പണം മതിയാവുന്നില്ലെന്ന് ബാങ്കുകള്‍

പണം മതിയാവുന്നില്ലെന്ന് ബാങ്കുകള്‍

ന്യൂഡെല്‍ഹി: അസാധുവാക്കിയ നോട്ടിന് പകരമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വിതരണം ചെയ്യുന്ന പണം മതിയാവുന്നില്ലെന്ന് ബാങ്കുകള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകള്‍ അന്‍പത് ദിവസത്തിനകം പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

ഇപ്പോഴും പണ ക്ഷാമം നിലനില്‍ക്കുന്നുണ്ടെന്നും ആര്‍ബിഐ നല്‍കുന്ന നോട്ടുകള്‍ വിതരണത്തിന് തികയുന്നില്ലെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു. നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകളുമായും ആര്‍ബിഐയുമായി ചേര്‍ന്ന് ശ്രമം തുടരുന്നുണ്ട്. അതേസമയം, ഒട്ടുമിക്ക സംസ്ഥാനങ്ങളിലേയും എടിഎമ്മുകളും പ്രവര്‍ത്തന സജ്ജമാണെന്നും ഗ്രാമീണ മേഖലകളില്‍ സേവനം നടത്തുന്ന ബാങ്കിംഗ് കറസ്‌പോണ്ടന്‍സി (ബിസി)നും പണം ലഭ്യമാണെന്നും പലയിടങ്ങളില്‍ നിന്നായി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
രാജ്യത്തെ 2,02,000 എടിഎമ്മുകളില്‍ നാലില്‍ മൂന്നും പ്രവര്‍ത്തന സജ്ജമാണ്. 1,43,000 ബാങ്കിംഗ് കറസ്‌പോണ്ടന്‍സിനും പണമുണ്ട്. തമിഴ്‌നാട്ടില്‍ 13,000 എടിഎമ്മുകളും മഹാരാഷ്ട്രയില്‍ 12,000 എടിഎമ്മുകളും പ്രവര്‍ത്തിക്കുന്നു. ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബിസികള്‍ക്ക് പണത്തിന്റെ കുറവില്ല. അതോടൊപ്പം ഡിജിറ്റല്‍ മാതൃകയിലുള്ള ഇടപാടുകളും പ്രചാരം നേടി- സര്‍ക്കാരുമായി അടുത്ത വൃത്തങ്ങള്‍ വിശദീകരിച്ചു.
എന്നാല്‍ ഉത്തര്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിലെ ബാങ്കുകളില്‍ പണ ദൗര്‍ലഭ്യമുള്ളതായി പറയപ്പെടുന്നു.
നവംബര്‍ എട്ടിനാണ് രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത്. നോട്ടിന്റെ അഭാവത്തെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകള്‍ ഡിസംബര്‍ 30ന് അവസാനിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

Comments

comments

Categories: Slider, Top Stories