വിവാഹം സംബന്ധിച്ച ആഭ്യൂഹങ്ങള്‍ നിഷേധിച്ച് കോഹ്‌ലി

വിവാഹം സംബന്ധിച്ച ആഭ്യൂഹങ്ങള്‍ നിഷേധിച്ച് കോഹ്‌ലി

 
മുംബൈ: ബോളിവുഡ് നടി അനുഷ്‌ക ശര്‍മയുമായുള്ള തന്റെ വിവാഹ നിശ്ചയം പുതുവര്‍ഷ ദിനമായ നാളെ നടക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ടീം ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. വിവാഹിതനാകുന്ന കാര്യം ഒരു കാരണവശാലും മറച്ചുവയ്ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിന് സമയമാകുമ്പോള്‍ താന്‍ തന്നെ എല്ലാവരെയും അറിയിക്കുമെന്നും വിരാട് കോഹ്‌ലി വ്യക്തമാക്കി.

ഉത്തരാഖണ്ഡിലെ നരേന്ദ്ര നഗറിലുള്ള ഹോട്ടല്‍ ആനന്ദില്‍ വെച്ചാണ് വിരാട് കോഹ്‌ലിയും അനുഷ്‌ക ശര്‍മയും തമ്മിലുള്ള വിവാഹ നിശ്ചയ ചടങ്ങുകള്‍ നടക്കുകയെന്നതായിരുന്നു മുമ്പ് പുറത്തുവന്ന വാര്‍ത്തകള്‍. ഇരുതാരങ്ങളുടെയും വിവാഹ നിശ്ചയത്തിനായി ഇവരുടെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും നേരത്തെ തന്നെ വിവാഹ വേദിക്ക് സമീപം താമസിച്ച് ഒരുക്കങ്ങള്‍ തുടങ്ങിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതേസമയം, വിരാട് കോഹ്‌ലിയും അനുഷ്‌ക ശര്‍മയും തമ്മിലുള്ള വിവാഹനിശ്ചയം ഡെറാഡൂണില്‍ വെച്ച് രഹസ്യമായി കഴിഞ്ഞുവെന്ന വാര്‍ത്തകളും പുറത്തുവന്നു. വിവാഹ നിശ്ചയ ചടങ്ങില്‍ അമിതാഭ് ബച്ചന്‍, അനില്‍ അംബാനി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. കോഹ്‌ലിയും അനുഷ്‌കയും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.

വിരാട് കോഹ്‌ലിയും അനുഷ്‌ക ശര്‍മയും രുദ്രാക്ഷ മാല ധരിച്ച് ഒരു ഹിന്ദു പുരോഹിതനോടൊപ്പം നില്‍ക്കുന്ന ചിത്രം പുറത്തുവന്നതും ഇരുവരും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത മറ്റ് ഫോട്ടോകളും വീഡിയോയും സമാന പശ്ചാത്തലത്തില്‍ നിന്നുള്ളവയാണെന്നതുമാണ് വിവാഹ നിശ്ചത്തെ സംബന്ധിച്ച ആഭ്യൂഹങ്ങള്‍ പരക്കുന്നതിന് കാരണമായത്. അമിതാഭ് ബച്ചന്‍, അനില്‍ അംബാനി തുടങ്ങിയ പ്രമുഖര്‍ കുടുംബാഗങ്ങളോടൊപ്പം ഡെറാഡൂണ്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തേക്ക് വരുന്ന ചിത്രങ്ങളും വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട സംശയത്തെ ബലപ്പെടുത്തി.

Comments

comments

Categories: Trending