സ്റ്റാര്‍ട്ടപ്പുകള്‍ തളര്‍ന്ന 2016

സ്റ്റാര്‍ട്ടപ്പുകള്‍ തളര്‍ന്ന 2016

2017ലേക്ക് കടക്കാനുള്ള തയാറെടുപ്പിലാണ് നമ്മള്‍. ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് ലോകത്തിന് 2016 എന്തെല്ലാം നല്‍കിയെന്ന് പരിശോധിച്ചാല്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് മനസിലാകും. വിവിധ പഠനങ്ങളെ അധികരിച്ച് ഫ്യൂച്ചര്‍ കേരള കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത് 2016ല്‍ രാജ്യത്ത് 200ലധികം സ്റ്റാര്‍ട്ടപ്പുകള്‍ നിലനില്‍ക്കാന്‍ സാധിക്കാതെ പ്രവര്‍ത്തനം അവസാനിപ്പിച്ചുവെന്നാണ്. ഇത് വലിയൊരു മുന്നറിയിപ്പാണ് നല്‍കുന്നത്. സ്റ്റാര്‍ട്ടപ്പുകളുടെ വിജയനിരക്ക് എപ്പോഴും കുറവാണെങ്കിലും ഇത്രയധികം നവസംരംഭങ്ങള്‍ പൂട്ടിപ്പോകുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. പ്രത്യേകിച്ചും സ്റ്റാര്‍ട്ടപ്പ് വിപ്ലവത്തിന്റെ പാതയിലാണ് ഇന്ത്യയെന്ന ശക്തമായ വികാരവും അന്തരീക്ഷവും നിലനില്‍ക്കുന്ന സമയത്ത്.

2015നെ അപേക്ഷിച്ച് പൂട്ടിപ്പോയ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ വന്നിരിക്കുന്നത് 50 ശതമാനം വര്‍ധനയാണെന്നാണ് ഡാറ്റ അനലിറ്റിക്‌സ് സ്ഥാപനം ട്രാക്‌സന്‍ നടത്തിയ പഠനത്തില്‍ നിന്നും വ്യക്തമാകുന്നത്. മുന്‍ വര്‍ഷം 140 സ്റ്റാര്‍ട്ടപ്പുകളാണ് പൂട്ടിപ്പോയതെങ്കില്‍ 2016ല്‍ അത് 212ല്‍ എത്തിയെന്ന് ട്രാക്‌സന്‍ പറയുന്നു.

ബിഗ് ബാസ്‌ക്കറ്റിനെ വെല്ലുവിളിക്കുന്ന തരത്തില്‍ വളരുമെന്ന് സകലരും പ്രതീക്ഷിച്ചിരുന്ന പെപ്പര്‍ട്രാപ്പ് ഉള്‍പ്പെടെ പല പ്രമുഖ സ്റ്റാര്‍ട്ടപ്പുകളും പൂട്ടിപ്പോയവരില്‍ പെടുന്നു. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയില്‍ 20 ശതമാനത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ വിജയിക്കുന്നില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

കേന്ദ്ര സര്‍ക്കാരിന്റെയും വിവിധ സംസ്ഥാന സര്‍ക്കാരുകളുടെയും സ്റ്റാര്‍ട്ടപ്പ് പ്രോത്സാഹന പദ്ധതികള്‍ ശക്തമാകുന്ന സമയത്താണ് ഇത്തരമൊരു അവസ്ഥയെന്നത് പ്രസക്തമാണ്. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സ്റ്റാന്‍ഡപ്പ് ഇന്ത്യ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചത് 2016 ജനുവരി 16നായിരുന്നു. ഇന്ത്യയെ സ്റ്റാര്‍ട്ടപ്പ് രാജ്യമാക്കി മാറ്റുകയെന്നതായിരുന്നു പദ്ധതികൊണ്ട് ലക്ഷ്യമിട്ടിരുന്നത്. രാജ്യത്തെ 1,25,000 ബാങ്ക് ശാഖകളിലൂടെയാണ് ഇത് നടപ്പാക്കിവന്നത്. പദ്ധതിയുടെ ഭാഗമായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 50 ബില്ല്യണ്‍ ഡോളറിന്റെ ക്രെഡിറ്റ് ഗാരന്റി ഫണ്ടും സര്‍ക്കാര്‍ മാറ്റിവെച്ചു. ഇത് ഉപയോഗപ്പെടുത്താന്‍ നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ മുന്നോട്ടുവന്നുവെങ്കിലും അവര്‍ അവതരിപ്പിച്ച ആശയങ്ങള്‍ എത്രമാത്രം ഇന്നൊവേറ്റിവ് ആണെന്നതാണ് സംശയം. വിരലിലെണ്ണാവുന്ന ചില സ്റ്റാര്‍ട്ടപ്പുകള്‍ വന്‍സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലേക്കെത്തുന്ന നിക്ഷേപത്തില്‍ കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് മാതൃകയായി ബ്രാന്‍ഡ് ചെയ്യപ്പെട്ട ഫ്‌ളിപ്കാര്‍ട്ടിനു പോലും എവിടെയുമെത്താന്‍ സാധിച്ചില്ലെന്നതും അവരുടെ മൂല്യം ആഗോള നിക്ഷേപ കമ്പനികള്‍ താഴ്ത്തിയതും ശ്രദ്ധേയമായി. ഇന്ത്യയുടെ സ്വദേശി സ്റ്റാര്‍ട്ടപ്പുകളെ സംരക്ഷിക്കുന്ന തരത്തിലുള്ള നയങ്ങളായിരിക്കണം സര്‍ക്കാര്‍ കൈക്കൊള്ളേണ്ടതെന്ന് ഫ്‌ളിപ്കാര്‍ട്ടിന്റെയും ഒലയുടെയും മേധാവികള്‍ അടുത്തിടെ പ്രസ്താവന നടത്തിയതു തന്നെ പരാജയം സമ്മതിക്കലായി മാറി. ഇന്നൊവേറ്റിവ് ആശയങ്ങള്‍ ഇല്ലാതാകുമ്പോഴാണ് സംവരണവും സംരക്ഷണവുമെല്ലാം ബിസിനസുകള്‍ ആവശ്യപ്പെടുന്നത്. വിദേശ പിന്തുണയുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുള്ള മത്സരം നേരിടാന്‍ ശക്തിയില്ലാത്തതാണ് നമ്മുടെ സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ അത് പരാജയപ്പെടുക തന്നെ ചെയ്യും, സംശയമൊന്നുമില്ല. അതിന് വെറുതെ സര്‍ക്കാരിനോട് സഹായം ആവശ്യപ്പെട്ടിട്ട് കാര്യമില്ല. അപ്പോള്‍ സ്റ്റാര്‍ട്ടപ്പ് ലോകത്തെ നിലവിലെ പ്രശ്‌നം ഇന്നൊവേഷന്റെ അഭാവമാണെന്നത് വ്യക്തം. അതാണ് ചര്‍ച്ച ചെയ്യേണ്ട വിഷയം. അല്ലെങ്കില്‍ 2017ലും സ്ഥിതി മറിച്ചാകില്ല.

ഇന്ത്യയെ ലോകത്തെ ഏറ്റവും തുറന്ന സമ്പദ് വ്യവസ്ഥയാക്കാനുള്ള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്തുകഴിഞ്ഞു. ഈ പരിഷ്‌കരണങ്ങളിലൂടെ ഫുഡ് റീട്ടെയ്ല്‍, സിവില്‍ ഏവിയേഷന്‍ രംഗങ്ങളില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദനീയമാണ്. ഇത് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗുണകരമാകും. എന്നാല്‍ അത് ഉപയോഗപ്പെടുത്താന്‍ നമുക്ക് സാധിക്കണം. ജാപ്പനീസ് ഭീമന്‍ സോഫ്റ്റ്ബാങ്കിന്റെ സ്ഥാപകന്‍ മസയോഷി സണ്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ 10 വര്‍ഷം കൊണ്ട് 10 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്നൊവേറ്റീവ് ആശയങ്ങള്‍ രൂപപ്പെടുത്തിയാല്‍ നിക്ഷേപത്തിന് ബുദ്ധിമുട്ടുണ്ടാകാനിടയില്ല.

Comments

comments

Categories: Editorial