ബിസിപിഎല്ലിനെയും എച്ച്എഎല്ലിനെയും വില്‍ക്കാന്‍ അനുമതി

ബിസിപിഎല്ലിനെയും എച്ച്എഎല്ലിനെയും  വില്‍ക്കാന്‍ അനുമതി

 

ന്യൂഡെല്‍ഹി: രാജ്യത്തെ ആദ്യത്തെ ഫാര്‍മ കമ്പനി ബംഗാള്‍ കെമിക്കല്‍സ് ആന്‍സ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്(ബിസിപിഎല്‍), മറ്റൊരു പൊതു മേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) എന്നിവയുടെ വില്‍പ്പനയ്ക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. ഈ കമ്പനികള്‍ക്കു കീഴിലെ അധിക ഭൂമി വിറ്റ് ബാധ്യതകള്‍ കുറച്ചതിനുശേഷമായിരിക്കും സ്വകാര്യവല്‍ക്കരണം നടപ്പാക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ മന്ത്രിസഭാ യോഗമാണ് ബിസിപിഎല്ലിന്റെയും എച്ച്എഎല്ലിന്റെയും കാര്യത്തില്‍ തീരുമാനമെടുത്തത്. ഇന്ത്യന്‍ ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്(ഐഡിപിഎല്‍), രാജസ്ഥാന്‍ ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് (ആര്‍ഡിപിഎല്‍) എന്നിവ അടച്ചുപൂട്ടുന്നതിനും മന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ട്. പൊതുമേഖല കമ്പനികളുടെ പ്രവര്‍ത്തനത്തില്‍ കാര്യക്ഷമതയും പ്രൊഫഷണലിസവും കൊണ്ടുവരുക ലക്ഷ്യമിട്ട്, സര്‍ക്കാരിന്റെ ഭൂരിഭാഗം ഓഹരികളും സ്വകാര്യ മേഖലയ്ക്ക് വില്‍ക്കാന്‍ നിതി ആയോഗ് കണ്ടെത്തിയ സ്ഥാപനങ്ങളില്‍ ബിസിപിഎല്ലും എച്ച്എഎല്ലും ഉള്‍പ്പെട്ടിരുന്നു.
ബാധ്യതകള്‍ തീര്‍ക്കുന്നതിന് ബിസിപിഎല്‍, എച്ച്എഎല്‍, ഐഡിപിഎല്‍, ആര്‍ഡിപിഎല്‍ തുടങ്ങിയവയുടെ അധിക ഭൂമി വില്‍ക്കുന്നതിന് ഓപ്പണ്‍ ടെണ്ടര്‍ വിളിക്കും. ഭൂമി വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക തൊഴിലാളികളുടെ നിര്‍ബന്ധിത വിരമിക്കല്‍ പദ്ധതിക്കും മറ്റും വിനിയോഗിക്കും. ഒരു വ്യാഴവട്ടത്തിനിടെ ഇതു രണ്ടാം തവണയാണ് പൊതു മേഖല കമ്പനിയുടെ വില്‍പ്പനയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. സെപ്റ്റംബറില്‍ ഭാരത് പമ്പ്‌സ് ആന്‍ഡ് കംപ്രസേഴ്‌സ് ലിമിറ്റഡിനെ വില്‍ക്കുന്നതിനും മന്ത്രിസഭ പച്ചക്കൊടികാട്ടിയിരുന്നു. 2003-04 കാലയളവില്‍ ജെസോപ് ആന്‍ഡ് കോയുടെ സ്വകാര്യവല്‍ക്കരണശേഷം നടത്തുന്ന സമാന നടപടിയും ഇതു തന്നെ.
പ്രശസ്ത ശാസ്ത്രജ്ഞനും സംരംഭകനുമായ ആചാര്യ പ്രഫുല്ല ചന്ദ്ര റായ് 1901 ഏപ്രിലില്‍ സ്ഥാപിച്ചതാണ് ബംഗാള്‍ കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് വര്‍ക്ക്‌സ് ലിമിറ്റഡ്. 1977 ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ കമ്പനിയെ ഏറ്റെടുത്തു. 1981 കമ്പനി ദേശസാല്‍ക്കരിച്ച് ബംഗാള്‍ കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (ബിസിപിഎല്‍) എന്ന് പുനര്‍നാമകരണം ചെയ്തു.
കൊല്‍ക്കത്തയ്ക്ക് അടുത്തുള്ള പനിഹതിയിലെ ബിസിപിഎല്‍ ഫാക്റ്ററിയില്‍, മലേറിയ നിര്‍മാര്‍ജ്ജന മരുന്നായ ക്ലോറോക്യൂനും പാരസെറ്റമോളും മറ്റു മരുന്നുകളും ഇന്‍ഡസ്ട്രിയല്‍ കെമിക്കല്‍സും നിര്‍മിക്കുന്നുണ്ട്. യൂണിസെഫുമായും വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനു(ഡബ്ല്യുഎച്ച്ഒ)മായും സഹകരിച്ച് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപിച്ച പ്രഥമ പൊതുമേഖല മരുന്നു നിര്‍മാണ കമ്പനിയാണ് എച്ച്എഎല്‍.

Comments

comments

Categories: Branding