സിഎസ്ബി ഏറ്റെടുക്കല്‍: ഫെയര്‍ഫാക്‌സിന് ആര്‍ബിഐയുടെ അംഗീകാരം

സിഎസ്ബി ഏറ്റെടുക്കല്‍: ഫെയര്‍ഫാക്‌സിന് ആര്‍ബിഐയുടെ അംഗീകാരം

മുംബൈ: കാത്തലിക് സിറിയന്‍ ബാങ്കിനെ(സിഎസ്ബി) കനേഡിയന്‍ കോടിപതി പ്രേം വാട്‌സയുടെ ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് ഏറ്റെടുക്കുന്ന ഇടപാടിന് റിസര്‍വ് ബാങ്ക് തത്വത്തില്‍ അനുമതി നല്‍കി. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഎസ്ബിയുടെ 51 ശതമാനം ഓഹരികളാണ് ഫെയര്‍ഫാക്‌സ് ഏറ്റെടുക്കുന്നത്. റിസര്‍വ് ബാങ്ക് കഴിഞ്ഞ മെയില്‍ സ്വകാര്യ ബാങ്കുകളുടെ ഉടമസ്ഥാവകാശ ചട്ടങ്ങളില്‍ മാറ്റം വരുത്തിയശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ബാങ്കിനെ ഒരു ബാങ്ക് ഇതര ധനകാര്യസേവന സ്ഥാപനം ഏറ്റെടുക്കുന്നത്. 2002-03 കാലയളവില്‍ വിദേശ ബാങ്കായ ഐഎന്‍ജി, വൈശ്യ ബാങ്കിന്റെ ഭൂരിപക്ഷ ഓഹരികള്‍ ഏറ്റെടുത്തതാണ് ഒരു വിദേശ ബാങ്ക് ഇന്ത്യന്‍ ബാങ്കിനെ ഏറ്റെടുത്ത ഒടുവിലത്തെ ഇടപാട്.

റിസര്‍വ് ബാങ്കിന്റെ പുതിയ ഉടമസ്ഥാവകാശ മാനദണ്ഡങ്ങള്‍ വിദേശ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യന്‍ സ്ഥാപനത്തിന്റെ 40 ശതമാനം ഓഹരികള്‍ കൈവശം വയ്ക്കാനെ അനുവദിക്കുന്നുള്ളൂ. എന്നാല്‍ ചില സാഹചര്യങ്ങളില്‍ സ്വകാര്യ ബാങ്കുകള്‍ക്ക് 74 ശതമാനം വരെ നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിക്കാന്‍ അനുവദിക്കുന്നതാണ്. ഇടപാടിനു ശേഷം വിദേശ നിക്ഷേപകന് അഞ്ചു വര്‍ഷത്തേക്ക് ഈ ഓഹരികള്‍ വില്‍ക്കാനും അനുവാദമുണ്ടായിരിക്കില്ല.

കഴിഞ്ഞ വര്‍ഷം ഓഹരി വില്‍പ്പനയിലൂടെ 400 കോടി സമാഹരിക്കാന്‍ സിഎസ്ബി തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രതികൂലമായ വിപണി സാഹചര്യങ്ങളും തൃപ്തികരമല്ലാത്ത സാമ്പത്തിക മേഖലയിലെ പ്രകടനവും മൂലം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ഒക്‌റ്റോബറില്‍ 115 കോടി നിക്ഷേപം ബാങ്ക് സമാഹരിച്ചിരുന്നു.

Comments

comments

Categories: Banking