വെല്‍കം ഓഫറും പുതുവര്‍ഷ ഓഫറും വ്യത്യസ്തം ; ട്രായ്ക്ക് ജിയോയുടെ വിശദീകരണം

വെല്‍കം ഓഫറും പുതുവര്‍ഷ ഓഫറും വ്യത്യസ്തം ; ട്രായ്ക്ക് ജിയോയുടെ വിശദീകരണം

 

മുംബൈ: ഫ്രീകോള്‍, ഡാറ്റാ ഓഫറുകള്‍ മാര്‍ച്ച് 31 വരെ നീട്ടാനുള്ള തീരുമാനത്തില്‍ വിശദീകരണവുമായി ജിയോ രംഗത്ത്. 90 ദിവസത്തെ വെല്‍കം ഓഫറുകളുടെ കാലാവധി ഡിസംബര്‍ 4ന് അവസാനിക്കെ മാര്‍ച്ച് 31 വരെ ഓഫര്‍ നീട്ടി നല്‍കാന്‍ ജിയോ തീരുമാനിച്ചതില്‍ ട്രായ് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കമ്പനി റെഗുലേറ്ററി അതോറിറ്റിക്ക് ഓഫറുകള്‍ സംബന്ധിച്ച വ്യക്തത നല്‍കിയിരിക്കുന്നത്.

എല്ലാ ഡാറ്റാ പ്ലാനുകള്‍ക്കും ട്രായ് സൗജന്യ ഓഫറുകള്‍ നല്‍കികൊണ്ടുള്ള പ്രൊമോഷണല്‍ കാലാവധി നിശ്ചയിച്ചിരിക്കുന്നത് 90 ദിവസമാണ്. എന്നാല്‍ റെഗുലേറ്ററി നിര്‍ദേശങ്ങള്‍ ലിംഘിച്ചുകൊണ്ട് ഇതില്‍ നിന്നും വിപരീതമായി വെല്‍കം ഓഫറുകളെ ‘ഹാപ്പി ന്യൂ ഇയര്‍’ ഓഫറുകളായി പ്രഖ്യാപിച്ച് ജിയോ കാലാവധി നീട്ടുകയായിരുന്നു. എന്നാല്‍ ഓഫറുകള്‍ നീട്ടി നല്‍കിയതിന്റെ കാരണം വ്യക്തമാക്കണമെന്നായിരുന്നു റെഗുലേറ്ററി അതോറിറ്റിയുടെ ആവശ്യം. വെല്‍കം ഓഫറുകളില്‍ നിന്നും പുതുവര്‍ഷ ഓഫറുകള്‍ എങ്ങനെ വ്യത്യസ്തമാകുന്നു എന്നു കാണിച്ച് അതോറിറ്റിക്ക് ജിയോ വിശദമായ റിപ്പോര്‍ട്ട് അയച്ചിട്ടുണ്ടെന്നാണ് വിവരം. പ്രൊമോഷണല്‍ ഓഫറുകളുടെ കാലപരിധി ദീര്‍ഘിപ്പിച്ചത് ഉപഭോക്താക്കളെ ചാക്കിട്ടുപിടിക്കാനുള്ള തന്ത്രമാണോ എന്ന സംശയം പ്രകടിപ്പിക്കേണ്ടതില്ലെന്നും ജിയോ വ്യക്തമാക്കിയിട്ടുണ്ട്.

സെപ്റ്റംബറില്‍ ആരംഭിച്ച വെല്‍കം ഓഫറുകള്‍ നീട്ടി നല്‍കിയതാണ് പുതിയ ഓഫര്‍ എന്ന് പറയുന്നതിന് അടിസ്ഥാനമില്ലെന്നും ഇത് തെറ്റാണെന്നും ജിയോ വിശദീകരിച്ചിട്ടുണ്ട്. വെല്‍കം ഓഫറിന്റെ ഭാഗമായി പ്രതിദിനം 4ജിബി ഡാറ്റ ലഭ്യമാക്കുന്നതും പുതു വര്‍ഷ ഓഫറില്‍ ഫെയര്‍ യൂസേജ് പോളിസിയനുസരിച്ച് പ്രതിദിനം 1 ജിബി ഡാറ്റ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നതും വ്യത്യസ്തമാണെന്നാണ് ജിയോ പറയുന്നത്. 4ജിബി ഡാറ്റ പരിധി ഉപയോഗിച്ചു തീര്‍ന്നു കഴിഞ്ഞാല്‍ പ്ലാന്‍ പുതുക്കാനോ റീ പേ ചെയ്യാനോ സാധ്യമല്ലെന്നും അതേസമയം പുതിയ ഓഫറുകള്‍ക്ക് ഡാറ്റ റീചാര്‍ജ് സൗകര്യം ലഭ്യമാണെന്നും ജിയോ വിശദീകരിച്ചു.

Comments

comments

Categories: Slider, Top Stories