പേള്‍ ഹാര്‍ബര്‍ സന്ദര്‍ശനം: ഷിന്‍സോ അബെയുടെ ജനപ്രീതിയില്‍ വന്‍ വര്‍ധന

പേള്‍ ഹാര്‍ബര്‍ സന്ദര്‍ശനം:  ഷിന്‍സോ അബെയുടെ ജനപ്രീതിയില്‍ വന്‍ വര്‍ധന

 
ടോക്യോ: പേള്‍ ഹാര്‍ബര്‍ സന്ദര്‍ശനത്തോടെ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെയുടെ ജനപ്രീതിയില്‍ വന്‍ വര്‍ധനയെന്ന് നിക്കെയ് ദിനപ്പത്രവും ടോക്യോ ടെലിവിഷനും നടത്തിയ സര്‍വ്വെ. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ജനപ്രീതിയാണ് ഇപ്പോള്‍ ജാപ്പനീസ് പ്രധാനമന്ത്രിക്ക് ലഭിക്കുന്നത്.

കഴിഞ്ഞ മാസത്തെ റേറ്റിംഗിനേക്കാള്‍ ആറ് പോയന്റ് വര്‍ധിച്ച് 64 ശതമാനമാണ് ഇപ്പോള്‍ അബെയുടെ പബ്ലിക് അപ്രൂവല്‍ റേറ്റിംഗ്. 2013 ഒക്‌റ്റോബറിനുശേഷം ഇതാദ്യമായാണ് ഷിന്‍സോ അബെ ഈവിധം ജനകീയനാകുന്നത്. ഡിസംബര്‍ 28, 29 തിയതികളിലാണ് സര്‍വ്വെ നടത്തിയത്. അബെയുടെ പേള്‍ ഹാര്‍ബര്‍ സന്ദര്‍ശനത്തെ ജാപ്പനീസ് ജനതയില്‍ ഒട്ടുമിക്കവരും പിന്തുണച്ചു. 84 ശതമാനം പേര്‍ സന്ദര്‍ശനത്തെ പിന്തുണച്ചപ്പോള്‍ 9 ശതമാനം പേര്‍ മാത്രമാണ് വിയോജിച്ചതെന്ന് സര്‍വ്വെ വ്യക്തമാക്കുന്നു.

ശക്തമായ ജനപിന്തുണ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടത്താന്‍ അബെയെ നിര്‍ബന്ധിച്ചേക്കും. വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജപ്പാനെ ഏറ്റവുമധികം കാലം നയിക്കുന്ന നേതാവായി അബെ മാറും. എന്നാല്‍ 2018 ന് മുമ്പ് പാര്‍ലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഷിന്‍സോ അബെ ഈ മാസമാദ്യം വ്യക്തമാക്കിയിരുന്നു.

സര്‍വ്വെയില്‍ അബെയുടെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(എല്‍ഡിപി) മറ്റ് കക്ഷികളേക്കാള്‍ ബഹുദൂരം മുന്നിലാണ്. സര്‍വ്വെയില്‍ പങ്കെടുത്തവരില്‍ 44 ശതമാനവും എല്‍ഡിപിയെയാണ് പിന്തുണച്ചത്. എന്നാല്‍ സര്‍വ്വെയില്‍ രണ്ടാം സ്ഥാനത്തെത്തിയ പ്രധാന പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ലഭിച്ചതാകട്ടെ കേവലം 7 ശതമാനം പിന്തുണ മാത്രം. 31 ശതമാനം പേര്‍ തങ്ങള്‍ ഒരു പാര്‍ട്ടിയെയും പിന്തുണയ്ക്കുന്നില്ലെന്ന് രേഖപ്പെടുത്തി.

കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ അബെ സര്‍ക്കാര്‍ പൊതുജനത്തിന് അപ്രിയമായേക്കാവുന്ന രണ്ട് ബില്ലുകള്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനിടയിലും ജപ്പാന്‍ പ്രധാമന്ത്രിയുടെ ജനപ്രീതി കുതിച്ചുയരുന്നതാണ് കണ്ടത്. ജപ്പാനിലെ കാസിനോകളെ നിയമാനുസൃതം പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതും രാജ്യത്തെ പെന്‍ഷന്‍ സമ്പ്രദായം പരിഷ്‌കരിക്കുന്നതിനുമുള്ള ബില്ലുകളാണ് എല്‍ഡിപി സര്‍ക്കാര്‍ കൊണ്ടുവന്നത്. സര്‍വ്വെയില്‍ പങ്കെടുത്തവരില്‍ 63 ശതമാനം പേര്‍ ആദ്യ നിയമനിര്‍മ്മാണത്തെ എതിര്‍ത്തപ്പോള്‍ രണ്ടാമത്തെ ബില്ലിനോട് 55 ശതമാനം പേര്‍ വിയോജിച്ചു.

പേള്‍ ഹാര്‍ബര്‍ സന്ദര്‍ശിച്ച ഷിന്‍സോ അബെ 1941 ഡിസംബര്‍ 7 ലെ ആക്രമണത്തില്‍ മാപ്പ് ചോദിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ജപ്പാന്റെ ആക്രമണത്തില്‍ സൈനികരും സിവിലിയന്‍മാരുമടക്കം 2,400 ഓളം അമേരിക്കക്കാര്‍ കൊല്ലപ്പെടുകയും 1,200 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തോടെയാണ് അമേരിക്ക രണ്ടാം ലോക മഹായുദ്ധത്തിലേക്ക് പ്രവേശിക്കുന്നത്.

Comments

comments

Categories: Slider, Top Stories