ഇന്‍സ്റ്റന്റ് പേ 34 കോടി രൂപ സമാഹരിച്ചു

ഇന്‍സ്റ്റന്റ് പേ 34 കോടി രൂപ സമാഹരിച്ചു

മുംബൈ: ഡിജിറ്റല്‍ പേമെന്റ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനിയായ ഇന്‍സ്റ്റന്റ് പേ 34 കോടി രൂപ നിക്ഷേപം സ്വരൂപിച്ചു. സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിക്ഷേപകരായ ആര്‍ബി ഇന്‍വെസ്റ്റ്‌മെന്റും കലേഡെന്‍ ഹോള്‍ഡിംഗ്‌സുമാണ് നിക്ഷേപം നടത്തിയത്.
പുതിയ പ്രൊഡക്റ്റുകള്‍ അവതരിപ്പിക്കുന്നതിനു വേണ്ടിയും രാജ്യത്തുടനീളം ഇന്‍സ്റ്റന്റ് പേ പ്ലാറ്റ്‌ഫോം വിപുലീകരിക്കുന്നതിനു വേണ്ടിയുമായിരിക്കും നിക്ഷേപം വിനിയോഗിക്കുക. നിക്ഷേപത്തിന്റെ ഒരു ഭാഗം ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയും ഉപയോഗപ്പെടുത്തും. ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റന്റ് പേയ്ക്ക് നിലവില്‍ 100ലധികം പ്രൊഡക്റ്റുകളും സര്‍വീസുകളുമുണ്ട്. രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലെ കിരാന സ്റ്റോറുകളില്‍ ഡിജിറ്റല്‍ പേമെന്റ് സൗകര്യവും ഇന്‍സ്റ്റന്റ് പേ ഒരുക്കുന്നു.
ഇലക്ട്രോണിക് മൊബീല്‍ റീചാര്‍ജ്, യൂട്ടിലിറ്റി ബില്‍ പേമെന്റ്, ഇന്‍ഷുറന്‍സ് പ്രീമിയം പേമെന്റ്, ട്രാവല്‍ ബുക്കിംഗ്, ആഭ്യന്തര പണമിടപാടുകള്‍ തുടങ്ങിയ സേവനങ്ങളാണ് ഇന്‍സ്റ്റന്റ് പേ ലഭ്യമാക്കുന്നത്. 400ല്‍ അധികം കോര്‍പ്പറേറ്റ് സ്ട്രാറ്റജിക് സഹകരണത്തിലൂടെയും രാജ്യവ്യാപകമായുള്ള സൂക്ഷ്മ വ്യാപാര ശൃംഖലകളിലൂടെയുമാണ് ഇന്‍സ്റ്റന്റ് പേ തങ്ങളുടെ സേവനങ്ങളും ഉല്‍പ്പന്നങ്ങളും ഉപഭോക്താക്കളിലേക്കെത്തിക്കുന്നത്. നിലവില്‍ 62,000 വ്യാപാരികളാണ് പ്ലാറ്റ്‌ഫോമിന്റെ ഭാഗമായിട്ടുള്ളത്. 2017 മാര്‍ച്ച് മാസത്തോടെ 1,20,000 വ്യാപാരികളെ പ്ലാറ്റ്‌ഫോമിന്റെ ഭാഗമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും കൂടുതല്‍ പുതിയ പ്രൊഡക്ടുകളും സര്‍വീസുകളും ഓഫര്‍ ചെയ്യുമെന്നും ഇന്‍സ്റ്റന്റ് പേ സഹസ്ഥാപകനായ സങ്കല്‍പ്പ് ശങ്കരി പറഞ്ഞു.
പ്രതിമാസം പത്ത് മില്യണിനടുത്ത് ഇടപാടുകള്‍ ഇന്‍സ്റ്റന്റ് പേ നിലവില്‍ അവകാശപ്പെടുന്നു. 2018 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിമാസം 50 മില്യണ്‍ ഇടപാടുകള്‍ നടത്താനാകുന്ന തരത്തിലേക്ക് വളര്‍ച്ച നേടാനാണ് ഇന്‍സ്റ്റന്റ് പേ പദ്ധതിയിടുന്നത്.

Comments

comments

Categories: Branding