അന ഇവാനോവിച്ച് വിരമിച്ചു

അന ഇവാനോവിച്ച് വിരമിച്ചു

ബെല്‍ഗ്രേഡ്: ലോക വനിതാ ടെന്നീസ് മുന്‍ ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ അന ഇവാനോവിച്ച് പ്രൊഫഷണല്‍ മത്സരങ്ങളില്‍ നിന്നും വിരമിച്ചു. തുടര്‍ച്ചയായി പരിക്കുകള്‍ അലട്ടിയതോടെയാണ് ഫ്രഞ്ച് ഓപ്പണ്‍ ജേതാവുകൂടിയായ അന ഇവാനോവിച്ച് വിരമിക്കാന്‍ തീരുമാനിച്ചത്. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അന ഇവാനോവിച്ച് വിരമിക്കല്‍ വാര്‍ത്ത പുറത്തുവിട്ടത്.

കരിയറില്‍ തനിക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും ഇരുപത്തൊന്‍പതുകാരിയായ അന ഇവാനോവിച്ച് പറഞ്ഞു. വിരമിക്കുന്നതിന്റെ കാരണം സെര്‍ബിയന്‍ താരം വെളിപ്പെടുത്തിയില്ലെങ്കിലും ദീര്‍ഘ നാളുകളായി പിന്തുടരുന്ന പരിക്കിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടതെന്ന് താരത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

2008ല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയ അന ഇവാനോവിച്ച് തുടര്‍ച്ചയായ പന്ത്രണ്ട് ആഴ്ച ടെന്നീസ് റാങ്കിംഗിലെ ഒന്നാം സ്ഥാനത്ത് തുടരുകയും ചെയ്തിരുന്നു. പിന്നീട് റാങ്കിംഗില്‍ പിന്നോക്കം പോയെങ്കിലും 2014ല്‍ ആദ്യ അഞ്ച് സ്ഥാനങ്ങള്‍ക്കുള്ളില്‍ ഇടം കണ്ടെത്തി. 2014 ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ സെമി ഫൈനല്‍ റൗണ്ടില്‍ പ്രവേശിക്കുകയും ചെയ്തു.

എന്നാല്‍, പരിക്ക് വിടാതെ പിന്തുടര്‍ന്നതോടെ അന ഇവാനോവിച്ച് വീണ്ടും റാങ്കിംഗില്‍ വളരെയധികം പിന്നിലോട്ട് പോവുകയായിരുന്നു. ലോക ടെന്നീസ് റാങ്കിംഗില്‍ നിലവില്‍ അറുപത്തിമൂന്നാം സ്ഥാനത്താണ് അന ഇവാനോവിച്ച്. കരിയറില്‍ ഇതുവരെ അന ഇവാനോവിച്ച് നേടിയത് പതിനഞ്ച് സിംഗിള്‍സ് കീരീടങ്ങളാണ്. ജര്‍മന്‍ ഫൂട്‌ബോള്‍ താരമായ ബാസ്റ്റിന്‍ ഷൈ്വന്‍സ്റ്റീഗറാണ് അന ഇവാനോവിച്ചിന്റെ ഭര്‍ത്താവ്.

Comments

comments

Categories: Sports

Write a Comment

Your e-mail address will not be published.
Required fields are marked*