ഹെലികോപ്റ്ററില്‍നിന്നും യാത്രക്കാരനെ പുറത്തേയ്ക്ക് തള്ളിയിട്ടിട്ടുണ്ട്: ഡ്യുട്ടെര്‍ട്ട്

ഹെലികോപ്റ്ററില്‍നിന്നും യാത്രക്കാരനെ പുറത്തേയ്ക്ക് തള്ളിയിട്ടിട്ടുണ്ട്: ഡ്യുട്ടെര്‍ട്ട്

 

മനില: ബലാല്‍സംഗ, കൊലപാതക കേസില്‍ കുറ്റാരോപിതനായ ചൈനീസ് വംശജനെ പറന്നു കൊണ്ടിരുന്ന ഹെലികോപ്റ്ററില്‍നിന്നും തള്ളി താഴെയിട്ടു കൊലപ്പെടുത്തിയിട്ടുണ്ടെന്നു ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടെര്‍ട്ട്. കഴിഞ്ഞ ദിവസം ഫിലിപ്പീന്‍സില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ ദുരന്തം ഏറ്റുവാങ്ങിയവര്‍ക്കായി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
അഴിമതിക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മുന്നറിയിപ്പ് നല്‍കുമ്പോഴായിരുന്നു പ്രസിഡന്റ് ഇങ്ങനെ പറഞ്ഞത്. അഴിമതിക്കാരോടു താന്‍ സന്ധിയില്ലാ സമരം നടത്തുമെന്നും കനത്ത ശിക്ഷ നല്‍കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അഴിമതിക്കാരെ ശിക്ഷിക്കാന്‍ എനിക്ക് യാതൊരു മടിയുമില്ല. ഞാന്‍ നിരവധി പേരെ ശിക്ഷിച്ചിട്ടുണ്ട്. ഇനിയും ശിക്ഷിക്കും. അതുകൊണ്ട് എല്ലാവരും ജാഗ്രതയോടെ ജോലി ചെയ്യൂ എന്ന് ഡ്യൂട്ടെര്‍ട്ട് ഓര്‍മപ്പെടുത്തി.
പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രസിഡന്റിന്റെ ഓഫീസ് തന്നെയാണു പുറത്തുവിട്ടത്.
കഴിഞ്ഞയാഴ്ച വിവാദ പ്രസംഗം നടത്തിയിരുന്നു ഡ്യൂട്ടെര്‍ട്ട്. ദാവോ നഗരത്തിന്റെ മേയറായിരുന്നപ്പോള്‍ താന്‍ കുറ്റവാളികളെ കൊന്നൊടുക്കിയിരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് വന്‍ വിവാദമാവുകയും ചെയ്തിരുന്നു.

Comments

comments

Categories: World