ഹാല്‍ദിയ മള്‍ട്ടി-മോഡല്‍ ടെര്‍മിനല്‍: ഐഡബ്ല്യുഎഐയ്ക്ക് കരാര്‍

ഹാല്‍ദിയ മള്‍ട്ടി-മോഡല്‍ ടെര്‍മിനല്‍:  ഐഡബ്ല്യുഎഐയ്ക്ക് കരാര്‍

 

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഹാല്‍ദിയ മള്‍ട്ടി-മോഡല്‍ ടെര്‍മിനല്‍ നിര്‍മാണത്തിനുള്ള കരാര്‍ സ്വന്തമാക്കിയെന്ന് ഇന്‍ലാന്‍ഡ് വാട്ടര്‍വേസ് അതോറിറ്റി ഓഫ് ഇന്ത്യ (ഐഡബ്ല്യുഎഐ) അറിയിച്ചു. 517 കോടി രൂപയുടേതാണ് കരാര്‍. ഗംഗാ നദിയിലെ ദേശീയ ഉള്‍നാടന്‍ ജലഗതാഗത പദ്ധതിയുടെ ഭാഗമായാണ് അടിസ്ഥാന വികസന കമ്പനിയായ ഐടിഡി സിമെന്റേഷനുമായി ചേര്‍ന്ന് മള്‍ട്ടി-മോഡല്‍ ടെര്‍മിനല്‍ സ്ഥാപിക്കുന്നതെന്ന് ഐഡബ്ല്യുഎഐ വ്യക്തമാക്കി. 2019 ഓഗസ്റ്റില്‍ ടെര്‍മിനലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും.
2020തോടെ പ്രതിവര്‍ഷം 7.95 മില്ല്യണ്‍ ടണ്ണിന്റെ കാര്‍ഗോ കൈമാറ്റമാണ് ഹാല്‍ദിയ ടെര്‍മിനല്‍ലക്ഷ്യമിടുന്നത്. 2025ഓടെ 15.59 മില്ല്യണ്‍ ടണ്ണിന്റെയും 2045ഓടെ 24.04 മില്ല്യണ്‍ ടണ്ണിന്റെയും കാര്‍ഗോ കൈമാറ്റവും ടെര്‍മിനലില്‍ പ്രതീക്ഷിക്കുന്നു. ഗംഗാ നദിയില്‍ നിര്‍മിക്കുന്ന മൂന്ന് മള്‍ട്ടി-മോഡല്‍ ടെര്‍മിനലില്‍ ഒരെണ്ണത്തിന്റെ കരാറാണ് കമ്പനിക്ക് ലഭിച്ചതെന്ന് ഐഡബ്ല്യുഎഐ ചെയര്‍മാന്‍ അമിതാഭ് വെര്‍മ പറഞ്ഞു. പ്രമുഖ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനികളില്‍ നിന്ന് ആറ് ബിഡുകളാണ് ലഭിച്ചത്. അതിനുശേഷം, കര്‍ശന വിലയിരുത്തലുകള്‍ നടന്നതായി അധികൃതര്‍ അറിയിച്ചു.

കല്‍ക്കരി, ഇഷ്ടികകള്‍, നിര്‍മാണ വസ്തുക്കള്‍, രാസവസ്തുക്കള്‍, പെട്രോളിയം, ഗ്യാസ്, വളങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍ എന്നിവയാണ് പ്രധാനമായും ഈ ടെര്‍മിനലിലൂടെ കടത്തുക.
ഝാര്‍ഖണ്ഡിലെ സഹിബ്നഞ്ചില്‍ 280 കോടി രൂപയുടെയും വാരണാസിയില്‍ 170 കോടി രൂപയുടെയും മള്‍ട്ടി-മോഡല്‍ ടെര്‍മിനലുകള്‍ നിര്‍മിക്കാന്‍ ഈ വര്‍ഷമാദ്യം സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. രണ്ട് സ്ഥലങ്ങളിലെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
ബംഗാളിലെ ഫരാക്കയില്‍ 359 കോടി രൂപ ചെലവില്‍ ആധുനിക നാവിഗേഷന്‍ ലോക്കും നിര്‍മിക്കുന്നുണ്ട്.
അറുപത് ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ഹാല്‍ദിയ ടെര്‍മിനലില്‍ നാല് കപ്പലുകള്‍ക്ക് നങ്കൂരമിടുന്നതിനുള്ള സൗകര്യം, സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സ്റ്റോക്ക് യാര്‍ഡ്, ബെല്‍റ്റ് കണ്‍വെയര്‍ സംവിധാനം, പത്തേമാരി ലോഡര്‍, റോഡുകള്‍, റാംപുകള്‍, പാര്‍ക്കിംഗ് ഏരിയ, മറ്റ് ടെര്‍മിനല്‍ കെട്ടിടങ്ങള്‍ എന്നിവയുണ്ടാകും.
ലോക ബാങ്ക് സഹായത്തോടെ 5,369 കോടി രൂപ ചെലവില്‍ ജല്‍ മാര്‍ഗ് വികാസ് പ്രൊജക്റ്റിന് കീഴിലാണ് സര്‍ക്കാര്‍ ദേശീയ ഉള്‍നാടന്‍ ജലഗതാഗതം പദ്ധതിയുടെ ഒന്നാം ഘട്ടം നടപ്പിലാക്കുന്നത്. 1500 മുതല്‍ 2000 ടണ്‍ വരെ ശേഷിയുള്ള കപ്പലുകളുടെ സഞ്ചാരത്തിന് പദ്ധതി വഴിയൊരുക്കും.

Comments

comments

Categories: Branding

Related Articles