’68 ശതമമാനം യുവപ്രഫഷണലുകളും ആഗ്രഹിക്കുന്നത് സ്വന്തം ബിസിനസ് സംരംഭം’

’68 ശതമമാനം യുവപ്രഫഷണലുകളും ആഗ്രഹിക്കുന്നത്  സ്വന്തം ബിസിനസ് സംരംഭം’

കൊച്ചി: ധനകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രഫഷണലുകളില്‍ 68.1 ശതമാനവും സ്വന്തമായി സംരംഭം തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവരാണ്. അവരില്‍ 10.43 ശതമാനം കരിയറിലെ അടുത്ത ചുവടായി പുതിയ സംരംഭത്തെ കാണുകയും ചെയ്യുന്നു-‘ജനറേഷന്‍ നെക്സ്റ്റ്’ എന്ന പേരില്‍ അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് (എസിസിഎ) നടത്തിയ സര്‍വേയിലെ കണ്ടെത്തലാണിത്.
ആഗോളവത്കരണം, ടെക്‌നോളജി എന്നിവയെ അടിസ്ഥാനമാക്കി ധനകാര്യ പ്രഫഷനില്‍ വരുന്ന മാറ്റങ്ങളെ നേരിടുവാന്‍ പുതുതലമുറ ധനകാര്യ പ്രഫഷണലുകള്‍ പൂര്‍ണമായും സജ്ജമാണെന്നു സര്‍വേ പറയുന്നു.

യുവ ധനകാര്യ പ്രഫഷണലുകള്‍ അവരുടെ കരിയറില്‍നിന്നു പ്രതീക്ഷിക്കുന്നത് എന്താണെന്നതിനെക്കുറിച്ചു മനസിലാക്കാനും ഈ മേഖലകളിലെ ജോലിക്കാരെ എങ്ങനെ നിലനിര്‍ത്താമെന്നു തൊഴില്‍ദാതാക്കളെ പഠിപ്പിക്കുവാനും ഈ സര്‍വേ സഹായിക്കുമെന്നാണ് എസിസിഎ റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നത്.

സര്‍വേയിലെ മുഖ്യ കണ്ടെത്തെലുകള്‍
* ദീര്‍ഘകാല കരിയര്‍ സാധ്യത, പ്രഫഷനു ലഭിക്കുന്ന അംഗീകാരം, ഈ വിഷയത്തിലെ താല്‍പര്യം തുടങ്ങിയവയാണ് യുവാക്കളെ ഈ പ്രഫഷനിലേക്ക് ആകര്‍ഷിക്കുന്ന മുഖ്യകാരണം.
* ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ തങ്ങളുടെ കരിയര്‍ ലക്ഷ്യങ്ങള്‍ സഫലീകരിക്കുവാന്‍ ആവശ്യമായ അവസരങ്ങള്‍ നല്‍കുന്നുവെന്ന് സര്‍വേയില്‍ പങ്കെടുത്ത 40 ശതമാനം ഇന്ത്യക്കാര്‍ പറയുന്നു. ആഗോള ശരാശരിയായ 38 ശതമാനത്തേക്കാള്‍ കൂടുതലാണിത്.
* വ്യക്തികളുടെ കരിയര്‍ വികസനത്തിനു ഇപ്പോഴത്തെ സ്ഥാപനത്തില്‍ ഏറ്റവും തടസമായി നില്‍ക്കുന്നത് ആവശ്യത്തിനുള്ള പ്രോത്സാഹനമില്ല എന്നതാണെന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ 29.6 ശതമാനം അഭിപ്രായപ്പെട്ടപ്പോള്‍ 28 ശതമാനം പറഞ്ഞത് അവര്‍ക്കു മുന്നോട്ടു നീങ്ങാന്‍ യോജിച്ച റോള്‍ ഇല്ലാ എന്നാണ്. സുതാര്യമായ കരിയര്‍ പാത്ത് ഇല്ലെന്നാണ് 26.4 ശതമാനത്തിന്റെ അഭിപ്രായം.
* വ്യക്തികളുടെ കരിയര്‍ വികസനത്തിലെ ഏറ്റവും ശക്തമായ ഘടകം ജോലി പഠിക്കുകയെന്നതാണ്. ഇ- പഠനം, ആഭ്യന്തരമായി അറിവു പങ്കുവയ്ക്കല്‍ തുടങ്ങിയവയും വ്യക്തികളുടെ കരിയര്‍ വികസനത്തില്‍ വലിയ പങ്കുവഹിക്കുന്നു.
* ഒരു വ്യക്തിയുടെ കരിയര്‍ വികസനത്തില്‍ ടെക്‌നോളജി വലിയൊരു ലേണിംഗ് ഉപകരണമാണെന്നു നല്ലൊരു പങ്കു പ്രഫഷണലുകളും വിശ്വസിക്കുന്നു. വിര്‍ച്വല്‍ ക്ലാസ്‌റൂം, ഇ- ലേണിംഗ് കോഴ്‌സുകള്‍, ഓണ്‍ലൈന്‍/ സോഷ്യല്‍/ കൊളാബറേറ്റീവ് പഠന സെഷനുകള്‍ മറ്റു പ്രധാനപ്പെട്ട പഠന ഉപകരണങ്ങളാണ്.
* പ്രഫഷന്റെ തുടക്ക ജോലികളില്‍ നല്ലൊരു പങ്കും ടെക്‌നോളജി വഴി ഇല്ലാതാകുമെന്നു 27.93 ശതമാനം പറയുന്നു.
* തങ്ങളുടെ കരിയറിലെ അടുത്ത ജോലി വ്യതസ്തമായ രാജ്യത്ത് അല്ലെങ്കില്‍ വ്യത്യസ്ത റീജിയണിലായിരിക്കുമെന്നു 61.64 ശതമാനവും കരുതുന്നു.

യുവ പ്രഫഷണലുകള്‍ തീക്ഷ്ണതയുള്ളവരും വേഗം ഉയര്‍ച്ച ആഗ്രഹിക്കുന്നവരുമാണെന്നത് ഒരു രഹസ്യമല്ല. ഒരു മേഖലയില്‍നിന്നു മറ്റൊരു മേഖലയിലേക്കു മാറുവാന്‍ അവര്‍ക്കു സന്തോഷമേയുള്ളു. മാത്രവുമല്ല ആഗോള തലത്തില്‍ ജോലി ചെയ്യാനും അവര്‍ ആഗ്രഹിക്കുന്നു. തങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ ടെക് മേഖലയില്‍ മുമ്പന്തിയിലുള്ളതായിരിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. ഇത് അവര്‍ക്ക് അവസരങ്ങളും തുടര്‍പഠനവും വളര്‍ച്ചയും ലഭ്യമാക്കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു-എസിസിഎയുടെ രാജ്യാന്തര വികസന തലവന്‍ സജിദ് ഖാന്‍ പറയുന്നു.

”അടുത്ത തലമുറ ആഗ്രഹിക്കുന്ന പ്രവര്‍ത്തനാന്തരീക്ഷവും കരിയര്‍ വികസനവും പരിശീലനവും ഉറപ്പാക്കുകയെന്ന വെല്ലുവിളിയാണ് ചെറുതും വലുതുമായ തൊഴില്‍ ദാതാവിന്റെ മുമ്പിലുള്ളത്.” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

തൊഴില്‍ദായകരിലേക്ക് വ്യക്തികളെ ആകര്‍ഷിക്കുന്ന ഏറ്റവും പ്രധാനമായ ഘടകങ്ങള്‍ തൊഴില്‍ സുരക്ഷ, വ്യക്തമായ കരിയര്‍ വളര്‍ച്ച, സ്വന്തം നൈപുണ്യം വളര്‍ത്തിയെടുക്കുന്നതിനുള്ള അവസരം എന്നിവയാണെന്ന് സര്‍വേ വെളിപ്പെടുത്തുന്നു. മറിച്ച്, പ്രതിഭകളെ നിലനിര്‍ത്തുന്ന കാര്യം വരുമ്പോള്‍ ആ ഘടകങ്ങളുടെ ക്രമം പഠിക്കാനുള്ള അവസരം, മികച്ച വരുമാനം, ജോലി സുരക്ഷ എന്നിങ്ങനെയാണെന്നും സര്‍വേ പറയുന്നു.

നൂറ്റിയമ്പതു രാജ്യങ്ങളിലെ 19,000 ഫിനാന്‍സ് പ്രഫഷണലുകള്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. ഇതില്‍ 350 പേര്‍ ഇന്ത്യയില്‍നിന്നുള്ള 16-36 വയസിനിടയിലുള്ളവരാണ്. ഇവരില്‍ ഭൂരിഭാഗവും ആദ്യത്തെ നാലു അക്കൗണ്ടിംഗ് സ്ഥാപനങ്ങള്‍ (26.09 ശതമാനം), വലിയ കമ്പനികള്‍ (15.53 ശതമാനം), ചെറുകിട, ഇടത്തരം അക്കൗണ്ടിംഗ് സ്ഥാപനങ്ങള്‍ (11.18 ശതമാനം) തുടങ്ങിയവയില്‍ ജോലി ചെയ്യുന്നവരാണ്. സര്‍വേയില്‍ പങ്കെടുത്ത ഇന്ത്യക്കാരില്‍ 65.1 ശതമാനം പുരുഷ•ാരും 34.9 ശതമാനം സ്ത്രീകളുമാണ്. സിഇഒമാര്‍, സിഎഫ്ഒമാര്‍, മാനേജിംഗ് പാര്‍ട്ണര്‍മാര്‍, ഓഡിറ്റര്‍മാര്‍, ഫിനാന്‍ഷ്യല്‍ അക്കൗണ്ടന്റുമാര്‍, ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് തുടങ്ങിയ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരാണ്.

Comments

comments

Categories: Slider, Top Stories