വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറിന്റെ കാലാവധി നീട്ടിയേക്കും

വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറിന്റെ കാലാവധി നീട്ടിയേക്കും

ന്യൂഡെല്‍ഹി: വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറിന്റെ കാലാവധി നീട്ടിയേക്കുമെന്ന് സൂചന. 1977 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ എസ് ശങ്കറിന്റെ രണ്ടു വര്‍ഷ കാലാവധി ജനുവരി 28ന് അവസാനിക്കാനിരിക്കെയാണ് കാലാവധി നീട്ടിയേക്കാമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. എന്നാല്‍ ഇതുസംബന്ധിച്ച് വ്യക്തമായ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല.

മുന്‍ വിദേശകാര്യ സെക്രട്ടറി സുജാത സിംഗ് വിരമിക്കാന്‍ ഏഴ് മാസം ബാക്കി നില്‍ക്കെ 2015 ജനുവരി 28നാണ് എസ് ജയങ്കറിനെ വിദേശകാര്യ സെക്രട്ടറിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. വിദേശകാര്യ സെക്രട്ടറി പദവിയില്‍ രണ്ടു വര്‍ഷ കാലാവധി പൂര്‍ത്തിയാക്കാന്‍ അനുവദിക്കാറുണ്ടെന്ന പതിവുരീതിയില്‍ മാറ്റംവരുത്തികൊണ്ടായിരുന്നു സുജാത സിംഗിനെ മാറ്റി യുഎസിലെ ഇന്ത്യന്‍ അംബാസിഡറായിരുന്ന ജയശങ്കറിന്റെ നിയമനം.
നിലവില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കാനിരിക്കെ അദ്ദേഹത്തിന് കാലാവധി നീട്ടി നല്‍കാനാണ് തീരുമാനമെങ്കില്‍ രംഗങ്ങള്‍ വീണ്ടും നാടകീയമാകും. ഇതോടെ ഇറ്റലിയിലെ ഇന്ത്യന്‍ അംബാസിഡര്‍ അനില്‍ വാദ്വാ, സെക്രട്ടറി സുജാത മെഹ്ത, യുഎസിലെ ഇന്ത്യന്‍ അംബാസിഡര്‍ നവതേജ് സര്‍നാ, സാമ്പത്തികകാര്യ സെക്രട്ടറി അമര്‍ സിന്‍ഹ, നേപ്പാളിലെ ഇന്ത്യന്‍ അംബാസിഡര്‍ രഞ്ജിത്ത് റായ്, എഫ്എസ്‌ഐ ഡീനും ഐസിസിആര്‍ ഡയറക്റ്റര്‍ ജനറലുമായ അമരേന്ദ്ര കതുവാ തുടങ്ങിയ മുതിര്‍ന്ന നയതന്ത്ര പ്രതിനിധികളെല്ലാം വിദേശകാര്യ സെക്രട്ടറി പദവിയിലേക്ക് പരിഗണിക്കപ്പെടാതെ വിരമിച്ചേക്കും.
മോദി സര്‍ക്കാരിന്റെ ഭരണകാലത്തോളം എസ് ജയശങ്കര്‍ പദവിയില്‍ തുടര്‍ന്നാല്‍ ചൈനയിലെ ഇന്ത്യന്‍ അംബാസിഡറായ വിജയ് ഗോഖലെയുടെ അവസരവും നഷ്ടപ്പെടും. ജയശങ്കറിനു ശേഷം വിദേശകാര്യ സെക്രട്ടറി പദത്തിലേക്ക് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിച്ചിരുന്നത് വിജയ് ഗോഖലെയ്ക്കാണ്.

Comments

comments

Categories: Slider, Top Stories