പതഞ്ജലിയെ ചെറുക്കാന്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങളുമായി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍

പതഞ്ജലിയെ ചെറുക്കാന്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങളുമായി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍

 

മുംബൈ: എഫ്എംസിജി ഉല്‍പ്പന്ന മേഖലയില്‍ കുതിപ്പ് തുടരുന്ന പതഞ്ജലിയെ ചെറുക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തയാറെടുക്കുന്നു. യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലിക്കെതിരെ ആയുര്‍വേദ പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങളുടെ വന്‍നിര തന്നെ അവതരിപ്പിക്കാനാണ് എച്ച്‌യുഎല്‍ ഒരുങ്ങുന്നത്. സോപ്പ്, ടൂത്ത് പേസ്റ്റ്, സ്‌കിന്‍ ക്രീം, ഷാംപൂ തുടങ്ങി ഇരുപതോളം ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കാനാണ് ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ആയുര്‍വേദ വിഭാഗമായ ആയുഷ് ബ്രാന്‍ഡ് പദ്ധതി തയാറാക്കിയിട്ടുള്ളത്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 2001ല്‍ ആയുഷ് ബ്രാന്‍ഡ് അവതരിപ്പിച്ചിരുന്നു. എന്നാല്‍ 2007 ഓടെ വളര്‍ച്ച മന്ദഗതിയിലായി. 30 മുതല്‍ 130 രൂപ വരെ വിലയുള്ള ഉല്‍പ്പന്നങ്ങളാണ് ആയുഷ് ഇപ്പോള്‍ പുറത്തിറക്കാന്‍ ആലോചിക്കുന്നത്.
കുറഞ്ഞകാലത്തിനിടെ പതഞ്ജലി 5,000 കോടി രൂപയുടെ വിറ്റുവരവുള്ള കമ്പനിയായി മാറിയത് ഹിന്ദുസ്ഥാന്‍ യൂണിലിവറിനെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിക്കുകയായിരുന്നു. തങ്ങളുടെ വിപണി അപ്രമാദിത്തത്തെ വെല്ലുവിളിക്കാന്‍ പതഞ്ജലിക്ക് കഴിഞ്ഞിരിക്കുന്നു എന്ന തിരിച്ചറിവും എച്ച്‌യുഎല്ലിന്റെ തീരുമാനത്തില്‍ നിര്‍ണായകമായി. 30,000 കോടി രൂപയിലധികമാണ് ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ഇപ്പോഴത്തെ വിറ്റുവരവ്. എന്നാല്‍ പതഞ്ജലിയുടെ ജൈത്രയാത്ര എച്ച്‌യുഎല്‍ ഉള്‍പ്പെടെയുള്ള എഫ്എംസിജി കമ്പനികള്‍ക്ക് ഭീഷണിയാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നത്.
യൂണിലിവര്‍, കോള്‍ഗേറ്റ്, നെസ്‌ലെ തുടങ്ങിയ ബഹുരാഷ്ട്ര ബ്രാന്‍ഡുകളെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന് ഈ വര്‍ഷം ഏപ്രിലില്‍ ബാബ രാംദേവ് പ്രസ്താവിച്ചിരുന്നു.
പതഞ്ജലിയെ എതിരിടാന്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തയ്യാറെടുക്കുന്നതും പതഞ്ജലിയുടെ ഭാവി പദ്ധതികളും 2017 ല്‍ എഫ്എംസിജി മേഖലയിലെ കടുത്ത വിപണി മല്‍സരത്തിന് ഇടയാക്കിയേക്കാം.

Comments

comments

Categories: Branding