അഞ്ച് പേര്‍ക്ക് പുതുജീവനേകി മോനിഷ് യാത്രയായി

അഞ്ച് പേര്‍ക്ക് പുതുജീവനേകി മോനിഷ് യാത്രയായി

കൊച്ചി: വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച 33 കാരനായ യുവാവിന്റെ അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് പുതുജീവനേകി. കായംകുളം കണ്ടല്ലൂര്‍ മോനിഷ് ഭവനില്‍ മോനിഷ് മോഹന്റെ അവയവങ്ങളാണ് കൊച്ചിയിലും കോട്ടയത്തും വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് നല്‍കിയത്. കായംകുളം ഐക്യ ജങ്ക്ഷന് സമീപം വെച്ചാണ് മോനിഷ് വാഹനാപകടത്തില്‍പ്പെട്ടത്. കൊച്ചി മരടിലെ വിപിഎസ് ലേക് ഷോര്‍ ആശുപത്രിയില്‍ ഈമാസം 26ന് രാത്രി 11 മണിയോടെയായിരുന്നു മോനിഷിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്.

‘വിഷന്‍ കണ്ടല്ലൂര്‍’ എന്ന സാംസ്‌കാരിക സംഘടനയിലെ സജീവ അംഗമായിരുന്ന മോനിഷ് നേരത്തെത്തന്നെ കേരള സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിലൂടെ അവയവദാനത്തിനുള്ള സമ്മതപത്രം ഒപ്പിട്ടു കൊടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവയവദാനത്തിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചത്.

മോനിഷിന്റെ ഇടത് വൃക്ക വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കൊച്ചി എളംകുളം സ്വദേശിക്കും വലത് വൃക്ക കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോട്ടയം കല്ലറ സ്വദേശിക്കും രണ്ട് കണ്ണുകള്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലുള്ള രണ്ട് പേര്‍ക്കും ഹൃദയം എറണാകുളം ലിസി ആശുപത്രിയില്‍ കഴിയുന്ന തൃശൂര്‍ ഒല്ലൂര്‍ സ്വദേശിക്കുമാണ് നല്‍കിയത്.

വിപിഎസ് ലേക്‌ഷോറിലെ മള്‍ട്ടിഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് ഡയറക്ടര്‍ ഡോ. എച്ച്. രമേഷ്, ഡോ. മഹേഷ്, കിഡ്‌നി ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍മാരായ ഡോ. ജോര്‍ജ് പി. എബ്രഹാം, ഡോ. ഡാറ്റ്‌സന്‍ ജോര്‍ജ്, ലിസി ആശുപത്രിയിലെ ഡോ. ജോസ് ചാക്കോ പെരിയപുരം, ഡോ. ജേക്കബ് എബ്രഹാം, അനസ്‌തേഷ്യോളജിസ്റ്റുകളായ ഡോ. മോഹന്‍ മാത്യു, ഡോ. മല്ലി ജോര്‍ജ്, ഡോ. കോട്ടേശ്വര റാവ് എന്നിവര്‍ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കി.

അച്ഛനും അമ്മയും ഭാര്യയും കുട്ടിയും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു കസേര നിര്‍മാണ യൂണിറ്റില്‍ വെല്‍ഡറായിരുന്ന മോനിഷ്. മോനിഷിന്റെ പിതാവ് റോഡപകടത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ചികിത്സയിലാണ്.

Comments

comments

Categories: Branding