മഹാരാഷ്ട്ര റെഗുലേറ്ററി നിയമം: പ്രതിഷേധം ശക്തമാകുന്നു

മഹാരാഷ്ട്ര റെഗുലേറ്ററി നിയമം: പ്രതിഷേധം ശക്തമാകുന്നു

പൂനെ: മഹാരാഷ്ട്രയില്‍ ഈയിടെ അവതരിപ്പിച്ച റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി കരട് നിയമത്തില്‍ പ്രതിഷേധം ശക്തമാകുന്നു. നിയമം റിയല്‍റ്റി കമ്പനികള്‍ക്ക് അനുകൂലമായാണ് നിര്‍മിച്ചിരിക്കുന്നെതെന്നാണ് ആരോപണം. കരട് നിയമത്തില്‍ നാളെ വരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം സമര്‍പ്പിക്കാനുള്ള അവസരമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍ ഈ നിയമം പിന്‍വലിക്കണമെന്ന് കാണിച്ച് ആയിരക്കണക്കിന് പ്രതിനിധികള്‍ ഒപ്പുവെച്ച അപേക്ഷ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് അയക്കാനിരിക്കുകയാണ് പ്രതിഷേധ പ്രവര്‍ത്തകര്‍.

കരട് നിര്‍ദേശങ്ങള്‍ നിയമമാക്കുന്നതിന് മുമ്പ് ഇതിലുള്ള പഴുതുകള്‍ ചൂണ്ടിക്കാണിക്കുന്നതിനാണ് അപേക്ഷയില്‍ മുന്‍ഗണന നല്‍കിയിരിക്കുന്നതെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന പൂനെ ഗ്രാഹക് പഞ്ചായത്ത് പ്രസിഡന്റ് വിജയ് സാഗര്‍ അറിയിച്ചു. സര്‍ക്കാര്‍ പുതിയ കരട് നിര്‍ദേശം നല്‍കിയതിന് ശേഷം 100ഓളം പരാതികളും എതിര്‍പ്പുകളുമാണ് നിയമവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്.
ഉപഭോക്താവ് നിര്‍മാതാവുമായി കരാറിലൊപ്പിടുമ്പോള്‍ മൊത്തം തുകയുടെ 30 ശതമാനവും കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോള്‍ 45 ശതമാനവും നല്‍കണമെന്നാണ് മഹാരാഷ്ട്ര റിയല്‍റ്റി കരട് നിയമത്തില്‍ അനുശാസിക്കുന്നത്. എന്നാല്‍ കേന്ദ്ര റെഗുലേറ്ററി നിയമത്തില്‍ ഇത് പത്ത് ശതമാനം മാത്രം നല്‍കിയാല്‍ മതിയെന്നാണ് ചട്ടം. ഇത്തരം കാര്യങ്ങളില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ എന്തിന് കര്‍ക്കശ നിലപാട് സ്വീകരിക്കുന്നതെന്നാണ് പ്രതിഷേധ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്.
ഈ മാസം ഒന്‍പതിനാണ് മഹാരാഷ്ട്ര സ്റ്റേറ്റ് ഹൗസിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് റെഗുലേറ്ററി കരട് നിയമം അവതരിപ്പിച്ചത്. തവണകളില്‍ ഒരു മാസം വീഴ്ച വരുത്തിയാല്‍ ഒരു ആഴ്ച നോട്ടീസ് കാലാവധിക്ക് ഇ മെയ്ല്‍ അയച്ച് ഇടപാട് കരാര്‍ റദ്ദാക്കാനുള്ള അവസരവും കരട് നിയമത്തിലുണ്ട്. പദ്ധതിയില്‍ നിന്നും ഉപഭോക്താവ് പിന്മാറിയാല്‍ ആറ് മാസത്തികം പലിശയില്ലാതെ തുക തിരിച്ച് നല്‍കുന്നതിനുമുള്ള സൗകര്യവും കമ്പനികള്‍ക്ക് അനുകൂലമായതാണെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.

Comments

comments

Categories: Politics

Related Articles

Write a Comment

Your e-mail address will not be published.
Required fields are marked*