ടെസ്റ്റ്: പാക്കിസ്ഥാനെതിരേഓസ്‌ട്രേലിയക്ക് നാടകീയ ജയം

ടെസ്റ്റ്: പാക്കിസ്ഥാനെതിരേഓസ്‌ട്രേലിയക്ക് നാടകീയ ജയം

മെല്‍ബണ്‍: പാക്കിസ്ഥാനെതിരായ ക്രിക്കറ്റ് പരമ്പരയിലെ സമനിലയില്‍ കലാശിക്കുമെന്ന് കരുതിയിരുന്ന രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് നാടകീയ ജയം. രണ്ടാം ടെസ്റ്റിന്റെ അവസാന ദിനത്തില്‍ സമനിലയ്ക്കായി പൊരുതിയ പാക്കിസ്ഥാനെ ഇന്നിംഗ്‌സിനും 18 റണ്‍സിനുമാണ് ഓസ്‌ട്രേലിയ പരാജയപ്പെടുത്തിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയ 2-0ത്തിന് സ്വന്തമാക്കി.

ആദ്യ ഇന്നിംഗ്‌സില്‍ 191 റണ്‍സിന്റെ ലീഡ് നേടിയ ഓസ്‌ട്രേലിയ രണ്ടാം ഇന്നിംഗ്‌സില്‍ പാക്കിസ്ഥാനെ 163 റണ്‍സിന് പുറത്താക്കുകയായിരുന്നു. നാല്, മൂന്ന് വിക്കറ്റുകള്‍ യഥാക്രമം വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക്. ലിയോണ്‍ എന്നീ താരങ്ങളാണ് പാക്കിസ്ഥാന്റെ സമനില മോഹം തകര്‍ത്തത്. 15.2 ഓവറില്‍ 36 റണ്‍സ് വഴങ്ങിയായിരുന്നു മിച്ചല്‍ സ്റ്റാര്‍ക്ക് നാല് വിക്കറ്റ് വീഴത്തിയത്.

അതേസമയം, പതിനാല് ഓവറില്‍ 33 റണ്‍സ് വഴങ്ങിയായിരുന്നു ലിയോണിന്റെ മൂന്ന് വിക്കറ്റ് നേട്ടം. ഓസ്‌ട്രേലിയക്ക് വേണ്ടി ഹസില്‍വുഡ്, ബേഡ് എന്നിവര്‍ യഥാക്രമം രണ്ട്, ഒന്ന് വിക്കറ്റുകളും നേടി. നാല്‍പ്പത്തിമൂന്ന് റണ്‍സ് വീതം നേടിയ അസ്ഹര്‍ അലിക്കും സര്‍ഫറാസ് അഹമ്മദിനുമല്ലാതെ മറ്റാര്‍ക്കും പാക്കിസ്ഥാന്‍ നിരയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല.

മത്സരം സമനിലയിലേക്കെന്ന് ഉറപ്പിച്ച സാഹചര്യത്തില്‍ വാലറ്റം അപ്രതീക്ഷിതമായി തകര്‍ന്നതാണ് പാക്കിസ്ഥാന് തിരിച്ചടിയായത്. പാക് താരങ്ങളായ യൂനിസ് ഖാന്‍, അസദ് ഷെഫീഖ്, മുഹമ്മദ് ആമിര്‍, സുഹൈല്‍ ഖാന്‍ ബാബര്‍ അസം, സമി അസ്‌ലം എന്നിവര്‍ യഥാക്രമം 24, 16, 11, 10, 3, 2 റണ്‍സ് വീതമാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയക്കെതിരെ സ്‌കോര്‍ ചെയ്തത്.

മിസ്ബ ഉള്‍ ഹഖ്, വഹാബ് റിയാസ്, യാസര്‍ ഷാ എന്നിവര്‍ സംപൂജ്യരായി മടങ്ങുകയും ചെയ്തു. ടെസ്റ്റ് മത്സരത്തിന്റെ അഞ്ചാം ദിനത്തില്‍ സമനില സ്വന്തമാക്കുന്നതിന് പാക്കിസ്ഥാന് വെറും 70 ഓവര്‍ പ്രതിരോധിച്ച് നിന്നാല്‍ മതിയായിരുന്നു. എന്നാല്‍ അന്‍പത്തിമൂന്ന് ഓവറായപ്പോഴേക്കും അവര്‍ ആതിഥേയര്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു.

അഞ്ചാം ദിവസം ആറ് വിക്കറ്റിന് 465 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ എട്ട് വിക്കറ്റിന് 624 റണ്‍സായപ്പോള്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത് എന്നിവരുടെ സെഞ്ച്വറി മികവിലാണ് ഓസ്‌ട്രേലിയ മികച്ച സ്‌കോര്‍ കണ്ടെത്തിയത്. ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് 84 റണ്‍സും നേടി.

മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഒന്‍പത് വിക്കറ്റിന് 443 റണ്‍സെന്ന നിലയില്‍ പാക്കിസ്ഥാന്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ആദ്യ രണ്ട് ദിനങ്ങളില്‍ മഴ കാരണം കാര്യമായി കളിക്കാന്‍ സാധിക്കാതിരുന്ന ടെസ്റ്റിന്റെ മൂന്നാം ദിവസമായിരുന്നു പാക്കിസ്ഥാന്‍ ഡിക്ലയര്‍ ചെയ്തത്. ഒന്നാം ഇന്നിംഗ്‌സില്‍ പാക്കിസ്ഥാന് വേണ്ടി അസ്ഹര്‍ അലി ഡബിള്‍ സെഞ്ച്വറി നേടുകയും ചെയ്തു.

Comments

comments

Categories: Sports