്പ് പരിഷ്‌കരിക്കുന്നതിനും മൈക്രോസോഫ്റ്റ് തയ്യാറാകും. എന്നാല്‍ മികച്ച എംപ്ലോയീ ഡാറ്റയാണ് ലിങ്ക്ഡ്ഇന്നിനെ സംബന്ധിച്ചിടത്തോളം മൈക്രോസോഫ്റ്റിന് ഗുണകരമാകുന്നത്. ക്ലൗഡ് കംപ്യൂട്ടിംഗ് ആണ് മൈക്രോസോഫ്റ്റിന് 2017 ല്‍ തലവേദനയാകുന്ന മറ്റൊരു മേഖല.

Comments

comments

Categories: Slider, Top Stories

Write a Comment

Your e-mail address will not be published.
Required fields are marked*