2017-ല്‍ ഹാക്കര്‍മാര്‍ ചോര്‍ത്താനിഷ്ടപ്പെടുന്നത് വ്യക്തിവിവരങ്ങള്‍

2017-ല്‍ ഹാക്കര്‍മാര്‍ ചോര്‍ത്താനിഷ്ടപ്പെടുന്നത് വ്യക്തിവിവരങ്ങള്‍

മുംബൈ: രാജ്യത്ത് മൊബീല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചതോടെ പുതുവര്‍ഷത്തില്‍ ഹാക്കര്‍മാര്‍ ചോര്‍ത്താനിഷ്ടപ്പെടുന്നത് വ്യക്തിപരമായ വിവരങ്ങളെന്ന് റിപ്പോര്‍ട്ട്. സ്മാര്‍ട്ട്‌ഫോണുകളിലെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചതായും മൊബീല്‍ ആപ്ലിക്കേഷനുകളിലൂടെ ഫോണുകളിലെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുന്ന പ്രവണത കൂടിവരുന്നതായും പഠനം വ്യക്തമാക്കുന്നു.

റുമാനിയന്‍ ഇന്റര്‍നെറ്റ് സെക്യൂരിറ്റി സോഫ്റ്റ്‌വെയര്‍ കമ്പനിയായ ബിറ്റ്ഡിഫെന്‍ഡര്‍ ഇന്ത്യന്‍ പങ്കാളി ബിഡി സോഫ്റ്റ്‌വെയറുമായി ചേര്‍ന്ന് തയാറാക്കിയ ‘ഗോയിംഗ് കാഷ്‌ലെസ് ആന്‍ഡ് ഡിജിറ്റല്‍: ടോപ് സൈബര്‍ ത്രെറ്റ്‌സ് ആന്‍ഡ് ടാര്‍ഗറ്റ്‌സ് ഫോര്‍ 2017’ എന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. 2017 ല്‍ രാജ്യത്തെ സൈബര്‍ ഭീഷണികള്‍ സംബന്ധിച്ച പ്രധാന പ്രവണതകള്‍ ഈ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയില്‍ ജീവിതത്തിന്റെ സമസ്ത മേഖലകളും ഡിജിറ്റൈസേഷനിലേക്ക് നീങ്ങുന്നതോടെ പുതിയ വര്‍ഷത്തില്‍ കൂടുതല്‍ വിനാശകരമായ സുരക്ഷാഭീഷണികളാണ് നേരിടാന്‍ പോകുന്നതെന്ന് ബിഡി സോഫ്റ്റ്‌വെയര്‍ ഐടി സെക്യൂരിറ്റി വിദഗ്ധന്‍ അജയ് ഖുബ്ചന്ദാനി വ്യക്തമാക്കി.

എടിഎം, പോയന്റ് ഓഫ് സെയില്‍ യന്ത്രങ്ങള്‍, ഓണ്‍ലൈന്‍ ബാങ്കിംഗ് വെബ്‌സൈറ്റുകള്‍ തുടങ്ങിയ കറന്‍സിരഹിത ഇടപാടുമാര്‍ഗ്ഗങ്ങള്‍ സൈബര്‍ കുറ്റവാളികളുടെ ലക്ഷ്യസ്ഥാനങ്ങളായി മാറിയേക്കുമെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു.

പുതുവര്‍ഷത്തില്‍ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുന്നതിലായിരിക്കും സൈബര്‍ കുറ്റവാളികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഇന്ത്യ കൂടുതല്‍ കൂടുതല്‍ ഡിജിറ്റലാകുന്നതോടെ, ബാങ്ക് എക്കൗണ്ടുകളിലെയും സാമൂഹ്യമാധ്യമ എക്കൗണ്ടുകളിലെയും ബയോമെട്രിക്‌സ്, കുടുംബവിവരങ്ങള്‍ തുടങ്ങി എല്ലാ തരത്തിലുമുള്ള വ്യക്തിവിവരങ്ങളും അപകടത്തിലാകുമെന്നാണ് ബിഡി സോഫ്റ്റ്‌വെയര്‍ റിപ്പോര്‍ട്ടിന്റെ മുന്നറിയിപ്പ്.

കണക്റ്റഡ് ഡിവൈസുകളും ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സും സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടേക്കാം. ലോകത്തിന്റെ പല ഭാഗങ്ങളിലും അതിര്‍ത്തി സംഘര്‍ഷങ്ങള്‍ തുടരുന്നതിനാല്‍ സര്‍ക്കാരും അനുബന്ധ സംഘടനകളും ഏജന്‍സികളും നേരിടുന്ന ഡാറ്റാ ബ്രീച്ച് വര്‍ധിക്കുന്നതിനും 2017 സാക്ഷ്യം വഹിക്കുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

Comments

comments

Categories: Trending