ഓസ്‌ട്രേലിയ-പാക്കിസ്ഥാന്‍ ടെസ്റ്റ്: പന്ത് തലയിലിടിച്ച് അസ്ഹര്‍ അലിക്ക് പരിക്ക്

ഓസ്‌ട്രേലിയ-പാക്കിസ്ഥാന്‍ ടെസ്റ്റ്:  പന്ത് തലയിലിടിച്ച് അസ്ഹര്‍ അലിക്ക് പരിക്ക്

 

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ പന്ത് തലയിലിടിച്ച് പാക്കിസ്ഥാന്‍ താരം അസ്ഹര്‍ അലിക്ക് പരിക്ക്. ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് അസ്ഹര്‍ അലിക്ക് പരിക്കേറ്റത്. ഓസ്‌ട്രേലിയന്‍ താരമായ മാത്യു വേഡ് അടിച്ച പന്താണ് അസ്ഹര്‍ അലിയുടെ തലയില്‍ കൊണ്ട് തെറിച്ചത്.

മാത്യു വേഡ് ലെഗ് സൈഡിലേക്ക് കോരിയിട്ട പന്ത് വളരെ ശക്തമായാണ് അസ്ഹര്‍ അലിയുടെ ഹെല്‍മറ്റില്‍ ഇടിച്ചത്. ഉടന്‍ തന്നെ നിലത്ത് വീണ അസ്ഹര്‍ അലിയെ കളിക്കളത്തില്‍ വെച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് പാക്കിസ്ഥാന്‍ ടീം അധികൃതര്‍ പിന്നീട് അറിയിച്ചു.

അതേസമയം, അസ്ഹര്‍ അലിയുടെ ഹെല്‍മറ്റില്‍ തട്ടിത്തെറിച്ച പന്ത് ബാബര്‍ അസം പിടിച്ച് മാത്യു വേഡ് പുറത്താവുകയും ചെയ്തു. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ അസ്ഹര്‍ അലി പുറത്താകാതെ ഡബിള്‍ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. 364 പന്തുകളില്‍ നിന്നും ഇരുപത് ബൗണ്ടറികളുടെ സഹായത്തോടെ 205 റണ്‍സായിരുന്നു അദ്ദേഹം നേടിയത്.

Comments

comments

Categories: Sports