തട്ടിപ്പില്‍ തട്ടിവീഴുമോ ഇന്ത്യ ഇന്‍ക്?

തട്ടിപ്പില്‍ തട്ടിവീഴുമോ ഇന്ത്യ ഇന്‍ക്?

 

കൊച്ചി: ഇന്ത്യന്‍ കോര്‍പ്പറേറ്റ് രംഗത്ത് വരും വര്‍ഷങ്ങളില്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുമെന്ന് ഡെലോയ്റ്റ് ഇന്ത്യയില്‍ നടത്തിയ ഫ്രോഡ് സര്‍വേ എഡിഷന്‍ -2. അന്താരാഷ്ട്ര, പ്രാദേശിക കമ്പനികള്‍ ഉള്‍പ്പെടുന്ന വലിയ സ്ഥാപനങ്ങളും ചെറുകിട, ഇടത്തരം സ്ഥാപനങ്ങളും വര്‍ക്കിംഗ് പ്രൊഫഷണലുകളും ഉള്‍പ്പെട്ടതായിരുന്നു സര്‍വേ.

കുറഞ്ഞുവരുന്ന ധാര്‍മികമൂല്യങ്ങളാണ് തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള പ്രധാന കാരണമെന്ന് സര്‍വേ പറയുന്നു. കൈക്കൂലി, അഴിമതി, പണത്തിന്റെ ദുര്‍വിനിയോഗം, വന്‍കിട സ്ഥാപനങ്ങളില്‍ ഉടമകള്‍ക്ക് അനുകൂലമായ രീതിയിലുള്ള നടപടികള്‍, ഇടത്തരം, ചെറുകിട സ്ഥാപനങ്ങളില്‍ ആശയപ്പൊരുത്തമില്ലായ്മയുടെ പേരിലുള്ള നേട്ടം കൊയ്യലുകള്‍ എന്നിങ്ങനെ വിവിധയിനം തട്ടിപ്പുകള്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി വര്‍ദ്ധിച്ചുവരികയാണെന്ന് കണ്ടെത്തി.

തട്ടിപ്പുകളെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിച്ചുവരികയാണെങ്കിലും വിവിധ സ്ഥാപനങ്ങളില്‍ തട്ടിപ്പുകള്‍ തടയുന്നതിനുള്ള നടപടികള്‍ തമ്മില്‍ വലിയ അന്തരമുണ്ട്. അതുകൊണ്ടുതന്നെ തട്ടിപ്പുകള്‍ ഇല്ലാതാക്കുന്നതിനുള്ള ശരിയായ നടപടികള്‍ക്ക് ഏറെ കാലതാമസം ഉണ്ടാകുമെന്നുവേണം കരുതാന്‍.

കേട്ട് പരിചയമുള്ള തട്ടിപ്പുകള്‍ തടയുന്നതില്‍ വന്‍കിട സ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്താറുണ്ടെങ്കിലും പുതിയ തരം തട്ടിപ്പുകളെ ചെറുക്കാന്‍ അവര്‍ക്ക് വേണ്ടത്ര തയാറെടുപ്പുകളില്ല. സാമൂഹികമാധ്യമങ്ങളിലൂടെ നടത്തുന്ന ദുഷ്പ്രചാരണങ്ങളെയും ദുര്‍വ്യാഖ്യാനങ്ങളെയും നേരിടാനുള്ള ഫലപ്രദമായ നടപടികളെക്കുറിച്ച് സര്‍വേയില്‍ പങ്കെടുത്ത മിക്കവര്‍ക്കും ഗ്രാഹ്യമില്ല. ബൗദ്ധികസ്വത്തിന്റെ ദുരുപയോഗത്തെക്കുറിച്ച് 68 ശതമാനം പേര്‍ക്കും അറിവുണ്ട്. ഫേയ്ക്ക് പ്രൊഫൈലുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന കാര്യം 65 ശതമാനം പേരും സാക്ഷ്യപ്പെടുത്തുന്നു. ഹാക്കിംഗ് സംവിധാനത്തെ നേരിടാന്‍ പല സ്ഥാപനങ്ങള്‍ക്കും കഴിയുന്നില്ല. തൊണ്ണൂറുകളിലും മറ്റും ഉപയോഗിച്ചിരുന്ന പഴയരീതിയിലുള്ള സൈബര്‍ സെക്യൂരിറ്റി മാതൃകകളാണ് പലരും ഇപ്പോഴും തുടരുന്നത്.

ഇടത്തരം, ചെറുകിട സ്ഥാപനങ്ങള്‍ക്ക് തട്ടിപ്പുകള്‍ തടയുന്നതിന് ആവശ്യമായ ബജറ്റ് ഇല്ല എന്നതാണ് പ്രശ്‌നം. തട്ടിപ്പുകള്‍ ഉണ്ടായി ഒന്നോ രണ്ടോ മാസങ്ങള്‍ക്ക് ശേഷമാണ് പലര്‍ക്കും ഇതിനെതിരേ പരിഹാരനടപടികള്‍ സ്വീകരിക്കാന്‍ കഴിയുന്നത്. സര്‍വേയില്‍ പങ്കെടുത്ത 17 ശതമാനം പേരും ഇത്തരം വെല്ലുവിളികള്‍ നേരിടാനുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്താനുള്ള പണം കണ്ടെത്താനാകുന്നില്ലെന്ന് വ്യക്തമാക്കി. ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ച് വ്യക്തതയില്ലെന്ന് 23 ശതമാനം പേരും പറയുന്നു.

പ്രൊഫഷണലുകളില്‍ 56 ശതമാനം പേരും തട്ടിപ്പുകള്‍ തടയാനുള്ള ഉത്തരവാദിത്വം അവരുടേതാണെന്ന് സമ്മതിക്കുന്നു. തട്ടിപ്പുകള്‍ക്കെതിരേ തുറന്ന പ്രതികരണം വേണമെന്നും ജീവനക്കാരെ ഇക്കാര്യത്തില്‍ ബോധവത്കരിക്കുന്നതിനുളള നടപടികള്‍ വേണമെന്നും 61 ശതമാനം പേരും പറയുന്നു. തെറ്റുചെയ്യുന്നവരെ പുറത്തുകൊണ്ടുവരാനും അവര്‍ക്ക് നാണക്കേടുണ്ടാകുന്ന രീതിയില്‍ നടപടി സ്വീകരിക്കാനും സാധിക്കണമെന്ന് 57 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

Comments

comments

Categories: Slider, Top Stories