യുഎസിലേക്ക് സ്പ്രിന്റ് 5,000 ജോലികള്‍ തിരികെകൊണ്ടുവരുമെന്ന് ട്രംപ്

യുഎസിലേക്ക് സ്പ്രിന്റ് 5,000  ജോലികള്‍ തിരികെകൊണ്ടുവരുമെന്ന് ട്രംപ്

 

വാഷിംഗ്ടണ്‍: ടെലികമ്യൂണിക്കേഷന്‍ കമ്പനിയായ സ്പ്രിന്റ് കോര്‍പ്പറേഷന്‍ വിദേശത്ത് നിന്ന് യുഎസിലേക്ക് 5,000 ജോലികള്‍ തിരികെകൊണ്ടുവരുമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മറ്റൊരു ആഗോള കമ്യൂണിക്കേഷന്‍ സേവനദാതാക്കളായ വണ്‍വെബ് 3,000 ത്തിലധികം തൊഴിലുകള്‍ കൂട്ടിച്ചേര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജാപ്പനീസ് കോടിപതിയും സാങ്കേതികവിദ്യ നിക്ഷേപകനും സോഫ്റ്റ്ബാങ്ക് സിഇഒയുമായ മസയോഷി സണ്ണുമായി ചേര്‍ന്നാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതു സംബന്ധിച്ച കരാര്‍ യുഎസ് യാഥാര്‍ത്ഥ്യമാക്കിയത്. അമേരിക്കയ്ക്ക് 50,000 ജോലികള്‍ പ്രദാനം ചെയ്യാന്‍ 50 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ഡിസംബര്‍ ആദ്യം സോഫ്റ്റ്ബാങ്ക് അറിയിച്ചിരുന്നു.
സോഫ്റ്റ്ബാങ്കിന് സ്പ്രിന്റില്‍ ഏകദേശം 80 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. കൂടാതെ വണ്‍വെബില്‍ സോഫ്റ്റ്ബാങ്ക് ഒരു ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കുകയും ചെയ്തു. മറ്റു രാജ്യങ്ങളില്‍ നിന്ന് 5,000 ജോലികള്‍ യുഎസിലേക്ക് മടക്കിക്കൊണ്ടുവരുമെന്ന് സ്പ്രിന്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചെന്ന് ട്രംപ് വെളിപ്പെടുത്തി.
യുഎസിലേക്ക് ജോലികള്‍ തിരികെയെത്തിക്കുമെന്ന് കമ്പനികളും മസയോഷി സണ്ണിനെപോലുള്ള വ്യക്തികളും അറിയിച്ചു. അവര്‍ക്ക് പ്രത്യേകം നന്ദി പറയുന്നു. വണ്‍വെബ് പുതിയ കമ്പനിയാണ്. അവര്‍ ജോലിക്ക് 3,000 പേരെ തെരഞ്ഞെടുക്കാന്‍ പോകുന്നുവെന്നത് വളരെ ആവേശം നല്‍കുന്ന കാര്യമാണ്- ട്രംപ് പറഞ്ഞു.
കസ്റ്റമര്‍ കെയര്‍, സെയില്‍സ് തുടങ്ങി വ്യത്യസ്ത വിഭാഗത്തിലുള്ള ജോലികളായിരിക്കും യുഎസിലേക്ക് കൊണ്ടുവരിക. യുഎസ് കമ്പനികള്‍ സ്വരാജ്യത്ത് തൊഴിലവസരമുണ്ടാക്കാന്‍ ശ്രമിക്കണമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. മോശം വ്യാപാര കരാറുകളിലൂടെയും നിയന്ത്രണങ്ങളിലൂടെയും കമ്പനികളുടെ പ്രവര്‍ത്തനം മറ്റു രാജ്യങ്ങളിലേക്ക് മാറ്റാന്‍ തന്റെ മുന്‍ഗാമികള്‍ സഹായിച്ചുവെന്നതും അദ്ദേഹമുയര്‍ത്തിയ വിമര്‍ശനങ്ങളില്‍പ്പെട്ടു.

Comments

comments

Categories: Business & Economy