ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സതാംപ്ടണിനെ തകര്‍ത്ത് ടോട്ടന്‍ഹാം ഹോട്‌സ്പര്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്:  സതാംപ്ടണിനെ തകര്‍ത്ത് ടോട്ടന്‍ഹാം ഹോട്‌സ്പര്‍

 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫൂട്‌ബോളില്‍ സതാംപ്ടണിനെതിരെ ടോട്ടന്‍ഹാം ഹോട്‌സ്പറിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ടോട്ടന്‍ഹാം ഹോട്‌സ്പര്‍ സതാംപ്ടണിനെ പരാജയപ്പെടുത്തിയത്. ഇംഗ്ലീഷ് ഫൂട്‌ബോളറായ ഡെല്ലെ അല്ലി ടോട്ടന്‍ഹാം ഹോട്‌സ്പറിന് വേണ്ടി ഇരട്ട ഗോളുകള്‍ നേടി. ഹാരി കെയ്ന്‍, സണ്‍ ഹ്യൂങ് എന്നിവരാണ് ടോട്ടന്‍ഹാം ഹോട്‌സ്പറിന്റെ മറ്റ് ഗോള്‍ സ്‌കോറര്‍മാര്‍.

സതാംപ്ടണിന്റെ തട്ടകമായ സെന്റ് മേരീസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ രണ്ടാം മിനുറ്റില്‍ തന്നെ ഡച്ച് താരമായ വിര്‍ജില്‍ വാന്‍ ഡിജിക്കിലൂടെ സതാംപ്ടനാണ് മുന്നിലെത്തിയത്. പ്രീമിയര്‍ ലീഗ് സീസണിലെ വേഗതയേറിയ നാലാം ഗോള്‍ കൂടിയായിരുന്നു ഇത്. എന്നാല്‍ പിന്നീട് മൗറീഷ്യോ പോച്ചെറ്റീനോയുടെ കീഴിലിറങ്ങിയ ടോട്ടന്‍ഹാം ഹോട്‌സ്പര്‍ തിരിച്ചടിക്കുകയായിരുന്നു.

മത്സരത്തില്‍, ഇംഗ്ലീഷ് താരമായ ഹാരി കെയ്ന്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തി. ഡെല്ലെ അല്ലിയെ ഫൗള്‍ ചെയ്തതിന് സതാംപ്ടണിന്റെ നദാന്‍ റെഡ്‌മോണ്ട് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോകേണ്ടിയും വന്നു. 4-2-3-1 ശൈലിയാണ് ടോട്ടന്‍ഹാം ഹോട്‌സ്പര്‍ മത്സരത്തില്‍ സ്വീകരിച്ചത്. അതേസമയം, 4-3-3 ഫോര്‍മേഷനിലാണ് ക്ലോഡ് പ്യുയല്‍ മാനേജറായ സതാംപ്ടണ്‍ പന്ത് തട്ടിയത്.

പ്രീമിയര്‍ ലീഗിലെ പതിനെട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടോട്ടന്‍ഹാം ഹോട്‌സ്പര്‍ മുപ്പത്താറ് പോയിന്റുമായി ലീഗ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ഇത്രയും കളികളില്‍ നിന്നും ഇരുപത്തിനാല് പോയിന്റുമായി സതാംപ്ടണ്‍ എട്ടാമതും. പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ നാല്‍പ്പത്താറ് പോയിന്റുള്ള ചെല്‍സിയാണ് ഒന്നാം സ്ഥാനത്ത്.

നാല്‍പ്പത് പോയിന്റുള്ള ലിവര്‍പൂളാണ് പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്ത്. മുപ്പത്തൊന്‍പത് പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി തൊട്ടടുത്ത സ്ഥാനത്തും. പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനത്തുള്ള ആഴ്‌സണലിന് മുപ്പത്തേഴ് പോയിന്റാണുള്ളത്. പതിനെട്ട് മത്സരങ്ങളില്‍ നിന്നും 33 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് ആറാമത്. നിലവിലെ ചാമ്പ്യന്മാരായ ലൈസസ്റ്റര്‍ സിറ്റി 17 പോയിന്റുമായി 16-ാം സ്ഥാനത്താണ്.

Comments

comments

Categories: Sports