നോട്ട് അസാധുവാക്കല്‍ കണ്‍സ്യൂമര്‍ ഗുഡ്‌സ് വിപണിയെ പിന്നോട്ടടിച്ചു

നോട്ട് അസാധുവാക്കല്‍  കണ്‍സ്യൂമര്‍ ഗുഡ്‌സ്  വിപണിയെ പിന്നോട്ടടിച്ചു

കൊല്‍ക്കത്ത: നോട്ട് അസാധുവാക്കല്‍ ഉപഭോക്തൃ ഉല്‍പ്പന്ന വിപണി(കണ്‍സ്യൂമര്‍ ഗുഡ്‌സ്)ക്ക് ഏല്‍പ്പിച്ചത് വന്‍ ആഘാതം. ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, മൈക്രോവേവ് ഓവന്‍ എന്നിവയുടെ വില്‍പ്പന നവംബറില്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 38 ശതമാനം കുറഞ്ഞു. ദീപാവലി സമയത്ത് നേടിയ 45,000 കോടി രൂപയുടെ റെക്കോര്‍ഡ് വില്‍പ്പന വളര്‍ച്ചയുടെ ഗുണഫലങ്ങള്‍ ഇതോടെ കണ്‍സ്യൂമര്‍ ഗുഡ്‌സ് വിപണിക്ക് നഷ്ടമായി. ആറു വര്‍ഷത്തിനുശേഷം ഈ മേഖലയില്‍ ഏറ്റവും മികച്ച ഒക്‌റ്റോബര്‍- ഡിസംബര്‍ പാദ വില്‍പ്പനയുണ്ടാകുമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. എന്നാല്‍ നോട്ട് പിന്‍വലിക്കല്‍ ഈ പ്രതീക്ഷയെ തല്ലിക്കെടുത്തി. വലിയ നഗരങ്ങളിലും ചെറിയ നഗരങ്ങളിലുമെല്ലാം കമ്പനികളുടെ വില്‍പ്പന ഇടിഞ്ഞു.

നവംബറില്‍ ടെലിവിഷന്‍ വില്‍പ്പന വില ഇനത്തില്‍ 30.4 ശതമാനവും യൂണിറ്റ് അടിസ്ഥാനത്തില്‍ 26.6 ശതമാനവും ഇടിഞ്ഞെന്ന് റീട്ടെയ്ല്‍ വിപണി നിരീക്ഷകരായ ജിഎഫ്‌കെ- നീല്‍സന്‍ ചൂണ്ടിക്കാട്ടുന്നു. ഇതേ മാസം ഫ്രിഡ്ജിന്റെ വില്‍പ്പന 41.2 ശതമാനവും മൈക്രോവേവ് ഓവന്റെ വില്‍പ്പന 53 ശതമാനവും കുറഞ്ഞു. രാജ്യത്തുടനീളമുള്ള ബ്രാന്‍ഡഡ് എക്‌സ്‌ക്ലൂസീവ് ഔട്ട്‌ലെറ്റുകളിലേയും മള്‍ട്ടി ബ്രാന്‍ഡ് സ്‌റ്റോറുകളിലേയും കണക്കാണിത്. ഒക്‌റ്റോബറില്‍ ഫ്‌ളാറ്റ് പാനല്‍ ടെലിവിഷന്‍ 94 ശതമാനവും വാഷിംഗ് മെഷീന്‍ 116 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തിയിരുന്നുവെന്നും ജിഎഫ്‌കെ- നീല്‍സണ്‍ വ്യക്തമാക്കി.
2015ല്‍ നവംബര്‍ ആദ്യമായിരുന്നു ദീപാവലി. അതിനാല്‍ തന്നെ ഉപഭോക്തൃ ഉല്‍പ്പന്ന മേഖലയിലെ വളര്‍ച്ച കുറയുകയുണ്ടായി. എന്നാല്‍ ഈ വര്‍ഷം അതേ മാസം വിപണി 20 ശതമാനം വളര്‍ച്ച നേടി. നോട്ട് അസാധുവാക്കലാണ് ഇക്കഴിഞ്ഞ നവംബറില്‍ വില്‍പ്പന ഇടിയാനുള്ള പ്രധാന കാരണമെന്ന് ഗോദ്‌റെജ് അപ്ലൈയന്‍സിന്റെ എക്‌സിക്യുട്ടീവായ കമല്‍ നന്തി പറഞ്ഞു.
രാജ്യത്തെ ഏകദേശം 60 ശതമാനം ടെലിവിഷന്‍, വൈറ്റ് ഗുഡ്‌സ് (വാഷിംഗ് മെഷീന്‍, ഫ്രിഡ്ജ് എന്നിവ പോലുള്ള വലിയ ഇലക്ട്രോണിക് സാധനങ്ങള്‍) പണം ഉപയോഗിച്ചാണ് വാങ്ങുന്നത്. ബാക്കിയുള്ളവ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയും ഉപഭോക്തൃ ആനുകൂല്യ പദ്ധതികളിലൂടെയും വില്‍ക്കപ്പെടുന്നു. ഡിജിറ്റല്‍ ഇടപാടുകളോ പ്രത്യേക സ്‌കീമുകളോ തുടങ്ങിയിട്ടില്ലാത്ത റീട്ടെയ്‌ലര്‍മാരുടെ വില്‍പ്പനയാണ് തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തുന്നത്. മൊത്തം വാങ്ങലുകളില്‍ വെറും 10-15 ശതമാനം മാത്രമാണ് പണം അടിസ്ഥാനമാക്കിയുള്ള ഇടപാടുകള്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ വില്‍പ്പന ഇടിവ് തുടര്‍ന്നേക്കുമെന്ന് വീഡിയോകോണിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ സി എം സിംഗ് പറഞ്ഞു.

Comments

comments

Categories: Business & Economy