25ല്‍ അധികം കമ്പനികള്‍ അസമില്‍ നിക്ഷേപത്തിനൊരുങ്ങുന്നു

25ല്‍ അധികം കമ്പനികള്‍ അസമില്‍ നിക്ഷേപത്തിനൊരുങ്ങുന്നു

ഗുവാഹട്ടി: ഇരുപത്തഞ്ചിലധികം കമ്പനികള്‍ സംസ്ഥാനത്ത് നിക്ഷേപം നടത്താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി അസം സര്‍ക്കാര്‍. 5,000 കോടി രൂപയുടെ നിക്ഷേപം നടത്തി സംസ്ഥാനത്ത് 44,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ കമ്പനികള്‍ക്ക് സാധിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു. അസമിനെ ലോകോത്തര നിലവാരത്തിലുള്ള വാണിജ്യ കേന്ദ്രമായി അവതരിപ്പിക്കുന്നതിന് ഗുവാഹട്ടിയില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ നിര്‍മിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

നിലവില്‍ നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കമ്പനികള്‍ ആരംഭിച്ചതായും ഒരു വര്‍ഷത്തിനുള്ളില്‍ ഒട്ടുമിക്ക കമ്പനികളും കമ്മീഷന്‍ ചെയ്യുമെന്നും അസം വാണിജ്യ- വ്യാവസായിക വകുപ്പ് മന്ത്രി ചന്ദ്രമോഹന്‍ പടോവാരി വിശദീകരിച്ചു. ഈ കമ്പനികളുടെ മൊത്തം നിക്ഷേപം ഏകദേശം 5,000 കോടി രൂപയ്ക്കടുത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഏതൊക്കെ വന്‍കിട വ്യാവസായിക സംരംഭങ്ങളാണ് അസമില്‍ നിക്ഷേപം നടത്താനൊരുങ്ങുന്നതെന്ന കാര്യം സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. അസമില്‍ 5,000 ഏക്കറില്‍ ലാന്‍ഡ് ബാങ്ക് വികസിപ്പിക്കുന്നതിനുള്ള പുതിയ ലാന്‍ഡ് പൂളിംഗ് സ്‌കീം (കര്‍ഷകരുടെ ഭൂമി സര്‍ക്കാര്‍ ഏജന്‍സികള്‍ ഏറ്റെടുത്ത്‌കൊണ്ട് കര്‍ഷകരെ അടിസ്ഥാനസൗകര്യ വികസനത്തില്‍ പങ്കാളികളാക്കാനുള്ള പദ്ധതി) നിര്‍ദേശവും സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചതായി വാണിജ്യ മന്ത്രി അറിയിച്ചു.
അസമിനെ അത്യാധൂനിക സൗകര്യങ്ങളുള്ള വാണിജ്യ കേന്ദ്രമാക്കി മാറ്റുന്നതിനു വേണ്ടി ഗുവാഹട്ടിയുടെ നഗരപ്രദേശത്തായാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ നിര്‍മിക്കാന്‍ ആലോചിക്കുന്നത്. മികച്ച ആര്‍ക്കിടെക്റ്റുകളുടെ സഹായത്തോടെയായിരിക്കും സെന്റര്‍ യാഥാര്‍ത്ഥ്യമാക്കുക. ദേശീയ അന്തര്‍ദേശീയ കമ്പനികള്‍ക്ക് പങ്കെടുക്കാന്‍ അവസരമൊരുക്കികൊണ്ട് മെഗാ ഇന്‍വെസ്റ്റ്‌മെന്റ് സമ്മിറ്റ് സംഘടിപ്പിക്കാനും അസം സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനു വേണ്ടി രാജ്യത്തിനകത്തും പുറത്തുമായി റോഡ് ഷോകള്‍ നടത്തുമെന്നും ഫിക്കിയായിരിക്കും ഇന്‍വെസ്റ്റ്‌മെന്റ് സമ്മിറ്റിനു വേണ്ടിയുള്ള ഇവന്റ് പാര്‍ട്ണര്‍ എന്നും ചന്ദ്ര മോഹന്‍ പടോവാരി അറിയിച്ചു.
അസമിനെ നിക്ഷേപകരുടെ ശ്രദ്ധകേന്ദ്രമായി ഉയര്‍ത്തുന്നതിന് സംസ്ഥാനത്ത് ബിസിനസ് സൗഹൃദാന്തരീക്ഷമൊരുക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംസ്‌ക്കരണത്തിനു വേണ്ടി നൂറോളം പ്രാഥമിക സംസ്‌ക്കരണ സെന്ററുകളും (പിപിസി) സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 500ഓളം സംസ്‌ക്കരണ കേന്ദ്രങ്ങള്‍ വികസിപ്പിക്കാന്‍ വ്യാവസായിക വകുപ്പ് പദ്ധതിയിടുന്നതായും ചന്ദ്ര മോഹന്‍ പറഞ്ഞു. അടുത്ത വര്‍ഷം ഏപ്രിലില്‍ നോര്‍ത്ത് ഈസ്റ്റ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ പോളിസി (എന്‍ഇഐഐപിപി) കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചന്ദ്ര മോഹന്‍ പറഞ്ഞു.

Comments

comments

Categories: Entrepreneurship