എന്‍എസ്ജി അംഗത്വം:കരട് രൂപരേഖയായി; ഇന്ത്യയുടെ സാധ്യത വര്‍ധിച്ചു

എന്‍എസ്ജി അംഗത്വം:കരട് രൂപരേഖയായി; ഇന്ത്യയുടെ സാധ്യത വര്‍ധിച്ചു

 

വാഷിംഗ്ടണ്‍: ആണവ വിതരണ ഗ്രൂപ്പിലെ (എന്‍എസ്ജി) അംഗത്വമെന്ന ഇന്ത്യയുടെ ദീര്‍ഘകാല സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള വഴി തെളിഞ്ഞു. ഈ മാസം ആദ്യം എന്‍എസ്ജി അംഗരാജ്യങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്ത കരട് രൂപരേഖയാണ് ഇന്ത്യയ്ക്ക് പ്രതീക്ഷയേകുന്നത്.
എന്‍എസ്ജിയുടെ താത്കാലിക അധ്യക്ഷ സ്ഥാനം വഹിക്കുന്ന റാഫേല്‍ മരിയാനോ ഗ്രോസി തയാറാക്കിയതാണ് ഇന്ത്യയ്ക്കും പാകിസ്ഥാനും എന്‍എസ്ജി അംഗത്വം നല്‍കുന്നതു സംബന്ധിച്ച രണ്ട് പേജുള്ള കരട് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടില്‍ ഇന്ത്യയും പാകിസ്ഥാനും എന്‍എസ്ജി അംഗത്വം കൈവരിക്കണമെങ്കില്‍ നിര്‍വഹിക്കേണ്ട ഒന്‍പത് ഉത്തരവാദിത്വങ്ങളെക്കുറിച്ചു വിശദമാക്കുന്നുണ്ട്.
കരട് രൂപരേഖ, ഇന്ത്യയുടെ അംഗത്വം സുഗമമാക്കുന്നതാണെന്നു വാഷിംഗ്ടണ്‍ ആസ്ഥാനമായ ആയുധ നിയന്ത്രണ അസോസിയേഷന്റെ (arms control association-aca) ഭാരവാഹിയായ ഡാറില്‍ ജി. കിംബാല്‍ അഭിപ്രായപ്പെട്ടു. കരട് റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഭൂരിഭാഗവും ഈ മാസം വിയന്നയില്‍ എന്‍എസ്ജി അംഗങ്ങള്‍ അനൗദ്യോഗികമായി ചര്‍ച്ച ചെയ്യുകയും ചെയ്തു.
ഇന്ത്യ ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കാത്ത രാജ്യമായതിനാല്‍ എന്‍എസ്ജി അംഗത്വം നേടുന്നതിനെ ചൈന ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇന്ത്യയെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ഒബാമ ഭരണകൂടം ഇന്ത്യയുടെ അംഗത്വത്തിനായി ശക്തമായ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ചൈനയുടെ എതിര്‍പ്പ് ഇന്ത്യയ്ക്ക് തിരിച്ചടിയാവുകയായിരുന്നു. ദീര്‍ഘനാളത്തെ കാത്തിരിപ്പിനു ശേഷം എന്‍എസ്ജിയില്‍ വീണ്ടും ഇന്ത്യയുടെ സാധ്യതയേറിയിരിക്കുന്നു. പക്ഷേ, ഒബാമ ഭരണകൂടത്തിന്റെ കാലാവധി അവസാനിക്കുന്നതിനു മുന്‍പ് എന്‍എസ്ജിയില്‍ ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കില്ലെന്നതും ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. പുതിയ പ്രസിഡന്റ് ട്രംപാകട്ടെ, ഇന്ത്യയെ ഇക്കാര്യത്തില്‍ പിന്തുണയ്ക്കുമോ എന്നതും വ്യക്തമാക്കിയിട്ടില്ല.
48 അംഗരാഷ്ട്രങ്ങളാണ് എന്‍എസ്ജിയിലുള്ളത്. ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളില്‍ ഈ വര്‍ഷം നടന്ന എന്‍എസ്ജി യോഗത്തില്‍ ഇന്ത്യയുടെ അംഗത്വം അഭ്യര്‍ഥിച്ചു കൊണ്ടുള്ള അപേക്ഷ ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നു തള്ളിയിരുന്നു.

Comments

comments

Categories: Slider, Top Stories