ടൂറിസത്തിന്റെ നേട്ടം സാധാരണക്കാരിലേക്ക് എത്തിക്കണം: യു വി ജോസ്

ടൂറിസത്തിന്റെ നേട്ടം സാധാരണക്കാരിലേക്ക് എത്തിക്കണം: യു വി ജോസ്

കേരളത്തിലെ ഏറ്റവും മനോഹരപ്രദേശങ്ങളിലൊന്ന്. കാടും മലയും പ്രകൃതിഭംഗിയുമെല്ലാം ആവോളമുള്ള സ്ഥലം, വയനാട്. വയനാട് ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ അറിയപ്പെടാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. വികസനമെത്താത്ത കാട്ടു പ്രദേശമെന്ന നിലയിലായിരുന്നു മറുനാട്ടുകാര്‍ വയനാടിനെ നോക്കിക്കണ്ടിരുന്നത്. ഇത് പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള കഥയാണ്. വയനാട്ടിലെ പയ്യംപ്പള്ളി എന്ന ഗ്രാമത്തിലെ ഒരു കര്‍ഷക കുടുംബത്തിലെ യുവാവ് സിവില്‍ എന്‍ജിനീയറിംഗ് പഠനത്തിനായി പാലക്കാട് എന്‍എസ്എസ് എന്‍ജിനീയറിംഗ് കോളെജിലെത്തി. യുവി ജോസ് എന്ന ആ ചെറുപ്പക്കാരന്റെ ഒപ്പമുണ്ടായിരുന്ന സഹപാഠികളെല്ലാം തികച്ചും പട്ടണപ്രദേശങ്ങളില്‍ നിന്നെത്തിയവരായിരുന്നു. വയനാട്ടില്‍ നിന്നെത്തിയ യുവി ജോസ് പലപ്പോഴും അവര്‍ക്ക് അത്ഭുതമായിരുന്നു. കാരണം മറ്റൊന്നുമല്ല, ഒരു കാട്ടുപ്രദേശത്തുനിന്നുള്ള വിദ്യാര്‍ഥിയെന്ന നിലയിലായിരുന്നു ആളുകള്‍ ജോസിനെ നോക്കിക്കണ്ടിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള വയനാടിന്റെ അവസ്ഥയും അതായിരുന്നു. വികസനമെത്താത്ത സ്ഥലമെന്ന് ഇവിടുത്തെ വിശേഷിപ്പിക്കാന്‍ സഹപാഠികളെ പ്രേരിപ്പിച്ചതും ഇത്തരം കാര്യങ്ങളായിരുന്നു. എന്നാല്‍ തന്റെ നാടിനെക്കുറിച്ചുള്ള സഹപാഠികളുടെ കാഴ്ചപ്പാടുകള്‍ ആ വിദ്യാര്‍ഥിയുടെ മനസിനെ സ്പര്‍ശിച്ചു. ആളുകള്‍ക്ക് മുമ്പില്‍ വയനാട് പിന്നോക്ക നിരയിലുള്ള ജില്ലയാണെന്ന ചിന്താഗതിയുള്ളത് കാലങ്ങളോളം ഓര്‍മയില്‍ കിടക്കുകയും ചെയ്തിരുന്നു. തന്റെ നാടിനെക്കുറിച്ച് പൊതുസമൂഹത്തിനു മുന്നിലുള്ള കാഴ്ചപ്പാട് തന്നെ മാറ്റണമെന്നതായിരുന്നു അതവന് നല്‍കിയ പാഠം. വയനാട്ടില്‍ നിന്നുള്ളവരെ സന്തോഷത്തോടെയും ബഹുമാനത്തോടെയും ആളുകള്‍ ശ്രദ്ധിക്കണമെന്നതായിരുന്നു ആ യുവാവിന്റെ പിന്നീടുള്ള ആഗ്രഹങ്ങളിലൊന്ന്. കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും വഴിയിലൂടെ മുന്നിട്ടിറങ്ങിയ യുവി ജോസിന്റെ ആഗ്രഹപൂര്‍ത്തീകരണത്തിന് വയനാടും കേരളവും സാക്ഷ്യം വഹിക്കാന്‍ അധികകാലം കാത്തിരിക്കേണ്ടി വന്നില്ല. ഇന്ന് കേരള ടൂറിസം ഡയറക്ടറുടെ മുറിയിലെത്തിയാല്‍ കാണാം, പഴയ ആ യുവാവിനെ. അന്ന് അദ്ദേഹത്തിന്റെ മനസിലുടക്കിയ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമാണ് യുവി ജോസ് ഐഎഎസ് എന്ന ടൂറിസം ഡയറക്ടര്‍.

പഠനം സിവില്‍ എന്‍ജിനീയറിംഗും പ്ലാനിംഗും ആര്‍ക്കിടെക്റ്റിലുമൊക്കെയായിരുന്നു. സ്‌കൂള്‍ ഓഫ് പ്ലാനിംഗ് ആന്‍ഡ് ആര്‍ക്കിടെക്റ്റില്‍ നിന്ന് ബിരുദാനന്തര ബിരുദത്തിനു ശേഷം ജോലി ചെയ്യുമ്പോഴായിരുന്നു അദ്ദേഹത്തെ ടൂറിസം മേഖലയിലേക്ക് നിയമിക്കുന്നത്. 1997 ഡിസംബറില്‍ ടൂറിസം രംഗത്തെ പ്ലാനിംഗ് ഓഫീസര്‍ ആയി നിയമിതനാകുന്നത് തികച്ചും യാദൃശ്ചികമായാണെന്ന് യുവി ജോസ് ഐഎഎസ് ഓര്‍മിക്കുന്നു. പിന്നീട് അവിടെത്തന്നെ അഡീഷണല്‍ ഡയറക്ടറായി. ഒരുപാട് ഐഎഎസുകാരോടൊപ്പമായിരുന്നു അദ്ദേഹം അവിടെ ജോലി ചെയ്തിരുന്നത്. ആ സമയത്ത് ഐഎഎസ് പദവിയെന്ന സ്വപ്‌നമൊന്നും അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നില്ല. മന്ത്രിയായിരുന്ന കെസി വേണുഗോപാലാണ് ഐഎഎസ് എടുക്കണമെന്ന് തന്നോടാദ്യം പറഞ്ഞതെന്ന് യുവി ജോസ് പറയുന്നു. മാത്രവുമല്ല, മുതിര്‍ന്ന ഒരുപാ
ട് ഐഎഎസ് ഓഫീസര്‍മാര്‍ അദ്ദേഹത്തെ സ്ഥിരമായി പ്രോത്സാഹിപ്പിക്കാറുമുണ്ടായിരുന്നു. എന്നാല്‍ 2012-ല്‍ യുവി ജോസ് ടൂറിസത്തില്‍ നിന്ന് പ്ലാനിംഗിലേക്ക് തിരികെയെത്തി. പിന്നീട് ഒരു വര്‍ഷത്തിനു ശേഷം, കേരള സ്റ്റേറ്റ് അര്‍ബന്‍ ഡെവലപ്‌മെന്റ് പ്രൊജക്ട് (കെഎസ്‌യുഡിപി) പ്രൊജക്ട് ഡയറക്ടറായിരുന്ന സമയത്താണ് അദ്ദേഹം ഐഎഎസിനായി നോമിനേറ്റ് ചെയ്യപ്പെടുന്നത്. കഠിനാധ്വാനവും മികച്ച റിസള്‍ട്ട് കാഴ്ചവയ്ക്കാനുള്ള പ്രവര്‍ത്തനങ്ങളുമെല്ലാം യുവി ജോസ് എന്ന പേരിനോടൊപ്പം ഐഎഎസ് എന്നുകൂടി കൂട്ടിച്ചേര്‍ക്കാന്‍ വഴിയൊരുക്കി. പിന്നീട് അദ്ദേഹം നടത്തിയത് കേരളത്തെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള യാത്രകളായിരുന്നു.
അതിനിടയില്‍ കുറച്ചുവര്‍ഷം അദ്ദേഹം ഡിസ്ട്രിക്റ്റ് ടൂറിസം പ്രെമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. വയനാട് ജില്ലയിലായിരുന്നു പ്രവര്‍ത്തനമേഖല. വയനാട് ജില്ലയിലെ ടൂറിസം മേഖലയെ സംബന്ധിച്ചിടത്തോളം സുവര്‍ണ കാലഘട്ടമായിരുന്നു യുവി ജോസ് സെക്രട്ടറിയായിരുന്ന നാളുകള്‍. അതിനുമുമ്പ് വയനാട്ടില്‍ ടൂറിസം രംഗത്ത് എടുത്തുപറയാനുണ്ടായിരുന്നത് പൂക്കോട് തടാകം മാത്രമായിരുന്നുവെങ്കില്‍ പിന്നീടങ്ങോട്ട് വയനാട് ജില്ലയെ മുഴുവന്‍ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഡിസ്ട്രിക്റ്റ് ടൂറിസം പ്രെമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി എന്ന തന്റെ പദവിയിലെ പ്രവര്‍ത്തനപരിചയവും ആത്മാര്‍ത്ഥതയുമെല്ലാം കേരള ടൂറിസം ഡയറക്ടറുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറപാകുകയും ചെയ്തു.

”കേരളത്തില്‍ ടൂറിസം മേഖലയ്ക്ക് ലഭിക്കുന്ന പ്രമോഷന്‍ വളരെയധികമാണ്. എന്നാല്‍ ഇതിനുതക്കവണ്ണം വലിയ അടിസ്ഥാന സൗകര്യങ്ങളൊന്നും നമ്മുടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലില്ല. അതുകൊണ്ടു തന്നെ അവിടങ്ങളിലെല്ലാം ഒരുപാട് പുതിയ മാറ്റങ്ങള്‍ വരേണ്ടതുണ്ട്. കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നല്ല അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുകയെന്നതായിരുന്നു ഈ പദവി ഏറ്റെടുത്തപ്പോള്‍ എന്റെ ആദ്യ ലക്ഷ്യങ്ങളിലൊന്ന്,”യുവി ജോസ് ഐഎഎസ് പറയുന്നു. കേരളത്തിലെ 79 വിനോദസഞ്ചാര മേഖലകളെ തെരഞ്ഞെടുക്കുകയാണ് ആദ്യം തന്നെ ചെയ്തത്. അവിടെയൊക്കെ അത്യാവശ്യമായി ചെയ്യേണ്ട 10 കാര്യങ്ങളുടെ പട്ടിക തയാറാക്കുകയും ചെയ്തു. ഏറ്റവും ലളിതവും അനിവാര്യവുമായ കാര്യങ്ങളായിരുന്നു അവ. ഗ്രീന്‍ കാര്‍പ്പെറ്റ് എന്ന പേരില്‍ ഈ പ്രൊജക്ടിനെ അവതരിപ്പിക്കുകയും ചെയ്തു- അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

നമ്മുടെ നാട്ടിലെ ടൂറിസം മേഖലയ്ക്ക് ഏറെ ആവശ്യം ഇവിടുത്തെ പ്രകൃതിയെയും സംസ്‌കാരത്തെയും സ്ഥലങ്ങളെയുമെല്ലാം കാത്തുസൂക്ഷിക്കുകയെന്നതാണ്. ടൂറിസത്തെ തദ്ദേശവാസികള്‍ക്ക് കൂടി പ്രയോജനകരമായ രീതിയില്‍ മാറ്റേണ്ടിയിരിക്കുന്നു. സാധാരണക്കാരന് പ്രയോജനപ്പെടുന്ന രീതിയില്‍ ടൂറിസത്തെ പരിവര്‍ത്തനപ്പെടുത്തണം. അവര്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കുന്ന രീതിയിലേക്ക് ടൂറിസം മേഖലയെ മാറ്റിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ലോണ്‍ലി പ്ലാനെറ്റ് മാസികയുടെ 2016-ലെ രാജ്യാന്തര ടൂറിസം പുരസ്‌കാരം അടുത്തിടെ കേരളത്തെ തേടിയെത്തിയിരുന്നു. കുടുംബസമേതം വിനോദ സഞ്ചാരം നടത്താവുന്ന സ്ഥലമെന്ന രീതിയില്‍ കേരളം മുന്‍നിരയില്‍ എത്തുകയായിരുന്നു. പുതിയ ഡയറക്ടറുടെ നേതൃത്വത്തില്‍ കേരളത്തിലെ ടൂറിസം മേഖലയിലെ വന്‍ നേട്ടങ്ങള്‍ക്കാകും നാം സാക്ഷ്യം വഹിക്കുക. മികച്ച പ്രവര്‍ത്തനക്ഷമതയും കഠിനാധ്വാനശീലവുമുള്ള ഡയറക്ടറുടെ കീഴില്‍ നല്ല പ്രകടനം കാഴ്ചവയ്ക്കാനാവുന്നതില്‍ കേരള ടൂറിസത്തിനും അഭിമാനിക്കാം.

Comments

comments

Categories: FK Special

Write a Comment

Your e-mail address will not be published.
Required fields are marked*