99 ജലസേചന പ്രൊജക്റ്റുകള്‍ക്കു വേണ്ടിയുള്ള പദ്ധതിരേഖ തയാറായി

99 ജലസേചന പ്രൊജക്റ്റുകള്‍ക്കു വേണ്ടിയുള്ള പദ്ധതിരേഖ തയാറായി

ന്യൂഡെല്‍ഹി: കാര്‍ഷിക അഭിവൃദ്ധിക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പിഎംകെഎസ്‌വൈ (പ്രധാന്‍മന്ത്രി കൃഷി സിന്‍ഞ്ചയീ യോജന), എഐബിപി (ആക്‌സിലറേറ്റഡ് ഇറിഗേഷന്‍ ബെനിഫിറ്റ് പ്രോഗ്രാം തുടങ്ങിയ പദ്ധതികള്‍ക്കു കീഴില്‍ ആസൂത്രണം ചെയ്ത 99 ജലസേചന പ്രൊജക്റ്റുകള്‍ നേരത്തെ പൂര്‍ത്തിയായേക്കും. ഇതിനുള്ള പദ്ധതിരേഖ കേന്ദ്ര സര്‍ക്കാര്‍ തയാറാക്കി.

99 ജലസേചന പ്രൊജക്ടുകളില്‍ 26 എണ്ണം മഹാരാഷ്ട്രയിലും എട്ടെണ്ണം ആന്ധ്രാപ്രദേശിലും ഒന്ന് ഗുജറാത്തിലുമാണ് നടപ്പിലാക്കാന്‍ പോകുന്നത്. ഇതില്‍ തെരഞ്ഞെടുത്ത 23 എണ്ണമായിരിക്കും ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയാക്കുക. അടുത്ത വര്‍ഷാവസാനത്തോടെ ആദ്യ ഘട്ടത്തില്‍ പരിഗണിച്ചിരിക്കുന്ന പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. 31 പദ്ധതികള്‍ക്ക് ഘട്ടത്തില്‍ മുന്‍ഗണന നല്‍കും. ഇവ 2017-2018 വര്‍ഷത്തോടെ പൂര്‍ത്തീകരിക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ബാക്കി 45 ജലസേചന പദ്ധതികള്‍ 2019 ആകുമ്പോഴേക്കും പൂര്‍ത്തീകരിക്കുമെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.

നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്പ്‌മെന്റ് പദ്ധതിക്കു വേണ്ടി 3,274 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ 1,981 കോടി ആന്ധ്രാപ്രദേശിനും 830 കോടി രൂപ മഹാരാഷ്ട്രയ്ക്കും 463 കോടി രൂപ ഗുജറാത്തിനുമായാണ് നീക്കിവച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് അഞ്ച് വര്‍ഷത്തേക്ക് 50,000 കോടി രൂപ വകയിരുത്തി കേന്ദ്ര സര്‍ക്കാര്‍ പിഎംകെഎസ്‌വൈ പദ്ധതി പ്രഖ്യാപിച്ചത്. 77,595 കോടി രൂപയാണ് 99 ജലസേചന പദ്ധതികള്‍ക്കുമായുള്ള മൊത്തം ചെലവ്. ഇതില്‍ 31,342 കോടി രൂപ കേന്ദ്രം വഹിക്കും.

Comments

comments

Categories: Business & Economy