ബെംഗളൂരു: ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് ബെംഗളൂരുവില്‍ ഐഫോണ്‍ നിര്‍മാണം ആരംഭിക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നു. ബെംഗളൂരുവിലെ ഇന്‍ഡസ്ട്രിയല്‍ ഹബ്ബായ പീന്യയില്‍ ആപ്പിള്‍ കമ്പനിയുടെ ഒറിജിനല്‍ എക്യുപ്മെന്റ് മാനുഫാക്ച്ചറര്‍ (ഒഇഎം) വിസ്ട്രോണ്‍ ഐ ഫോണ്‍ നിര്‍മിക്കുന്നതിനു വേണ്ട സൗകര്യങ്ങളൊരുക്കിയതായാണ് വിവരം. അടുത്ത വര്‍ഷം ഏപ്രില്‍ മാസം മുതല്‍ ഇവിടെ ഐഫോണ്‍ നിര്‍മാണം ആരംഭിക്കുമെന്നും വ്യാവസായിക വൃത്തങ്ങള്‍ പറയുന്നു.
ഡിവൈസ് നിര്‍മാണത്തിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആപ്പിള്‍ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ തങ്ങളുടെ സാന്നിദ്ധ്യം ശക്തമാക്കി ഡിവൈസുകള്‍ പൂര്‍ണമായും ഇവിടെ തന്നെ ഉല്‍പ്പാദിപ്പിക്കാന്‍ ആരംഭിക്കുമെന്നും ആപ്പിള്‍ അറിയിച്ചു. ഇന്ത്യയിലെ അത്യാധുനിക സാങ്കേതിക സംരംഭങ്ങളുടെ ഉറവിട നഗരമായ ബെംഗളൂരുവിലെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതിന് ശ്രദ്ധാപൂര്‍വ്വമായ ശ്രമം നടത്തുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. പ്രാദേശിക തലത്തിലുള്ള ഫോണ്‍ നിര്‍മാണം ആപ്പിളിനെ മത്സരാധിഷ്ഠിതമായി ഐഫോണ്‍ വില നിശ്ചയിക്കുന്നതിനും സഹായിച്ചേക്കും.
തായ്വാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആപ്പിളിന്റെ എറ്റവും വലിയ ഒഇഎം ആയ ഫോക്സ്കോണ്‍ നേരത്തെ മഹാരാഷ്ട്രയില്‍ നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഈ യൂണിറ്റില്‍ ആപ്പിള്‍ പ്രൊഡക്ടുകള്‍ മാത്രമെ നിര്മിക്കുള്ളു എന്നായിരുന്നു സൂചന. അതേസമയം ഷവോമി, വണ്‍ പ്ലസ് തുടങ്ങിയ മറ്റ് മൊബീല്‍ കമ്പനികളുമായും പ്രാദേശിക നിര്‍മാണം സംബന്ധിച്ച് ഫോക്സ്കോണ്‍ ധാരണയിലെത്തിയിട്ടുണ്ടെന്നാണ് ഔദ്യോഗിക വിവരം. മഹാരാഷ്ട്ര യൂണിറ്റില്‍ ആപ്പിള്‍ പ്രൊഡക്ട് മാത്രം നിര്‍മിക്കുന്നതിന്റെ ആവശ്യമില്ലെന്നാണ് ഫോക്സ്കോണിന്റെ വാദമെന്നും വിപണി വൃത്തങ്ങള്‍ പറയുന്നു.
ആപ്പിളിന്റെ രണ്ടാമത്തെ നിര്‍മാണ യൂണിറ്റാണ് ബെംഗളൂരുവില്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ ആപ്പിള്‍ ഇന്ത്യയ്ക്ക് നല്കുന്ന പ്രാധാന്യം കൂടിയാണ് ബെംഗളൂരു നിര്‍മാണ യൂണിറ്റിലൂടെവ്യക്തമാകുന്നത്. ഈ വര്‍ഷം ആദ്യം ആപ്പിള്‍ സിഇഒ ടിം കുക്ക് നടത്തിയ ഇന്ത്യ സന്ദര്‍ശനത്തിലൂടെ തന്നെ വര്‍ധിച്ചുവരുന്ന ഇന്ത്യന്‍ വിപണിയോടുള്ള കമ്പനിയുടെ ചായ്വ് പ്രകടമായിരുന്നു. 2015 ഒക്റ്റോബര്‍ മാസം മുതല്‍ 2016 സെപ്റ്റംബര്‍ വരെ 2.5 മില്യണ്‍ ഐഫോണുകളാണ് ആപ്പിള്‍ ഇന്ത്യയില്‍ വിറ്റഴിച്ചത്. മുന്‍ കാലയളവിനെ അപേക്ഷിച്ച് ഏകദേശം 50 ശതമാനത്തോളം വര്‍ധന വില്‍പ്പനയില്‍ രേഖപ്പെടുത്തിയതായാണ് കണക്കുകള്‍.