പരിഷ്‌കരണങ്ങള്‍: റിയല്‍റ്റി വിപണിക്ക് വളര്‍ച്ച പ്രതീക്ഷ

പരിഷ്‌കരണങ്ങള്‍: റിയല്‍റ്റി വിപണിക്ക് വളര്‍ച്ച പ്രതീക്ഷ

 

മുംബൈ/ബെംഗളൂരു: റിയല്‍ എസ്റ്റേറ്റ് വിപണയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നിരവധി പരിഷ്‌കരണങ്ങള്‍ക്കാണ് ഈ വര്‍ഷം സാക്ഷ്യം വഹിച്ചത്. റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി നിയമം പ്രാബല്യത്തില്‍ വരുത്തിയതടക്കം വലിയ പ്രതീക്ഷയോടെയാണ് ഈ മേഖല പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പണമിടപാട് നടക്കുന്ന മേഖലകളിലൊന്നായ റിയല്‍ എസ്റ്റേറ്റ് രംഗത്തും ഉയര്‍ന്ന മൂല്യമുള്ള കറന്‍സികളുടെ നിരോധനം കനത്ത പ്രതിസന്ധി സൃഷ്ടിച്ചതിനും ഈ വര്‍ഷം സാക്ഷിയായെങ്കിലും വരും വര്‍ഷം ഇതിന്റെ നേട്ടം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
ഉപഭോക്തൃ പ്രതിഷേധങ്ങള്‍ വര്‍ധിച്ചതാണ് ഈ വര്‍ഷം വിപണിയിലുണ്ടായ മറ്റൊരു കാര്യം. ഉപഭോക്താക്കളെ കബളിപ്പിക്കുന്ന കമ്പനികള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതിന് മുമ്പായി തന്നെ ഉപഭോക്താക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയ നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്ത്.
ഇപ്പറഞ്ഞ കാര്യങ്ങളൊന്നും അടുത്ത വര്‍ഷം റിയല്‍ എസ്റ്റേറ്റിന് വളര്‍ച്ചയ്ക്കുള്ള അടിത്തറയിട്ടിട്ടില്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. അതേസമയം, റിയല്‍റ്റി വിപണിയില്‍ അത്യന്താപേക്ഷികമായ സുതാര്യത ഉറപ്പാക്കുകയും നിയമ നൂലാമാലകള്‍ ലളിതമാക്കുകയും ചെയ്യുന്ന ധര്‍മം മാത്രമാണ് പുതിയ പരിഷ്‌കരണങ്ങള്‍ കൊണ്ടുണ്ടാവുകയെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.
റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി നിയമം പൂര്‍ണതോതില്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഓരോ സംസ്ഥാനത്തും ഒരു റെഗുലേറ്ററുണ്ടാവുകയും കമ്പനികളുടെ പ്രവര്‍ത്തനത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുകയും ചെയ്യും. ഇത് പദ്ധതികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതിനും കൃത്യമായി വിതരണം നടത്തുന്നതിനും സഹായകമാകും. റിയല്‍ എസ്റ്റേറ്റ് വിപണി ഏറ്റവും തിരിച്ചടി നേരിടുന്നത് പദ്ധതി കൃത്യസമയത്ത് പൂര്‍ത്തിയാക്കി കൈമാറ്റം ചെയ്യത്തതാണ്. പുതിയ നിയമം വരുന്നതോടെ പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രാധാന്യം കമ്പനികള്‍ നിലവിലുള്ള പദ്ധതികള്‍ വില്‍പ്പന നടത്താനായിരിക്കും നല്‍കുക. കുറഞ്ഞ ചെലവിലുള്ള വീടുകള്‍ക്ക് പ്രധാന്യം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനവം പലിശ നിരക്കില്‍ കുറവ് വരുത്തിയേക്കുമെന്ന പ്രതീക്ഷയും ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷയേകുന്നതാണ്.
നിലവിലുള്ള സാഹചര്യങ്ങളെ അപേക്ഷിച്ച് പുതിയ പരിഷ്‌കരണങ്ങള്‍ മികച്ച പ്രതീക്ഷ നല്‍കുന്നുണ്ടെന്നാണ് പ്രമുഖ റിയല്‍റ്റി കമ്പനി ഹിരാനന്ദനി ഗ്രൂപ്പ് സഹസ്ഥാപകനും സിഎംഡിയുമായി നിരജ്ഞന്‍ ഹിരാനന്ദനി അഭിപ്രായപ്പെട്ടു. നിലവില്‍ പ്രതികൂല സാഹചര്യം നേരിടുന്ന വിപണി അടുത്ത വര്‍ഷം ഏപ്രിലോടെ വളര്‍ച്ചയില്‍ തിരിച്ചെന്നുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നയങ്ങളുടെ കാര്യത്തില്‍ ഈ വര്‍ഷം റിയല്‍ എസ്റ്റേറ്റ് വിപണിക്ക് ഏറ്റവും നിര്‍ണായകമാണെന്നാണ് വിലയിരുത്തലുകള്‍. റിയല്‍റ്റി നിയമം, ബിനാമി പ്രോപ്പര്‍ട്ടി ഇടപാട് നിയമം, ചരക്കു സേവന നികുതി നിയമം, ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്ന നോട്ട് അസാധുവാക്കല്‍ ഇതെല്ലാം ഇന്ത്യന്‍ റിയല്‍ എസ്‌റ്റേറ്റ് വിപണിക്ക് ഭാവിയില്‍ വന്‍ വളര്‍ച്ചയ്ക്ക് വഴിവെക്കുമെന്നാണ് കമ്പനികള്‍ അഭിപ്രായപ്പെടുന്നത്.
അതേസമയം, റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ റെസിഡന്‍ഷ്യല്‍ മേഖല നോട്ട് നിരോധനത്തോടെ കടുത്ത പ്രതിസന്ധിയിലായിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. റെസിഡന്‍ഷ്യല്‍ സെഗ്‌മെന്റില്‍ അതുവരെയുണ്ടായിരുന്ന ട്രെന്‍ഡ് നോട്ട് നിരോധനത്തോടെ ഇടിഞ്ഞു. ഈ വര്‍ഷം രാജ്യത്തെ മുന്‍നിര നഗരങ്ങളിലെ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വില്‍പ്പന ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്‌കരണങ്ങള്‍ ചുരുങ്ങിയ കാലം വിപണിയില്‍ കാര്യമായ പ്രതിസന്ധി സൃഷ്ടിക്കും. ഈ വര്‍ഷം ആദ്യത്തില്‍ പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ വിപണിക്കില്ല. അതേസമയം, ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച വളര്‍ച്ചയാണ് ഈ പരിഷ്‌കരണങ്ങള്‍ക്കൊണ്ടുള്ള നേട്ടം.-നൈറ്റ് ഫ്രാങ്ക് ഇന്ത്യ ചെയര്‍മാന്‍ ശിഷിര്‍ ബൈജല്‍ ചൂണ്ടിക്കാണിക്കുന്നു.
ഈ വര്‍ഷം ആദ്യ ആറ് മാസത്തില്‍ റെസിഡന്‍ഷ്യല്‍ വിപണിയില്‍ വില്‍പ്പന മെച്ചപ്പെട്ടിരുന്നു. 2015നെ അപേക്ഷിച്ച് ഡെല്‍ഹിയടക്കമുള്ള മുഖ്യ വിപണികളില്‍ മികച്ച വില്‍പ്പനയാണ് ഈ വര്‍ഷം ആദ്യ പകുതിയില്‍ രേഖപ്പെടുത്തിയിരുന്നതെന്ന് നൈറ്റ് ഫ്രാങ്ക് ഇന്ത്യ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ സുതാര്യത ഉറപ്പാക്കുന്നതിനായി ഒരുക്കിയ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി നിയമം ഉപഭോക്താക്കള്‍ക്ക് ഈ വിപണിയിലുണ്ടായിരുന്ന ആത്മവിശ്വാസം തിരിച്ചെത്തിക്കുമെന്നാണ് വിലയിരുത്തലുകള്‍.

Comments

comments

Categories: Business & Economy